What do you think?
Rate this book


232 pages, Paperback
Published March 1, 2020
അമൽ നീരദിന്റെ ബോഗയ്ൻവില്ല (2024) കണ്ടപ്പോളാണ് ആ സിനിമ ലാജോ ജോസിന്റെ റൂത്തിന്റെ ലോകമാണെന്ന് മനസ്സിലായത്. ഞാൻ ഈ പുസ്തകത്തെപ്പറ്റി വായിച്ചിരുന്നെങ്കിലും, ഒരുപാട് പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി അബദ്ധം പറ്റിയ അവസ്ഥയിലായിരുന്നതുകൊണ്ടു മാത്രം വാങ്ങാതെ വെച്ചിരുന്നതാണ്. എന്തായാലും സിനിമ കണ്ട സ്ഥിതിയ്ക്ക് പുസ്തകം കൂടെ ഒന്ന് വായിക്കാമെന്നുവെച്ചു.
റൂത്തിന്റെ ഓരോ ദിവസവും തുടങ്ങുന്നത് ‘തായ്‌വേര്’ എന്ന് പേരിട്ടിരിക്കുന്ന അവളുടെ ഡയറിയിൽ നിന്നുമാണ്. അന്നേവരെ അവളെപ്പറ്റി അവൾക്കുതന്നെ അറിയേണ്ടതായിട്ടുള്ളതെല്ലാം കുറിച്ചുവെച്ചിട്ടുള്ള അവളുടെ ഡയറി. ആ ഡയറി പ്രകാരം 2006 ൽ നടന്നൊരു കാറപകടത്തിൽ തലയ്‌ക്കേറ്റ പരിക്കുമൂലം അതുവരെയുള്ള അവളുടെ ഭൂതകാലം മുഴുവൻ അവൾ മറന്നുപോയിരിക്കുന്നു. റെട്രോഗ്രേഡ് അംനീഷ്യ എന്നാണ് റൂത്തിന്റെ അസുഖത്തിന് പറയുന്നത്. സ്വബോധത്തിലിരിക്കെ, ഇടയ്ക്കിടെ ഓർമ്മകളുടെ ചെറിയ തുരുത്തുകളിലേയ്ക്കും മറവിയുടെ കയങ്ങളിലേയ്ക്കും മാറിമാറി ഊളിയിടുന്ന റൂത്ത്. ഭർത്താവ് റൊണാൾഡ് തോമസ് എന്ന ഡോക്ടറും, അവരുടെ കുട്ടികളായ റയാനും എമ്മയും ചേർന്നതാണ് അവളുടെ ലോകം. വീട്ടിൽ സഹായത്തിനായി നിൽക്കുന്ന അശ്വിനി എന്ന പെൺകുട്ടിയും അവളുടെ അച്ഛൻ, ടാക്സി ഡ്രൈവർ ഭാസ്കരൻ ചേട്ടനും ആണ് റൂത്ത് കൂടുതലായി ഇടപഴകുന്ന മറ്റു രണ്ടു പേർ. ഒരുദിവസം ടിവിയിൽ ന്യൂസ് ചാനൽ കാണുന്ന സമയത്ത് കണ്ട ഛായാ ഹെഗ്‌ഡെ എന്ന പെൺകുട്ടിയുടെ തിരോധാനവാർത്ത സ്നേഹസമ്പന്നനായ ഭർത്താവും മക്കളുമടങ്ങുന്ന റൂത്തിന്റെ സ്വർഗ്ഗത്തെ അലോസരപ്പെടുത്തുവാൻ പോന്ന സംഭവപരമ്പരകളുടെ തുടക്കം മാത്രമായിരുന്നു. തുടർന്ന് മനസ്സിൽ ആകാംക്ഷ നിറയ്ക്കുന്ന, ഉദ്ദ്വേഗം നിറഞ്ഞ കഥയുമായി, റൂത്തിനോടൊപ്പമുള്ള യാത്രയാണ്. ഇതിൽക്കൂടുതലൊന്നും ഇവിടെ പറയുവാൻ സാധ്യമല്ല, പറഞ്ഞാൽ അത് സ്പോയിലർ ആവുമെന്നതിനാൽ.
മലയാളത്തിൽ ഒരുപക്ഷെ സൈക്കോളജിക്കൽ ത്രില്ലർ ക്രൈം ഫിക്ഷൻ ജോണറിൽ ഇത്തരത്തിലുള്ളൊരു നോവൽ വിരളമായിരിക്കും. പുസ്തകവും സിനിമയും തമ്മിൽ കഥയിൽ വലിയ വ്യത്യാസം ഇല്ലെങ്കിലും കഥാപാത്രങ്ങൾക്ക് വ്യത്യാസമുണ്ടെന്ന് കണ്ടു. എങ്കിലും വായന നല്ലതായിരുന്നു. ലാജോ ജോസ് എന്ന എഴുത്തുകാരനെ ആദ്യമായി അറിഞ്ഞ പുസ്തകം. ഇനിയും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാൻ തോന്നിച്ച റൂത്തിന്റെ ലോകം.