"അയച്ചുതന്ന എല്ലാ എഴുത്തുകളും കിട്ടി. ഒന്നിനും മറുപടി എഴുതാതിരുന്നത് അങ്ങനെയെങ്കിലും എന്നോട് വെറുപ്പ് തോന്നികൊള്ളട്ടെ എന്ന് വിചാരിച്ചാണ്. എന്നാൽ ഇനി എനിക്ക് എഴുതാതിരിക്കുക സാധ്യമല്ല. പക്ഷേ, ഞാൻ എന്താണ് എഴുതേണ്ടത്?"
എന്താണ് പ്രണയം? ആ മൂന്ന് അക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ഒരുപാട് കാര്യങ്ങൾ അല്ലേ? അതിൽ ആനന്ദമുണ്ട്, വിരഹത്തിന്റെ വേദനയുണ്ട്, കാത്തിരിപ്പിന്റെ സുഖമുണ്ട്, മാറ്റി നിർത്തപ്പെട്ടതിന്റെ മുറിവുണ്ട്, വിട്ടുകൊടുക്കലിന്റെ നോവുണ്ട്. ശരിക്കും ഇതെല്ലാം ചേർന്നതല്ലേ പ്രണയം? എൻറെ ആണെന്ന് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു അമർത്തി പിടിക്കുന്നത് മാത്രമല്ല പ്രണയം, വിട്ടുകൊടുക്കുന്നതും സ്വതന്ത്രമാക്കി വിടുന്നതും പ്രണയം തന്നെയാണ്.
18 കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. പത്മരാജൻ കഥകളെക്കുറിച്ച് ഞാൻ വാചാലയാകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല, പ്രണയത്തെ അതിൻറെ എല്ലാ ഭാവങ്ങളോടും കൂടി മനോഹരമായ വരച്ചിടുന്നുണ്ട് ഇവിടെ. ആവർത്തന വിരസത ഒട്ടുമില്ലാത്ത കഥകൾ. കൗമാരക്കാർക്കും യൗവ്വന ഹൃദയങ്ങൾക്കും മാത്രമുള്ളതല്ല പ്രണയം, മധ്യവയസ്കരും വൃദ്ധരും എല്ലാവരും പ്രണയിക്കുന്നു, അത് തുടർന്നുകൊണ്ടേയിരിക്കുന്നു.
ഏതു കഥയാണ് മികച്ചത് എന്നോ പ്രിയപ്പെട്ടത് എന്നോ ഇവിടെ കുറിക്കുന്നില്ല, എല്ലാം ഒന്നൊന്നിനോട് വ്യത്യസ്തം. അടുത്ത കാലത്ത് വായിച്ചതിൽ വെച്ച് വളരെ മികച്ചൊരു കഥാസമാഹാരം.
"വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക."