1030 ചിങ്ങം 14, ചതയം നാൾ. അന്ന് ചെമ്പഴന്തി ഗ്രാമത്തിന്റെ ആത്മാവിലേക്ക് പിറന്നുവീണ കുഞ്ഞ് നാണുവായി... ശ്രീനാരായണഗുരുവായി മനുഷ്യരാശിയുടെ നിത്യചൈതന്യമായി... കാലത്തിന്റെ കാൽപെരുമാറ്റങ്ങളെ കാലെകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള വെളിച്ചത്തിന്റെ മനുഷ്യചിഹ്നമായ ഗുരുസ്വാമിയുടെ ജീവിതം നമ്മുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും കഥകൂടിയാണ്. ഗുരുവിന്റെ ഇതിഹാസസമാനമായ ജീവിതത്തിന്റെ ആത്മസൗന്ദര്യത്തെ ആവാഹിക്കുന്ന ഉദാത്തമായ ഒരു നോവൽ.
കെ. സുരേന്ദ്രൻ (1922-1997) 1922 ഫെബ്രുവരി 22-ന് കൊല്ലത്ത് ഓച്ചിറയിൽ ജനിച്ചു. കായംകുളം ഹൈസ്‌കൂളിലും ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് തിരുവനന്തപുരം എൻജിനീയറിങ് കോളജിലും പഠിച്ചു. ടെലിഫോൺ ഡിപ്പാർട്ട്‌മെന്റിൽനിന്ന് വിരസതമൂലം, 43-ാമത്തെ വയസ്സിൽ സ്വയം പിരിഞ്ഞ് മുഴുവൻസമയവും സാഹിത്യവൃത്തിയിൽ ഏർപ്പെട്ടു. വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. മായ, സീതായനം, ശക്തി, ജ്വാല, ഭിക്ഷാംദേഹി, ദീപസ്തംഭം, താളം, കാട്ടുകുരങ്ങ്, നാദം, സുജാത, അരുണ, കരുണാലയം (നോവലുകൾ) ബലി, അരക്കില്ലം, പളുങ്കുപാത്രം, അനശ്വരമനുഷ്യൻ (നാടകങ്ങൾ), കലയും സാമാന്യജനങ്ങളും, മനുഷ്യാവസ്ഥ, സ്വാതന്ത്ര്യംതന്നെ ജീവിതം, തൂവലും ചങ്ങലയും, വ്യക്തിയും സമുദായവും, മഹത്സന്നിധിയിൽ, സുരേന്ദ്രന്റെ പ്രബന്ധങ്ങൾ (ഉപന്യാസങ്ങൾ) നോവൽ സ്വരൂപം, സൃഷ്ടിയും നിരൂപണവും, പ്രേമത്തെക്കുറിച്ച് ഒരു പുസ്തകം (ചർച്ചാഗ്രന്ഥങ്ങൾ) കുമാരനാശാൻ, ടോൾസ്റ്റോയിയുടെ കഥ, ദസ്തയേവ്‌സ്‌കിയുടെ കഥ (ജീവചരിത്രങ്ങൾ) ജീവിതവും ഞാനും (ആത്മകഥ) തുടങ്ങി നാല്പതോളം കൃതികൾ. 1994-ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. 1997 ഓഗസ്റ്റ് ഒൻപതിന് അന്തരിച്ചു.
ഏറെ നിഗൂഢവും വിചിത്രവുമായ മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ് കെ. സുരേന്ദ്രന്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള അദ്ദേഹം ഒരേ സമയം നോവലുകളും നാടകങ്ങളും ജീവചരിത്രവും നിരൂപണങ്ങളുമെഴുതി.
മുഖ്യധാരാസാഹിത്യത്തിന്റെ എല്ലാ ബഹളങ്ങളില്‍നിന്നും വിട്ടുനിന്നുകൊണ്ട് ഏറെക്കുറെ നിശ്ശബ്ദമായിട്ടായിരുന്നു ആ സാഹിത്യപ്രവര്‍ത്തനം. എണ്‍പതുകളില്‍ രാഷ്ട്രീയപരമായി ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട നോവലായിരുന്നു പതാക. കലാകൗകുദിയില്‍ ആ നോവല്‍ ഖണ്ഡശ്ശ വന്നുകൊണ്ടിരുന്ന കാലത്തും എഴുത്തുകാരന്റെ മൗനവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു എന്നതാണ് പ്രത്യേകത.
ആദ്യനോവല്‍ താളം 1960-ലാണ് പുറത്തിറങ്ങിയത്. പിന്നീട് പ്രസിദ്ധീകരിച്ച കാട്ടുകുരങ്ങ്, മായ, സുജാത, പതാക, മരണം ദുര്‍ബ്ബലം തുടങ്ങി നിരവധി നോവലുകളും ബലി, അരക്കില്ലം, പളുങ്കുപാത്രം എന്നീ നാടകങ്ങളും കലയും സാമാന്യജനങ്ങളും, Textമനുഷ്യാവസ്ഥ, സുരേന്ദ്രന്റെ പ്രബന്ധങ്ങള്‍ തുടങ്ങിയ ഉപന്യാസ-പഠനകൃതികളും ഗുരു, കുമാരനാശാന്‍, ടോള്‍സ്‌റ്റോയി, ദസ്തയേവ്‌സ്‌കി എിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങളും ഞാനും എന്റെ ജീവിതവും എന്ന ആത്മകഥയും കെ. സുരേന്ദ്രന്റെ എക്കാലത്തെയും സര്‍ഗ്ഗസ്മാരകങ്ങളായി നമുക്കു മുന്നിലുണ്ട്.