"പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും."
"എനിക്ക് സ്‌നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട് പ്രേകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാനറിയുമോ...?"
എൻറെ പ്രിയ എഴുത്തുകാരിയുടെ പുസ്തകം എന്തോ ഒരുപാട് സമയമെടുത്താണ് ഞാൻ വായിച്ചുതീർത്തത്. മാസങ്ങളായി കൽക്കത്തയിലും നാലപ്പാട്ടും ചുറ്റിതിരിഞ്ഞ് ഇന്ന് അവസാന താളും വായിച്ചു കഴിഞ്ഞിരിക്കുന്നു. വീണ്ടും ഒരു യാത്ര തിരികെ ഓരോ കഥാപാത്രങ്ങളോടും ഒപ്പം , അത് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വികാരങ്ങളും ഒരു പുസ്തകത്തിൽ നിന്നും ഓരോ കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോൾ എനിക്ക് കിട്ടിയിരുന്നു. സങ്കടം നിസ്സഹായത ആശ വെറുപ്പ് ദേഷ്യം ഭയം ആശങ്ക സന്തോഷം, അങ്ങനെ. പാറുക്കുട്ടിയും കുഞ്ഞാത്തവും എന്നെ ഒരുപാട് ചിരിപ്പിച്ചു. ആമിയുടെ ഒരുപാട് ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി. പഴയകാലത്തെ രീതികളും മനുഷ്യരുടെ ചിന്തകളും പഴമയുടെ ഭംഗിയും സുഗന്ധവും ഇന്നിലേക്കും കാത്തുവെച്ചതിന് എൻറെ പ്രിയപ്പെട്ട ആമിക്ക് നന്ദി
ലോകത്ത് മാഹായുദ്ധങ്ങളും സ്വാതന്ത്ര്യസമരങ്ങളും അരങ്ങേറുമ്പോഴും ആമിയുടെ നാലപ്പാട് തറവാടിനു മാത്രം യാതൊരു മാറ്റവും ഉണ്ടായില്ല. കൽക്കട്ടയിൽ നിന്നും വിശ്രമിക്കാനുള്ള തുരുത്താണ് ആ തറവാട്. വിശേഷങ്ങൾ പറഞ്ഞു തീർക്കാൻ ഒരേയൊരാൾ, തന്റെ അമ്മമ്മ. കൽക്കട്ടയിൽ തന്റെ ലോകം അടുക്കളപ്പുറത്താണ്. അവിടെ ആമിക്ക് കൂട്ടായി പാറുക്കുട്ടിയും കുഞ്ഞാത്തുവും നാരായണൻ നായരും തൃപുരയും. അവരുടെ ഇടയിലേക്ക് അതിഥികളായി എത്തുന്ന നിരവധി കഥാപാത്രങ്ങൾ കൊണ്ട് സജീവമാണ് നീർമാതളം പൂത്ത കാലം. 3/5***