പുസ്തകം: ആതി
രചന: സാറാ ജോസഫ്
പ്രസാധനം: കറന്റ് ബുക്സ് തൃശൂർ
പേജ് :301,വില :300
സാറാ ജോസഫിന്റെ നോവൽ ആദ്യമായാണ് വായിക്കുന്നത്. ഗവൺമെന്റ് കോളേജ് അദ്ധ്യാപികയായി വിരമിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയും, കൂടാതെ കേരള സാഹിത്യ അക്കാദമി മെമ്പർ ആയിരുന്നു. ആലാഹയുടെ പെൺമക്കൾ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും, നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ്, ഊര് കാവൽ എന്നിവയാണ് പ്രധാന നോവലുകൾ.
ആതി എന്ന വെള്ളത്തോട് ചുറ്റു കിടക്കുന്ന പ്രദേശം, ഗ്രന്ഥകാരിയുടെ ഭാവനയിൽ വിരിഞ്ഞ ഒരു സാങ്കൽപ്പിക ലോകമാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യ ജീവിതവും, ആ ജീവിതത്തെ നഗരവൽക്കരിക്കാനുള്ള ചിലരുടെ ശ്രമങ്ങളും, അതോടൊപ്പം മാലിന്യക്കൂമ്പാരം നിറയുന്ന പ്രകൃതിയും ഒരു നോവലിന്റെ ഭാഷയിൽ പറയുന്നു.പ്രകൃതിജലം, എത്രമാത്രം അമൂല്യം ആണെന്ന് വായനയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
ആദിയിലെ ജനങ്ങളുടെത് ജലജീവിതമാണ്. അന്നന്നത്തെ ആഹാരം മാത്രമേ അവർ ശേഖരിക്കാറുണ്ട്. ബാക്കിയുള്ളത് വരും തലമുറക്ക് വേണ്ടി മാറ്റിവെക്കുന്നു, പ്രകൃതിയെ സംരക്ഷിക്കുന്നു. ആതിയിലെ ജനങ്ങൾക്ക് വേണ്ടി സായാഹ്നകഥ വേദികൾ ഇടവേളകളിൽ നടക്കാറുണ്ട്, അവരുടെ ജീവിതത്തോട് ഒത്തുചേർന്ന് പോകുന്ന കഥകളാണ് സായാഹ്ന വേദികളിൽ പറയാറുള്ളത്. ആതിയിലേക്ക് ഒരു സായാഹ്നത്തിൽ വന്നുചേർന്ന ഗീതാഞ്ജലിയും അവരുടെ മകൾ കായലും,ഗുരുവിന്റെ ഉപദേശപ്രകാരം നഗര ജീവിതത്തിന്റെ കാപട്യത്തിൽ നിന്നും ജലനന്മയിലേക്ക് കുടിയേറിയവരാണ്.
ആതിയിൽ നിന്ന് നാടുവിട്ടുപോയ കുമാരൻ, തിരിച്ചുവന്നു ആദിയിലെ ജനങ്ങളുടെയും, സ്ഥലത്തിന്റെയും മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ആതിയിലുള്ള യുവാക്കളെയും അയാൾ ഗ്രാമവികസനത്തിന്റെ കാര്യം പറഞ്ഞു തന്റെ കൂടെ കൂട്ടുന്നു.കുമാരന്റെ മാതാപിതാക്കൾ, കുമാരന് വിവാഹം നിശ്ചയിച്ച വെച്ച കുന്നിമാതുവിനു അവരുടെ പേരിലുള്ള ആതിയിലെ സ്ഥലം എഴുതി കൊടുത്തിരുന്നു. കുഞ്ഞുമാതുവിൽ നിന്നും സ്ഥലം കൈക്കലാക്കാൻ കുമാരൻ ശ്രമിക്കുന്നു. ആതിയിൽ പാലം പണി തുടങ്ങിയതോടുകൂടി ആദിയിലെ ജലം നശിക്കാൻ തുടങ്ങി, എൻഡോസൾഫാൻ കലക്കി ചെമ്മീൻ കൃഷിയിടങ്ങളും, നെല്ല് കൃഷിയിടങ്ങളും നശിപ്പിച്ചു. ആതിയിലെ പുഴയിലെ മത്സ്യങ്ങൾ ചത്തുപൊങ്ങി. കൊക്കുകളും, തവളകൾ എല്ലാം നശിച്ചു. പ്രകൃതിയുടെ സന്തുലനാവസ്ഥ മുഴുവൻ തകരാറിലായി.ആതിയിലെ ജനങ്ങൾ ജീവിച്ചു പോകാൻ വേണ്ടി കുമാരന്റെ മണ്ണ് ഇടങ്ങളിൽ പണിക്കു പോകാൻ തുടങ്ങി.വെള്ളക്കെട്ട് തടഞ്ഞുവെച്ചത് മൂലം കൃഷി നശിക്കാൻ തുടങ്ങിയതോടുകൂടി, ജനജീവിതം സ്തംഭിച്ചു.ഡാമിന്റെ പണി തുടങ്ങിയതോടുകൂടി, ആതിയിലെ വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. കുമാരൻ നഗരത്തിലെ മാലിന്യം ആതിയിൽ തള്ളിയത് വഴി, ആതിയിൽ ടൈഫോയ്ഡ് പരന്ന് 19 കുട്ടികൾ മരണമടയുന്നു. ദിനാകരനും, മാർക്കോസും, ഷൈലജയും, പൊൻമണിയും കുഞ്ഞിമാതുവും, അഡ്വ ഗ്രേസും ആതിയുടെ നിലനിൽപ്പിന് വേണ്ടി പോരാടുന്നു.
ആദിയിലെ യുവാക്കൾ, കുമാരന്റെ 'നഗരത്തിലേക്ക് ചേക്കേറു' വാക്കുകളിൽ മയങ്ങി, അവർക്ക് പരമ്പരാഗതമായി കിട്ടിയ ആതിയിലെ സ്വന്തം സ്ഥലങ്ങൾ അയാൾക്ക് വിൽക്കുന്നു. നഗരത്തിലെ ഫ്ളാറ്റുകളിൽ താമസിച്ചു, പണിയെടുക്കാതെ, ബാങ്കിൽ നിന്ന് കിട്ടുന്ന പലിശ കൊണ്ട് ജീവിക്കാമെന്ന കുമാരന്റെ പ്രലോഭനത്തിൽ മഴങ്ങിയാണ് അവർ അങ്ങനെ ചെയ്തത്. ആദ്യമായി ഫ്ലാറ്റിലേക്ക് കുടിയേറിയ ഉണ്ണിയുടെ കുടുംബം അടുത്ത ദിവസങ്ങളിൽ തന്നെ ആതിയിലേക്ക് മടങ്ങിയെത്തി. ആതിയിലെ സ്ത്രീകൾ ഒന്നായി വീണ്ടും കൃഷി ഇറക്കുകയാണ്, ആർക്കും അവരെ ആതിയിൽ നിന്ന് പിടിച്ചു ഇറക്കാൻ സാധിക്കില്ല എന്ന് അവർ ഉറച്ചു വിശ്വസിച്ചു. അഡ്വക്കേറ്റ് ഗ്രേസ്ന്റെയും, ദിവാകരൻന്റെയും കൂട്ടായ ശ്രമത്തിന് ഫലമായി ആതി അവിടുത്തെ ജനങ്ങൾക്ക് തിരിച്ചുകിട്ടുന്നു, പക്ഷേ അതോടൊപ്പം ദിവാകരന്റെ ജീവനും പൊലിയുന്നു.
നോവൽ വായിച്ചപ്പോൾ ആദിവാസി ഭൂമി കയ്യേറ്റത്തെ കുറിച്ചാണ് മനസ്സിൽ ഓർമ്മ വന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരുടെ ജീവിതം കുടിയേറ്റം മൂലം എന്തുമാത്രം നശിക്കുന്നു എന്ന് നോവൽ വായിച്ചപ്പോൾ മനസ്സിലായി.