'അങ്ങനെ ആശിച്ചാശിച്ച് കളളന് നോട്ടം കൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്മ്മസങ്കടം. വിഷയതല്പരനായ ഒരു തസ്കരന് ഇവ്വിധമൊരു നില കൈവന്നാലുണ്ടാകാവുന്ന സ്വാഭാവിക വിചാരങ്ങള് കളളനേയും ആവേശിച്ചു. ഗാന്ധിനാമമുളള മൂന്നാം തെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുളള പെണ്കുട്ടിയുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനില മന്ദിരത്തിന്റെ മുകള് മുറിയിലേക്ക് അവന്റെ വിചാരങ്ങള് ഡ്രെയിനേജ് പൈപ്പിന്റെ ലംബാവസ്ഥയിലൂടെ അളളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങള്ക്ക് നേര്വാതിലിലൂടെത്തന്നെ അകമണയാം. സൂക്ഷ്മമായ ഒരു നോട്ടത്താല് അവന്റെ മുമ്പില് വാതായനങ്ങള് പൂട്ടുതുറന്ന് നിവര്ന്നു കിടക്കുമല്ലോ.' ഡി സി ബുക്സ് രജതജൂബിലി നോവല് മത്സരത്തില് പുരസ്കാരാര്ഹമായ പുറപ്പാടിന്റെ പുസ്തകം എഴുതിയ വി.ജെ. ജെയിംസിന്റെ രണ്ടാമത്തെ നോവല്.
V. J. James was born in Changanassery, Kottayam, Kerala, India. He attended St.Theresa's Higher Secondary School, Vazhappally and St. Mary's Higher Secondary School, Champakulam, before studying at St. Berchmans College, Changanacherry. He has a degree in Mechanical Engineering from Mar Athanasius College of Engineering. He currently works for Vikram Sarabhai Space Centre, Thiruvananthapuram, as an engineer. He is known for his unique style of presenting subjects in Malayalam literature world. His first book, Purapaadinte Pusthakam (പുറപ്പാടിന്റെ പുസ്തകം), was published by DC Books as the winning novel in the novel competition which was conducted as a part of the 25th anniversary celebration of DC Books in 1999. Malayalam film Munthirivallikal Thalirkkumbol (English: When the Grapevines Sprout) loosely based on the short story Pranayopanishath by V. J. James. His style of narration gained much attention and praise.
Awards DC Silver Jubilee Award, Malayattoor Prize (1999),Rotary Literary Award for Purappadinte Pusthakam Thoppil Ravi Award, Kerala Bhasha Institute Basheer Award (2015) for Nireeshwaran
Short story collections Shavangalil Pathinaraman (ശവങ്ങളിൽ പതിനാറാമൻ) Bhoomiyilekkulla thurumbicha Vathayanangal (ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ) Vyakulamathavinte Kannadikkoodu (വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്) Pranayopanishath (പ്രണയോപനിഷത്ത്)
Munthirivallikal Thalirkkumbol is a Malayalam family drama film directed by Jibu Jacob, written by Sindhu Raj and produced by Sophia Paul, the film stars Mohanlal and Meena, loosely based on the Malayalam short story Pranayopanishath (പ്രണയോപനിഷത്ത്) by V. J. James
ഒരിടത്ത് ചെറിയ കളവുകൾ നടത്തുന്ന ഒരു കള്ളനുണ്ടായിരുന്നു. അവനു കുടുംബമായി ഒരു കള്ളിയും രണ്ടു കൊച്ചു കള്ളന്മാരും.. ആ കള്ളൻ മോഷണത്തിനിടെ കണ്ടുമുട്ടുന്ന ഞാനിയായ പ്രൊഫസറും ആ ബന്ധം വഴി അവനു കൈവന്ന സിദ്ധിയും... ആ സിദ്ധിയുടെ ഗുണദോഷ വശങ്ങളിലൂടെയുള്ള അവന്ടെ പ്രയാണവുമാണ് ഈ നോവലിന്റെ പ്രതിപാദനം. പുറമെ ഒരു ലളിതമായ കൃതി എന്ന് പറയാമെങ്കിലും ഇതിൽ നടത്തിയിരിക്കുന്ന പല നിരീക്ഷണങ്ങളും കാലിക പ്രസക്തിയുള്ളതും മനുഷ്യന്റെ സ്വഭാവ സവിശേഷതകളിലേക്കുള്ള ചൂണ്ടുപലകയുമാണ്.
ചോരശാസ്ത്രം എന്നൊക്കെ പേര് കേൾക്കുമ്പോൾ രക്തം ആണെന്നായിരിക്കും നമ്മൾ തെറ്റിദ്ധരിക്കുക. ചോരശാസ്ത്രം രക്തത്തെ പറ്റിയുള്ള കഥയല്ല. ചോരൻ എന്നാൽ കള്ളൻ എന്നാണ് അർത്ഥം. ഇത് ഒരു കള്ളന്റെ കഥയാണ്. ഭഗവാൻ സുബ്രഹ്മണ്യന്റെ കള്ളത്തരങ്ങളെ പറ്റി ആയിരുന്നു കഥയുടെ ആദ്യം പറയുന്നത്. ഇത് വായനക്കാരിൽ ആശ്ചര്യം ജനിപ്പിക്കുന്നു.
ഒരു പ്രൊഫസറുടെ കയ്യിൽ കഥാനായകനായ കള്ളൻ എത്തിപ്പെടുന്നു. അദ്ദേഹം അവനെ ചോരശാസ്ത്രം അഭ്യസിപ്പിക്കുന്നു. നോട്ടം കൊണ്ട് പോലും പൂട്ട് തുറക്കാൻ കഴിയുന്ന അത്ഭുത വിദ്യ. കള്ളന്റെ മോഷണവും ജീവിതവും ഒക്കെ വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും അതിലെല്ലാം ഒരുപാട് അർഥതലങ്ങളുണ്ട്. കഥയുടെ അവസാനം ജീവിതം എന്താണെന്നും മനുഷ്യർ എങ്ങനെയുള്ളവരാണ് എന്നുള്ള പച്ചയായ വെളിപ്പെടുത്തലുകൾ അടങ്ങിയിട്ടുണ്ട്. വായിക്കാൻ നല്ല രസവും ഇമ്പവുമുള്ള ഒരു പുസ്തകമാണിത്. എഴുത്തിന്റെ ഹാസ്യവശമാണ് കൂടുതൽ മുഴച്ച് നിൽക്കുന്നത്.
"ഹേ ചോര ശാസ്ത്ര അധിദേവതയേ, മോഷണ പാതയിൽ കുടിയിരുന്ന് വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനെ, ഇരുളിൽ ഒളിയായ് വഴി നടത്തുവോനേ, നിൻപാദയുഗ്മം സ്മരിച്ച്, നാമമുച്ചരിച്ച് ഇതാ കള്ളനിവൻ കളവിനു തിരിക്കുന്നു"
വ്യത്യസ്തമായ വിഷയങ്ങൾ എഴുതി എന്നെ ഏറെ അത്ഭുതപെടുത്തുന്ന എഴുത്തുകാരനാണ് വി ജെ ജെയിംസ്. അദ്ദേഹത്തിന്റെ ഓരോ പുസ്തകങ്ങളും തികച്ചും വേറിട്ട വായനാനുഭവമാണ് എനിക്ക് നൽകിയിട്ടുള്ളത്. ഇതാ അങ്ങനെ ഞാൻ വായിച്ച അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം കൂടി. ചോരശാസ്ത്രം..
ഇത് ഒരു കള്ളന്റെ കഥയാണ്. ഒരിക്കൽ നമ്മുടെ കഥാനായകനായ ഈ കള്ളൻ മഹാ പണ്ഡിതനായ ഒരു പ്രൊഫസറുടെ പക്കൽ വളരെ അവിചാരിതമായി എത്തിപ്പെടുന്നു. ലക്ഷണമൊത്ത ഒരു കള്ളനെന്നു കണ്ടപ്പോൾ പ്രൊഫസർ അവനെ ചോര ശാസ്ത്രം അഭ്യസിപ്പിക്കുന്നു. അങ്ങനെ നിസാരമായ കളവുകൾ ചെയ്തു ജീവിച്ചിരുന്ന ആ സാധാരണ കള്ളൻ തന്റെ ഒരു നോട്ടം കൊണ്ട് പോലും പൂട്ടു പൊളിക്കുന്ന ഒരു അസാധാരണ കള്ളനായി മാറുന്നു.
പിന്നീടുള്ള അവന്റെ യാത്രകൾ.. അവൻ നേടിയ നേട്ടങ്ങൾ.. അവൻ നടത്തിയ പ്രതികാരങ്ങൾ.. ഒടുവിൽ അവൻ നേരിടുന്ന പ്രതിസന്ധികൾ.. ഇവയെല്ലാം അനേകം അർത്ഥ തലങ്ങളിലൂടെ വിവരിച്ചിട്ടുണ്ട് എഴുത്തുകാരൻ.
രസകരമായ വായനയായിരുന്നു.. മുഷിച്ചിലേതുമില്ലാതെ ഒരു ഒഴുക്കിൽ നമുക്കങ്ങനെ വായിച്ചു തീർക്കാം..
വായനയുടെ അദ്ധ്വാനമറിയാതെ വായിച്ചു തീർക്കുകയും, ശേഷം ഒരു വിസ്ഫോടനം ഉണ്ടാക്കി അവസാനിക്കുകയും ചെയ്യുന്ന ചോരശാസ്ത്രം വെച്ചുനീട്ടുന്നത് അതിമനോഹരമായ ഉന്നതമായ അറിവാണ്. അടുത്തിടെ വായിച്ചതിൽ മികച്ച ഒരു രചന.
തസ്കരന്റെ കുടുംബം പാരമ്പര്യമായി കള്ളന്മാരാണ്. അയാൾക്ക് ഭാര്യയും രണ്ടു കുട്ടികളും ആണ് ഉള്ളത്. അവരും ചെറുതായ രീതിയിൽ മോഷണ വേലയിൽ ഏർപ്പെടുന്നു. കള്ളന്റെ മൂത്തകുട്ടി നിഷ്കളങ്കൻ ആയിരുന്നെങ്കിൽ ഇളയവൻ തസ്കരന്റെ പാത തന്നെയാണ് പിന്തുടർന്നത്.
ഒരിക്കൽ തസ്കരൻ ഒരു ചരിത്രന്വേഷിയായ പ്രൊഫസർന്റെ വീട്ടിൽ മോഷണത്തിനു ചെല്ലുന്നു. പ്രൊഫസർ അയാളെ കൈയ്യോടെ പിടിക്കുന്നു.. തുടർന്ന് അയാൾക്ക് മോഷണ ശാസ്ത്രം പഠിപ്പിച്ചു കൊടുക്കുന്നു. വെറ്റിലയും ദക്ഷിണയും വെച്ച് അയാൾ ചോരശാസ്ത്രം പഠിക്കുന്നു.അങ്ങനെ നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന വിദ്യ അയാൾ സ്വായത്തമാക്കുന്നു.
തസ്കരൻ ഒരിക്കൽ മോഷണത്തിനായി വിധവയായ സോഫിയ മരിയയുടെ വീട്ടിൽ ചെല്ലുന്നു, അതൊരു വഴിവിട്ട ബന്ധത്തിൽ ചെന്നെത്തിക്കുന്നു. പിന്നീട് പലപ്പോഴും അയാൾ ആ വീട് സന്ദർശിച്ചു, അത് അവസാനിച്ചത് മറ്റൊരു കള്ളനായ രയിരു അവിടുത്തെ സന്ദർശകൻ ആയതിൽ പിന്നെയാണ്.
ഒരിക്കൽ മോഷണ ശ്രമത്തിനിടയിൽ പൈപ്പിൽ നിന്ന് വീണ് കള്ളന്റെ കൈ ഒടിയുന്നു. പ്രൊഫസർ അയാളെ പരിചയമുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നു. ആ ഡോക്ടർ തന്റെ പരീക്ഷണത്തിലൂടെ അയാളെ ഭേദമാക്കുന്നു, മാത്രമല്ല തന്റെ പരീക്ഷണത്തിന് നിന്ന് കൊടുത്തതിന് അയാൾക്ക് പൈസയും കൊടുക്കുന്നു. പിന്നീടൊരിക്കൽ രാത്രി നേർച്ചപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു കൊച്ചു പയ്യനെ കള്ളൻ കയ്യോടെ പിടിക്കുന്നു, അവന്റെ വീട്ടിലെ സ്ഥിതി മനസ്സിലായപ്പോൾ തന്റെ തൊഴിലിൽ കൂട്ടായി അവനെയും കൂട്ടുന്നു. കാശ് കൂടുന്നതിനനുസരിച്ച് തസ്കരന്റെ ജീവിതത്തിലും വേഷവിധാനത്തിലും താമസത്തിലും മാറ്റം വരുന്നു.
ധനം കുന്നു കൂടുന്നതിന് അനുസരിച്ച് തസ്കരന്റെ സ്വസ്ഥതയും ഉറക്കവും നഷ്ടപ്പെട്ടു. കള്ളൻന്റെ നിലവറയിൽ നിന്ന് ധനം മുഴുവൻ സഹായിയായ പയ്യൻ മോഷ്ടിച്ച കൊണ്ടുപോകുന്നു. തന്റെ ഗുരു ചോരശാസ്ത്രം ആ പയ്യന് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് തസ്കരൻ സംശയിക്കുന്നു. ഈ ലോകത്തുള്ള എല്ലാ ധനവും നിനക്ക് സ്വന്തമാണെന്നും അത് നിലവറയിൽ സൂക്ഷിക്കുമ്പോൾ ആണ് അത് ഉപയോഗശൂന്യമാകുന്നത് എന്നും പ്രൊഫസർ കള്ളനോട് പറഞ്ഞു. ധനം ഒരാളുടെ കയ്യിൽ തന്നെ നിൽക്കില്ല എന്നും, അത് മാറി മാറി പുതിയ വ്യക്തികളിലേക്ക് സഞ്ചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ആത്മീയ തത്വം ശിഷ്യനോട് പറഞ്ഞതിനുശേഷം പ്രൊഫസർ പൂർണ്ണ നിദ്ര പ്രാപിച്ചു.
വ്യത്യസ്തമായ ഒരു രചനയാണിത്. ഒരു തസ്കരന്റെ മനോവ്യാപാരങ്ങൾ വായനക്കാരിൽ എത്തിക്കാൻ തന്റെ കഴിവിന്റെ പരമാവധി എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്.
🐾"ഹേ ചോരശാസ്ത്ര അധിദേവതയേ, മോഷണപാതയിൽ കുടിയിരുന്ന് വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനേ, ഇരുളിൽ ഒളിയായ് വഴിനടത്തുവോനേ, നിൻപാദയുഗ്മം സ്മരിച്ച്, നാമമുച്ചരിച്ച്, ഇതാ കള്ളനിവൻ കളവിനു പുറപ്പെടുന്നു". മോഷണത്തിന് ഒരു ശാസ്ത്രമുണ്ടെന്നതും അതിനൊരു അധിദേവതയുണ്ടെന്നതും അത് സാക്ഷാൽ സുബ്രഹ്മണ്യൻ ആണെന്നതും ഈ നോവൽ വായിക്കുന്ന ഓരോരുത്തർക്കും പുതുമയുള്ളൊരു അറിവാണ്. ഈ പുസ്തകത്തിൻ്റെ പേരും ഇതിനെക്കുറിച്ചുള്ള ചില നിരൂപണങ്ങളുമാണ് എന്നെ ഈ പുസ്തകം വായിക്കാൻ പ്രേരിപ്പിച്ചത്. പേരുപോലെ തന്നെ വളരെ വ്യത്യസ്തമായൊരു കഥയും ആഖ്യാനവുമാണ് ഈ നോവലിൻ്റെ പ്രത്യേകത. . 🐾ചെറിയ കളവുകൾ ഒക്കെ നടത്തി ജീവിച്ചുവന്നിരുന്ന കള്ളൻ വ്യത്യസ്തനും വിജ്ഞാനകുതുകിയുമായ ഒരു പ്രൊഫസറുടെ കെണിയിലകപ്പെടുന്നതും ചോരശാസ്ത്രം പഠിച്ച് അത് അനുയോജ്യനായ ഒരു മോഷ്ടാവിനെ പഠിപ്പിക്കാനുമായി കള്ളനെ പിടിക്കാൻ കെണിയൊരുക്കി കാത്തിരുന്ന പ്രൊഫസർ ആ കള്ളനെ ചോരശാസ്ത്രം പഠിപ്പിക്കുന്നതും, ചോരശാസ്ത്രം പഠിച്ച് നോട്ടം കൊണ്ടുപോലും പൂട്ടുകൾ തുറക്കാനുള്ള വിദ്യ കൈവരിച്ച കള്ളൻ്റെ തുടർന്നുള്ള ജീവിതവുമാണ് നോവലിൻ്റെ ഇതിവൃത്തം. മറ്റുള്ള ആളുകളിൽ നിന്നെല്ലാം അകന്ന് പല ചരിത്രഗ്രന്ഥങ്ങളും പുരാതനഗ്രന്ഥങ്ങളും വായിച്ച് അറിവ് നേടാറുള്ളയാളാണ് പ്രഫസർ. . 🐾 ചോരശാസ്ത്രം പഠിക്കുന്ന കള്ളൻ പിന്നീടങ്ങോട്ട് പല പൂട്ടുകളും നിഷ്പ്രയാസം തുറക്കുകയും കൂടുതൽ കളവ് നടത്തി ലക്ഷപ്രഭു ആവുകയും ചെയ്യുന്നു. മോഷ്ടിച്ച് സമ്പാദിച്ചുകൂട്ടിയ നിധി സംരക്ഷിക്കാനായി ശ്രമിച്ച് അവസാനം അത് മറ്റൊരു കള്ളൻ അപഹരിക്കുകയും ഈ ലോകത്ത് ഒന്നും തന്നെ ഒരിക്കലും ഒരു വ്യക്തിക്ക് മാത്രമായി സ്വന്തമായിരിക്കില്ലെന്നുള്ള സത്യം തിരിച്ചറിയുകയും ചെയ്യുന്നു. എല്ലാത്തിനും സാക്ഷിയായി, മൂന്നാമനായി ദ്രാവിഡരാജനുമുണ്ട് വി.ജെ.ജെയിംസിൻ്റേതായി ഞാൻ ആദ്യമായി വായിക്കുന്ന പുസ്തകമാണ് "ചോരശാസ്ത്രം".
മികച്ചകലാസൃഷ്ടി, ലളിതമായ ആവിഷ്കാരം. എന്താണ് സമ്പത്തെന്നു മൂന്ന് കഥാപാത്രങ്ങളിലൂടെ പറയാതെ പറഞ്ഞു എഴുത്തുകാരൻ. മോഷണവിദ്യയിലൂടെ സമ്പന്നനായ കള്ളൻ, വിദ്യാസമ്പാദനം ജീവിതമാക്കിയ പ്രൊഫസ്സർ, കുടുംബം നഷ്ടപ്പെട്ട പിശുക്കനായ മുതലാളി ഇവരിലൂടെ എഴുത്തുകാരൻ ജീവിതത്തെ വരച്ചിടുന്നു.
നന്മയും തിമയുമൊക്കെ ആപേക്ഷികമായ ഈ ലോകത്തു ആപത്തുകാലത്തേയ്ക്കുവേണ്ടി അധ്വാനിച്ചും, ചൂഷണം ചെയ്തും, അധ്വാനിക്കാതെയുമൊക്കെയും സമ്പത്തു ശേഖരിക്കുന്ന എല്ലാരുടേയുമുള്ളിൽ ഒരു കള്ളനുണ്ട് സത്യമല്ലേ? ഇവിടെ ഞാനും നീയുമൊക്കെ മാന്യരായ കള്ളന്മാരാണ് അപ്പോൾ നമ്മളെ പോലെയല്ലാതെ മോഷണം തന്നെ തൊഴിലാക്കിയ ഒരു സാധാരണ കള്ളന്റെ ജീവിതത്തിലെ മൂന്നുകാലഘട്ടത്തിലൂടെയാണ് വി ജെ ജെയിംസ് നമ്മളെ കടത്തിവിടുന്നത്. കായികമായി അധ്വാനിക്കുന്ന സാധാരണക്കാരായ തൊഴിലാളിയാണ് കഥയിലെ ആദ്യഭാഗത്തെ കള്ളൻ അവൻ ദരിദ്രനും ജീവിതത്തിനോട് അഭിനിവേശം ഉള്ളവനുമാണ് രണ്ടാം ഘട്ടത്തിൽ അവനു വിദ്യ ലഭിക്കുകയും അധ്വാനത്തിന് ഒരു ആശ്വാസം വരികയും സമ്പന്നനാവുകയും ചെയ്യുന്നു, മൂന്നാം ഘട്ടത്തിൽ അവൻ ജീവിതം മറക്കുകയും കേവലം ദുരാഗ്രഹിയായി പരിണമിക്കുന്നു. താൻ എന്തിനാണ് സമ്പാദിക്കുന്നതെന്നറിയാതെ ജീവിതം എന്തെന്നറിയാതെ കൂടുതൽ കൂടുതൽ സമ്പാദിക്കുകയും അധ്വാനിക്കുകയും ഉറക്കംനഷ്ടപ്പെടുന്നവനുമായ പാവം സമ്പന്നായി കള്ളനെ കാണാൻ സാധിക്കും.
കള്ളന്റെ സമാന്തര പാതയിൽ തന്നെയാണ് പ്രൊഫസറും സഞ്ചരിക്കുന്നത് അദ്ദേഹം വിദ്യയാണ് സമ്പാദിക്കുന്നത് ജീവിതമെന്നാൽ ഓരോ പുതിയ വിദ്യാസമ്പാദനമാണെന്നും അതിൽ അഭിരമിച്ചു ഭ്രാന്തമായ ജീവിതാന്ത്യത്തിൽ അറിവെത്ര ക്ലേശവും ഭാരവുമാണെന്നറിയുമ്പോൾ ഒരു കുട്ടിയെപോലെയാകുവാൻ കൊതിക്കുന്ന പ്രൊഫസ്സറും ഈ ലോകത്തിലെ ബുദ്ധികൊണ്ടദ്ധ്വാനിക്കുന്ന അതിൽ അഭിരമിക്കുന്ന അതുകൊണ്ടു സമ്പത്തുമാത്രം കാംക്ഷിക്കുന്ന ജീവിക്കാൻ മറന്നുപോയ സാധാരണക്കാരെ പ്രതിനിധീകരിക്കുന്നു.
കർക്കശക്കാരനായ മുതലാളി പൊന്നുപോലെ രഹസ്യമായി എന്നും നോക്കി രസിക്കുന്നതു അയാൾ പിശുക്കിയുണ്ടാക്കിയ സ്വത്തല്ലെന്നും അത് അയാളുടെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ചിത്രമാണെന്നും അതിന്റെ ഓര്മകളാണയാൾ ഭദ്രമായി സൂക്ഷിച്ച നിധിയെന്നും പറയുമ്പോൾ ജീവിതമെന്നാൽ വിദ്യയും സമ്പത്തും നേടുക മാത്രമല്ലയെന്നും അത് നമുക്കുവേണ്ടിയും കുടുംബത്തിനും സൗഹൃദത്തിനുമായി പങ്കുവെച്ചും നല്ല ഓർമ്മകൾ സമ്പാദിച്ചും (ഓർമ്മകൾ ഒരിക്കലും ഒരു ചോരനും ചോർത്താനാകില്ലല്ലോ) ജീവിതം ആസ്വദിക്കണമെന്നു പറയാതെ പറയുന്നു.
മോഷണത്തിനും ഒരു ശാസ്ത്രം അതിൻ്റെ അധിദേവതയോ സുബ്രമണ്യനും എൻ്റെ ആദ്യത്തെ ഞെട്ടൽ അവിടെ നിന്നായിരുന്നു. സാദാ മോഷണങ്ങൾ ചെയ്തു ജീവിക്കുന്ന ഒരു കള്ളൻ അവൻ്റെ വീട്ടിൽ ഒരു കള്ളിയും രണ്ടു കുട്ടി കള്ളന്മാരും. ഈ കള്ളനെ ഒരു കിറുക്കൻ പ്രൊഫസ്സർ കെണി വെച്ച് പിടിച്ചു ചോരശാസ്ത്രം പഠിപ്പിക്കുന്നു. നോട്ടം കൊണ്ട് പൂട്ട് പൊളിക്കുന്ന വിദ്യ വരെ സ്വായത്മക്കി കള്ളൻ തൻ്റെ ജൈത്രയാത്ര തുടരുകയാണ്. അവൻ്റെ ഭാഗ്യ രാശിയായി രാജഭരണകാലത്തെ ഒരു നാണയം അവൻ്റെ കയ്യിൽ എത്തുന്നു. അവൻ്റെയും അവൻ്റെ മടിക്കുത്തിൽ സ്ഥിരവാസമാക്കിയ നാണയത്തിലെ ദ്രാവിഡ രാജാവിൻ്റെയും വീക്ഷണ കോണിലൂടെ ആണ് കഥ നീങ്ങുന്നത്. പുതുതായി ആർജ്ജിച്ച വിദ്യ കാരണം ധനം വർദ്ധിക്കുകയും അത്യാർത്തി കാരണം വീണ്ടും സമ്പത്ത് വാരി കൂട്ടുന്ന കള്ളനിൽ നാം കാണുന്നത് മനുഷ്യ സഹജമായ ചാപല്യങ്ങൾ തന്നെയാണ്. വർധിക്കുന്ന ധനത്തിനൊപ്പം കള്ളൻ്റെ ഉറക്കവും നഷ്ടമാകുന്നു. സംഭവ ബഹുലമായ കള്ളൻ്റെ ജീവിതം രസകരമായി നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നു. കള്ളൻ്റെ കഥയിലൂടെ നമ്മൾ ഓരോരുത്തരുടെയും ജീവിതം തന്നെയാണ് കഥാകൃത്ത് പറയുന്നത് . . വായിച്ചു വന്നപ്പോൾ ആണ് മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഇതിലെ പല സന്ദർഭങ്ങളും എനിക്ക് നല്ല പരിചയം ഉള്ളത് പോലെ. പിന്നല്ലേ കാര്യം മനസ്സിലായത്. ചോരശാസ്ത്രം പഠിക്കുന്നതും വിയർപ്പ് ഗ്രന്ഥി ഇല്ലാത്ത കുട്ടി കള്ളൻ്റെ അവസ്ഥയും തുടങ്ങി ഈ പുസ്തകത്തിലെ പല സന്ദർങ്ങളും ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിൽ അതേപടി ഉണ്ട്. പക്ഷേ അതിനെ പറ്റി ആരും ഒരിടത്തും പറഞ്ഞു കണ്ടില്ല.
"ദ്രാവിഡരാജാ, ഏതൊരു രാജ്യത്തിന്റെയും ചരിത്രത്തിൽ മൂന്നു ദശകളുണ്ടെന്ന് ഒരു രാജാവായ അങ്ങറിയുന്നില്ലേ. ജയം, ജയത്തിൽനിന്നുരുവാകുന്ന അധികാരദർപ്പം, തുടർന്നെത്തുന്ന അധഃപതനം. ഇവൻ, ഈ കള്ളൻ ഒരു രാജ്യത്തിന്റെ സുവർണകാലഘട്ടം ഭരിച്ചുകൊണ്ടിരിക്കയാണ്. അവ��െ അവന്റെ വഴിക്ക് വിട്ടേക്കുക. അവൻ ഉന്മാദത്തോടെ ഭരിക്കട്ടെ. "
വി ജെ ജയിംസിന്റെ ഞാൻ വായിക്കുന്ന ആദ്യ നോവലാണ് ചോരശാസ്ത്രം. വളരെ ലളിതമായ ഭാഷയിൽ, ഹാസ്യം കലർത്തികൊണ്ട് ഗൗരവമുള്ള വിഷയം പറഞ്ഞു വയ്ക്കുകയാണ് എഴുത്തുക്കാരൻ. ഒരു കള്ളൻ, തേങ്ങയും മാങ്ങയും വഴക്കുലകളും മോഷ്ഠിച്ചിരുന്ന സാധാരണകാരനായ കള്ളൻ. അവനെ ഒരു പ്രൊഫസർ വലയിട്ട് പിടിക്കുന്നു. കളവിനൊരു നീതി ശാസ്ത്രമുണ്ടെന്നും അതിന് ചോരശാസ്ത്രമെന്ന് പേരെന്നും പറഞ്ഞു കൊടുക്കുന്നു. ചോരശാസ്ത്രം കള്ളനെ പഠിപ്പിക്കുകയാണ് പ്രൊഫസർ. പിന്നീട് ഉണ്ടാകുന്ന സംഭവബഹുലമായ കഥയാണ് നമ്മളെ പിടിച്ചിരുത്തുന്നത്. നോവലിൽ വായനക്കാരന്റെ ഭാഗത്തു നിന്ന് കള്ളനെ നോക്കി കാണുന്ന ഒരു ദ്രാവിഡരാജാവുണ്ട്, പലയിടങ്ങളിലും വായനക്കാരന് തന്റെ ചിന്തകളെ എഴുത്തിലും കാണാനാകുന്നത് ഈ കഥാപാത്രത്തിലൂടെയാണ്. ജീവിതവും മരണവും അധികാരമോഹവും മനുഷ്യന്റെ അഹംഭാവവും അഹങ്കാരവുമെല്ലാം നോവലിൽ വ്യക്തമാണ്. വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാൻ തീർച്ചയായും നോവലിന് സാധിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ പുസ്തകങ്ങളിലെ വസ്തു സ്ഥിതി കഥനങ്ങൾക്കപ്പുറം നമ്മുടെ സംസ്‌കൃതിയിൽ മായ്ക്കപ്പെട്ടുപോയ അനേകായിരം അറിവുകളുടെ അമൂല്യശേഖരമുണ്ടെന്നു വിശ്വസിക്കുന്ന പ്രൊഫസർ. ആധുനിക ശാസ്ത്രത്തിൽ അവഗാഹം നേടിക്കഴിഞ്ഞ അയാൾ, ക്രമേണ ചരിത്രത്തിലൂടെ പൗരാണികമായ അറിവുകളിലേക്ക് അന്വേഷിച്ച് പോകുകയാണ്. അത്തരത്തിലൊരു പഴഞ്ചൻ തമിഴ് താളിയോലയിൽ നിന്ന് പൊടി തട്ടി വീണ്ടെടുത്ത 'ചോരശാസ്ത്രം' താൻ കെണിയിൽ വീഴ്ത്തിയ കള്ളന് ഉപദേശിച്ചു കൊടുക്കുന്നു.
എഴുത്ത് പുതുമയുള്ളതും ആസ്വദ്യകരവുമെങ്കിലും പല ആശയങ്ങളോടും യോജിക്കാൻ കഴിഞ്ഞില്ല. ശസ്ത്രക്രിയ കൂടാതെ ശരീരത്തിൽ ഒടിഞ്ഞു പൊട്ടിക്കിടക്കുന്ന അസ്ഥിക്കഷണത്തെ പുറത്തെടുക്കുന്ന 'വിധി' യെപ്പറ്റിയൊക്കെ പരാമർശമുണ്ട്. ഫിക്ഷനെങ്കിലും ഇത്തരത്തിലുള്ള അശാസ്ത്രീയതകളെ ഉൾക്കൊള്ളാൻ വിഷമമുണ്ട്.
നോവലിൽ ഒരു വിത്യസ്‌ഥ സമീപനം . പുരാണിക കാലഘട്ടത്തെ ആധുനികവുമായി ഇഴചേർത് മനുഷ്യമനസ്സിന്റെ പരിണാമം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു . പ്രാചീന കാലത്ത് ഭാരതീയ ശാസ്ത്രം വെളിപ്പെടുത്താത്ത ഒരു ആചാരം ( ചോരശാസ്ത്ര) സ്വായത്തമാക്കുന്ന ഒരു കള്ളൻ ഒടുവിൽ എല്ലാം ഉപേക്ഷിച്ചു അറിവിന്റെ ലോകത്തേയ്ക്ക് ആണ്ടുപോകുന്നു .
This is the second novel read written by V.J. James. I really enjoyed reading this book. The language of V.J. James is really awesome. It was a quick read.
ചോരശാസ്ത്രം അഥവാ കളവിൻ്റെ ശാസ്ത്രം. ഒരു പ്രഫസർ ചോരശാസ്ത്രം പഠിപ്പിക്കാൻ ലക്ഷണമൊത്ത ഒരു കള്ളനെ(?) കെണി വച്ചു പിടിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ഒട്ടും മടുപ്പിക്കാതെ ആ കള്ളൻ്റെ തുടർന്നുള്ള ജീവിതം ഒരു ഗുണപാഠകഥ പോലെ പറഞ്ഞു പോയിട്ടുണ്ട്.
പലതരം കള്ളന്മാരുടെ കഥകൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ടായിരുനെങ്കിലും, സത്രം പേടിച്ചു മോഷ്ടിക്കുന്ന ഒരു കള്ളന്റെ കഥ വളരെ വ്യത്യസ്തവും, രസം ഉള്ളതും ആയി തോന്നി. അതുപോലെ തന്നെ കള്ളനും, കള്ളിയും, കുട്ടി കള്ളന്മാരും എന്നുള്ള നാമോദയം എഴുത്തുകാരൻ നൽകിയതും വളരെ നന്നായി തന്നെ അനുഭവപെട്ടു.
ചോരശാസ്ത്രം എന്നത് ഒരു ഫാന്റസി നോവലാണ് എന്ന് കേട്ടപ്പോൾ, മന്ത്രവാദവും, ആഭിജാത്യവും ആയിരിക്കും വിശയം എന്നാണ് കരുതിയത്. ചോരൻ എന്ന് വെച്ചാൽ കള്ളൻ, അങ്ങനെ കളവിന്റെ ശാസ്ത്രമാണ് ചോരശാസ്ത്രത്തിന്റെ വിശയം.
പേരില്ലാ കഥാപാത്രങ്ങളാണ് മിക്കവരും. കള്ളനും, കള്ളിയും, അവരുടെ രണ്ടു കൊച്ചു കള്ളന്മാരും. കള്ളന്റെ കളവ് സ്കിൽ മെച്ചപ്പെടാനായി പ്രോത്സാഹിപ്പിക്കുന്ന കള്ളി. അച്ഛന്റെ കഴിവ് കിട്ടിയിട്ടുണ്ടെന്ന് സ്കൂൾ മോഷണം വഴി തെളിയിക്കുന്ന ഒരു കൊച്ചു കള്ളൻ, മോഷണം ഇഷ്ടമില്ലാത്ത, വെള്ളം വീക്നെസ്സായിയുള്ള രണ്ടാമൻ.
അങ്ങനെ ഇരിക്കെ ചോരശാസ്ത്രം എന്ന പഴയ ഗ്രൻഥം റിസേർച് ചെയുന്ന പ്രൊഫസറുടെ അടുത്ത് എത്തിപ്പെടുന്നു ആ കള്ളൻ. പ്രൊഫസ്സർ അവനു പല ചോരശാസ്ത്ര വിദ്യകളും പഠിപ്പിച്ചു കൊടുക്കുന്നു, അതിൽ പ്രധാനപ്പെട്ട ഒരെണ്ണം നോട്ടം കൊണ്ട് ഏത് പൂട്ടും തുറക്കാനുള്ള വിദ്യയാണ്. ഈ വിദ്യകളും കഴിവുകളും പേറി, കള്ളൻ നടത്തുന്ന കളവുകൾ, അയാളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവയാണ്, നർമത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചിട്ടുള്ളത്. ലളിതമായ അവതരണം, ഇമ്പമുള്ള വായനാനുഭവം.
നോട്ടം കൊണ്ട് ഏത് പൂട്ടും തുറക്കാനുള്ള വിദ്യ നേടിയ ഒരു കള്ളൻ്റെ കഥ. ടാഗ് ലൈൻ കണ്ടപ്പോ തന്നെ പുസ്തകം എടുക്കുകയും അന്ന് തന്നെ വായനയും തുടങ്ങി. ഒന്നോ രണ്ടോ ഇരുപ്പിൽ തീരുകയും ചെയ്തു.
പാരമ്പര്യമായി മോഷണങ്ങൾ മാത്രം ചെയ്തു ജീവിക്കുന്ന ഒരു കള്ളൻ , അവൻ്റെ വീട്ടിൽ ഒരു കള്ളിയും രണ്ടു കുട്ടി കള്ളന്മാരും. കഥാപാത്രങ്ങളിൽ മിക്കവർക്കും പേരില്ല. കള്ളനും, കള്ളിയും, അവരുടെ രണ്ടു കൊച്ചു കള്ളന്മാരും എന്ന് തന്നെയാണ് കഥയിൽ ഉടനീളം പറയുന്നത്. കള്ളന്റെ കളവ് മെച്ചപ്പെടാനായി പ്രോത്സാഹിപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്യുന്ന കള്ളിയും, അച്ഛന്റെ കഴിവ് കിട്ടിയിട്ടുണ്ടെന്ന് സ്കൂൾ മോഷണം വഴി തെളിയിക്കുന്ന ഒരു കൊച്ചു കള്ളനും മോഷണം ഇഷ്���മില്ലാത്ത രണ്ടാമത്തെ കുട്ടി കള്ളനും അടങ്ങിയതാണ് തസ്കര കുടുംബം. ഒരു മോഷണ ശ്രമത്തിനിടയിൽ നമ്മുടെ നായകനായ കള്ളനെ ഒരു പ്രൊഫസ്സർ കെണി വെച്ച് പിടിക്കുന്നു. ഒരുപാട് അറിവുകൾ ഉള്ളതും വീണ്ടും വീണ്ടും അറിവുകൾ തേടുന്നതുമായ പ്രൊഫസർ കള്ളനുമേൽ പാവം തോന്നി കള്ളനെ ചോരശാസ്ത്രം പഠിപ്പിക്കുന്നു. ചോരശാസ്ത്രം പഠിക്കുന്ന കള്ളൻ, നോട്ടം കൊണ്ട് പൂട്ട് പൊളിക്കുന്ന വിദ്യയും സ്വായത്തം ആക്കുന്നു. തുടർന്ന് പല പൂട്ടുകളും നിഷ്പ്രയാസം തുറക്കുകയും കൂടുതൽ കളവ് നടത്തി ലക്ഷപ്രഭു ആവുകയും ചെയ്യുന്നു. മോഷ്ടിച്ച് സമ്പാദിച്ചുകൂട്ടിയ നിധി സംരക്ഷിക്കാനായി ശ്രമിക്കുന്നതാണ് കഥയുടെ രണ്ടാം പകുതി.
വി ജെ ജയിംസിന്റെ ഞാൻ വായിക്കുന്ന ആദ്യത്തെ നോവലാണ് ചോരശാസ്ത്രം. ലളിതമായ ഭാഷയിൽ തുടങ്ങി ഹാസ്യത്തിൻ്റെ മേമ്പൊടി കലർത്തി ഗൗരവമുള്ള വിഷയം പറഞ്ഞു വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ലോകത്ത് ഒന്നും തന്നെ ഒരിക്കലും ഒരു വ്യക്തിക്ക് മാത്രമായി സ്വന്തമായിരിക്കില്ലെന്നുള്ള സത്യത്തിലേക്ക് ആണു എഴുത്തുകാരൻ വിരൽ ചൂണ്ടുന്നത്.