ഒരുപാട് ചിന്തിപ്പിക്കുന്ന കഥകൾ. ഓരോന്നും ഒരു പ്രത്യേക ശൈലിയിൽ വിവിധ സാമൂഹിക പ്രശ്നങ്ങളെ വിവരിക്കുന്നവയാണ്. പല ചോദ്യങ്ങളും നമ്മുടെ മനസ്സിൽ രൂപപ്പെടാം. ചിലതിനു ഉത്തരം കിട്ടാതെ നമ്മൾ അസ്വസ്ഥരായേക്കാം, ചിലതിനു ഉത്തരം കിട്ടിയിട്ടും! ഓരോ കഥയും വ്യത്യസ്തമായ ഒരു അനുഭവമാണ് തരുന്നത്. അനുബന്ധത്തിൽ പറയുന്നതുപോലെ, മുന്മാതൃകകൾ ഇല്ലാത്ത, മുൻപ് കേൾക്കാത്ത ശൈലിയിൽ ഉള്ള കഥകൾ. ഓരോ കഥകൾ വായിച്ചു കഴിയുമ്പോഴും അതേക്കുറിച്ചു നമ്മുക്ക് ഒരുപാടു ചിന്തിക്കാനുണ്ടാകും. കഥാകൃത്ത് ഉദ്ദേശിച്ചതാണോ നമ്മുടെ നിഗമനവും? ആ നിഗമനം ശെരിയോ അതോ തെറ്റോ? തെറ്റാണെങ്കിൽ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ട് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു? ഈ വരികൾക്കിടയിൽ വേറെ എന്തെങ്കിലും അർഥം ഒളിച്ചിരുപ്പുണ്ടോ? ഇത് വെറുതെ വായിച്ചു പോകാനുള്ള കഥകൾ അല്ല. പച്ചയായ മനുഷ്യന്റെ ചിന്തകളും, പ്രവൃത്തികളും, പ്രശ്നങ്ങളും, ജീവിതവും എടുത്തുപറയുന്നു കഥകൾ!
ലീല:- കഥ ലീലയുടേതാണെങ്കിലും, അസാധാരണമായ സ്വഭാവങ്ങളുള്ള കുട്ടിയപ്പൻ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു തെറ്റും ചെയ്യാത്ത ലീലയുടെ മരണം ഒരുപക്ഷെ ചിലരുടെ കാഴ്ചപ്പാടിൽ, അവൾക്കു ആ ജീവിതത്തിൽ നിന്നുള്ള മോചനമായിരിക്കാം.
ബാദുഷ എന്ന കാൽനടക്കാരൻ:- ഒരുപാടു നടക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. അദ്ദേഹത്തിന്റെ പേരും വേഷവും മാത്രം കാരണമാക്കികൊണ്ടു അറസ്റ്റ് ചെയ്യപ്പെട്ട ഒരു സാധാരണക്കാരൻ.
മൂന്നു യാത്രക്കാർ:- മരിയയെ തേടി ഈശോ ആ തീവണ്ടിയിൽ ഉണ്ടായിരുന്നു.
ഒത്തിരിനേരമായോ എന്ന മരിയയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടി, ആ അമ്മയുടെ അടക്കാനാവാത്ത നെഞ്ചിടിപ്പായിരുന്നു.
ഒഴിവുദിവസത്തെ കളി:- സ്വീകാര്യതയാണ് ഒരു പക്ഷെ ഒരു മാറ്റത്തിനുള്ള ആദ്യപടി. അത് തൊഴിൽ ആവാം. അല്ലെങ്കിൽ ജാതിയോ, ഭാഷയോ എന്തുമാവാം. വ്യതാസങ്ങൾ ഒരുമയോടെ സ്വീകരിക്കാൻ കഴിഞ്ഞാൽ അവിടെ വിജയം ഉണ്ടാവും, എല്ലാവർക്കും.
പ്രാണിലോകം:- ആ വീട് അവരുടേതുംകൂടിയല്ലേ?
സഹയാത്ര:- "ചിരിക്കാതിരുന്നാൽ ഭയങ്കര വൃത്തികേടായിരിക്കും. -ചിരിക്കാൻ കഴിയുന്ന സമയത്തു ഞങ്ങൾ വരാം!"
അത്:- ഉപേക്ഷിക്കാൻ ആർക്കും കഴിയും. അത് മൃഗത്തെയാണെങ്കിലും മനുഷ്യനെ ആണെങ്കിലും. ഒന്ന് ചേർത്തുപിടിക്കാൻ, ആശ്വസിപ്പിക്കാൻ, അംഗീകരിക്കാൻ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ, എന്ന് ജീവിക്കുന്ന ഓരോ നിമിഷവും ചിലർ ആഗ്രഹിക്കുന്നുണ്ടാവും.
ഇനിയും കുറെ കഥകൾ!