അനിതയെ കല്ല്യാണം കഴിച്ചിട്ടും ഞാനൊരു സ്ത്രീയെ അറിഞ്ഞില്ല, അവളുടെ ഗന്ധമറിഞ്ഞില്ല. അവളടുത്തു വരുംബോഴും, പിടിച്ചടുപ്പിച്ചപ്പോഴുമൊക്കെ കുന്തിരിക്കത്തിൻറെ മണമാണ് ഞാൻ അറിഞ്ഞത്. അല്ലെങ്കിൽ ഏതെങ്കിലും ചന്ദനത്തിരിയുടെ. കുട്ടിക്കാലത്ത് എൻറെ അമ്മയുടെ അരികതെതുംബോൾ ഞാനനുഭവിച്ച ഒരു ഗന്ധമുണ്ട്. അമ്മയുടെ വസ്ത്രങ്ങളിലും അടുപ്പിൻറെ അരികെ ഇരിക്കുമ്പോൾ തീ ചൂടേറ്റു ചുവന്ന കവിളിലൂടെ ഒഴുകുന്ന വിയർപ്പിലും, വിയർപ്പിൽ കുതിർന്ന ബ്ലൗസിലുമെല്ലാം ഞാനറിഞ്ഞ ഒരു മണമുണ്ട്. അതെങ്ങനെയാണ് സാർ ഞാൻ വിവരിക്കേണ്ടത്..? എനിക്കറിയില്ല. എൻറെ അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "നീ അടുത്ത വരുംബോഴാണ് ഒരു പെണ്ണിൻറെ മണം ഞാൻ അറിയുന്നത്" ' ഏക ജാലകത്തിലെ' സ്ത്രീയുടെ മണം തെടിപോവുന്ന അനിരുധനെയും, ആത്മഹത്യയെ കുറിച് സിനിമയെടുക്കാൻ ഇറങ്ങി തിരിച്ച്, പാതി വഴിയിൽ വച് ആത്മഹത്യ ചെയ്ത "ജീവന കലയുടെ ശേഷിപ്പുകളിലെ" നവീനും. 'ദൈവത്തിന്റെ സ്വപ്നങ്ങളിലെ' യോഹന്നാനും, വാക്കുകൾ കൊണ്ട് കെട്ടിപടുത്ത കഥാപാത്രങ്ങൾ ആയിരിക്കില്ല, അവയൊക്കെ ജീവനുള്ള മനുഷ്യരായി, എന്നോ പരിജയപ്പെട്ട് അകന്നു പോയ മനുഷ്യ രൂപമായി മനസ്സിൽ തങ്ങി നിൽക്കും. 'വിശ്വാസത്തിൻറെ നിയമത്തിലെ' പ്രേമവും ഭോഗവും എന്റെർടയ്നെർ ആണെന്ന ചിന്തയിലൂടെ ഉമയ്ബയുടെയും ശശിധരൻറെയും പറയാതെ പറയുന്ന പ്രണയവും. ദിവസവും റെയിൽവെ സ്റ്റെഷനിൽ കാണുന്ന പെൺരൂപത്തിന്റെ മുഖം കടമെടുത്ത്, ഊഞ്ഞാലിൽ നിന്ന് ആകാശത്തേക്ക് പറന്നു പോയ കാധംബരിക്ക് നൽകി, അവളെ പ്രണയിച്ചുകൊണ്ട് സ്വപ്നങ്ങളിൽ മാത്രം ജീവിക്കുന്ന ശശാങ്കൻറെ 'വിസ്മയ സ്വപ്നങ്ങളും'. ചിന്തകളുടെ മറ്റൊരു വഴിയിലൂടെ ആരെയോ തിരയാൻ പ്രേരിപ്പിക്കുകയാണ്, അല്ലെങ്കിൽ സ്വപ്നങ്ങളിലേക്ക് മിഥ്യയായ പ്രണയം മുളപ്പിക്കുകയാണ്. ഭർത്താവിന്റെ സ്നേഹ പ്രകടനങ്ങൾ വെറും കെട്ടുകാഴ്ചകൾ പോലെയാണെന്ന് മനസ്സിലാക്കി, ദിവാകരൻമാഷുമായി മറ്റൊരു ജീവിതത്തിലേക്ക് നടന്നു നീങ്ങുന്ന "പൌരാണിക കാല ജീവിതത്തിലെ" പ്രവീണയും. ഒറ്റപെടലിൻറെ ഗർത്തത്തിൽ ദിശയറ്റ് അനാധമാകുവാനാവാതെ മരണത്തിൻറെ തണുപ്പിലേക്ക് മുത്തുലക്ഷ്മിയെ കൊടുക്കാതെ കോട്ടക്കുന്നിൻറെ ഇരുട്ടിലേക്ക് ഒളിച്ചിറങ്ങിയ "റെഫ്യൂജി: നാട് കടതപെട്ടവരിലെ" മാരിയപ്പനും. സ്നേഹത്തിൻറെ മറ്റൊരു വശത്തിലെക്ക്, മിഥ്യയായ പ്രണയത്തിൻറെകൂടെ കൂട്ടി കൊണ്ട് പോവുന്നു. അല്ലെങ്കിൽ, നഖങ്ങൾ കൊണ്ട് മാന്തിയും, പല്ലുകൾ കൊണ്ട് കടിച്ചു കീറിയും നടത്തുന്ന സ്നേഹത്തിന്‍റെ ഭ്രാന്തൻ യുദ്ധങ്ങളാണ് പ്രണയം എന്ന ധാരണ പൊളിച്ചെഴുതുകയാണ്.