Thoppil Bhasi (തോപ്പില്‍ ഭാസി) (born 1924 April 8 – died 1992 December 8) was a Malayalam playwright, screenwriter, and film director. He was associated with the communist movement in Kerala and his play Ningalenne Communistakki (You Made Me a Communist) is considered to be a groundbreaking event in the history of Malayalam theatre.
മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളിൽ ഒന്നെന്നു നിസംശയം പറയാവുന്ന കൃതി. വായനക്കാരെ കുടുകുടെ ചിരിപ്പിച്ചും ഒപ്പം കണ്ണുനനയിച്ചും ഒരു പ്രസ്ഥാനത്തിന്റെയും വ്യക്തിയുടെയും യാത്രകളിലേക്കുള്ള അവിസ്മരണീയമായ എത്തിനോട്ടം.
രണ്ടാം ലോകയുദ്ധത്തിനുശേഷം കോളനി രാജ്യങ്ങൾ പൊതുവേയും ഇന്ത്യ വിശേഷിച്ചും സ്വാതന്ത്ര്യത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നപ്പോൾ ഇന്ത്യയിലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ഗുരുതരമായ ഒരു അസ്തിത്വപ്രതിസന്ധിയെ നേരിട്ടു. യുദ്ധാരംഭത്തിൽ ഹിറ്റലർക്കൊപ്പമായിരുന്നെങ്കിലും അദ്ദേഹം സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ ബ്രിട്ടീഷ് പക്ഷത്തുചേർന്ന് കോൺഗ്രസ് നേതാക്കളെ ജയിലിലടപ്പിക്കാൻ സഖാക്കൾ നിസ്സാര ആവേശമൊന്നുമല്ല കാണിച്ചത്. എന്നാൽ സ്വാതന്ത്ര്യം അടുത്തെത്തിയതോടെ കാര്യമായ ജനപിന്തുണയൊന്നുമില്ലാതിരുന്ന കമ്യൂണിസ്റ്റ് പാർട്ടി അധികാരം ബലാൽക്കാരമായി പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അങ്ങനെയായിരുന്നല്ലോ ലോകത്തെല്ലായിടത്തും പാർട്ടി അധികാരത്തിൽ വന്നുകൊണ്ടിരുന്നത്!1948-ലെ കൽക്കത്ത തീസിസ് ഇന്ത്യയ്ക്ക് ഭാഗിക സ്വാതന്ത്ര്യമേ ലഭിച്ചിട്ടുള്ളൂ എന്നും പൂർണസ്വാതന്ത്ര്യം നേടാൻ പാർട്ടി സായുധവിപ്ലവത്തിലൂടെ അധികാരം നേടേണ്ടതുണ്ട് എന്നും ആഹ്വാനം ചെയ്തു. തെലങ്കാന, കേരളം എന്നിവടങ്ങളിൽ നിരവധി അക്രമസംഭവങ്ങൾ അരങ്ങേറി. പുതുതായി രൂപമെടുത്ത സർക്കാരിന് ശക്തമായ പ്രതിരോധം സംഘടിപ്പിക്കാൻ കഴിയില്ലെന്നും, ആ തക്കം മുതലാക്കി കഴിയുന്നത്ര പ്രദേശങ്ങൾ പിടിച്ചെടുത്താൽ സോവിയറ്റ് യൂണിയനിൽ നിന്ന് ആളും അർത്ഥവും എത്തിച്ച് ഇന്ത്യ മുഴുവൻ കാല്ക്കീഴിലാക്കാം എന്നായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ മനക്കോട്ട. എന്നാൽ നെഹ്രുവിന്റെ സൈന്യം അപ്രതീക്ഷിതമായ സമരവീര്യം പ്രദർശിപ്പിച്ചതോടെ വിപ്ലവപ്പട എല്ലായിടത്തും തോറ്റോടാൻ തുടങ്ങി. ഒളിപ്പോരുകളിലൂടെ പിടിച്ചുനില്ക്കാൻ നടത്തിയ ശ്രമം പക്ഷേ വിഫലമാവുകയും ചെയ്തു. മുഖം രക്ഷിക്കാൻ ഒരു മാർഗം എന്ന നിലയിൽ ഒരുകൂട്ടം നേതാക്കൾ പാർട്ടിലൈനിനെ ചോദ്യം ചെയ്തു. ഇതുതന്നെ അവസരം എന്ന മട്ടിൽ നേതാക്കൾ സായുധവിപ്ലവത്തിനുള്ള ആഹ്വാനം പിൻവലിച്ചു. പക്ഷേ അപ്പോഴേക്കും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞിരുന്നു. ആ കാലഘട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന തന്റേയും മറ്റു സഖാക്കളുടെയും സാഹസികകഥകളാണ് തോപ്പിൽ ഭാസി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ മികച്ച നാടകകൃത്തുക്കളിൽ ഒരാളാണ് ശ്രീ. തോപ്പിൽ ഭാസി. അദ്ദേഹം രചിച്ച പതിനെട്ടു നാടകങ്ങൾ മലയാളകലാരംഗത്തെ നാഴികക്കല്ലുകളാണ്.കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഈ കൃതികൾ ഒരു നിർണായക പങ്കു വഹിച്ചിട്ടുണ്ട്. 1948 മുതൽ 1952 വരെയുള്ള കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യഭൂമികകളിലെ മൃദുചലനങ്ങൾ വരെ ഈ കൃതി നമുക്കു കാണിച്ചുതരുന്നു. സകലനിയമങ്ങളേയും കാറ്റിൽ പറത്തി പോലീസും ഭരണാധികാരികളും നടത്തിയ മനുഷ്യവേട്ട ഏതൊരു പരിഷ്കൃത സമൂഹത്തെയും ലജ്ജിപ്പിക്കുന്നതാണ്. പിടിക്കപ്പെടുന്നവരെ മൃഗീയമായി പീഡിപ്പിച്ചു, നിരവധി പേർ കൊടുംപീഡനങ്ങൾക്കൊടുവിൽ ലോക്കപ്പിൽ മൃതിയടഞ്ഞു. കമ്യൂണിസ്റ്റുകാരെ സഹായിച്ചു എന്ന ഒറ്റക്കാരണത്താൽ പല കുടുംബങ്ങളേയും ഭരണകൂടം വഴിയാധാരമാക്കി. എങ്കിലും സമർത്ഥമായ നീക്കങ്ങളിലൂടെയും അചഞ്ചലമായ അർപ്പണബോധമുള്ള പ്രവർത്തകരിലൂടെയും കമ്യൂണിസ്റ്റ് പാർട്ടി ഈ പരീക്ഷണഘട്ടത്തെ വിജയകരമായി തരണം ചെയ്യുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ എത്തുകയും ചെയ്തു.
വളരെയധികം നർമ്മത്തിൽ ചാലിച്ചാണ് ലേഖകൻ സംഭവങ്ങളെ വിവരിച്ചുകാണിക്കുന്നത്. അത്യാവശ്യം പൊടിപ്പും തൊങ്ങലും കലയുടെ പൂർണതയ്ക്കായി സ്വീകരിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതവും അദ്ദേഹം നടത്തുന്നു. ഒരു യഥാർത്ഥ റൊമാന്റിക്കായ തോപ്പിൽ ഭാസി ആ വിഷയത്തിൽ താൻ നേരിട്ട 'പരീക്ഷണ'ഘട്ടങ്ങളെയും ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.ഒളിവിൽ കഴിയുന്നവരെ അതാതു മേഖലകളിൽ നിന്ന് പുറത്തുകടന്ന് രക്ഷപ്പെടാൻ പാർട്ടി അനുവദിച്ചിരുന്നില്ല. മാത്രവുമല്ല, ആ മേഖലയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ മേൽഘടകങ്ങളെ അറിയിക്കുകയും വേണമായിരുന്നു. ഇത്തരം റിപ്പോർട്ടുകളിൽ 'വമ്പിച്ച ബഹുജനമുന്നേറ്റം', 'മർദ്ദകർ', 'ഉണർന്നു വരുന്നു', 'ആവേശം', 'രക്തസാക്ഷി' എന്നീ വാക്കുകൾ ഉണ്ടായിരിക്കണമെന്നു നിർബന്ധമാണ്. ഇല്ലെങ്കിൽ മുന്നേറ്റം കാണാൻ കഴിയാത്തതിന് വിമർശനം വരും (പേജ് 150). ഇത്തരം സ്വയം ഹിപ്നോട്ടിസത്തിലൂടെയാണ് പാർട്ടി മുന്നോട്ടു പോയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവന് ഒരുവിധം മർദ്ദനമൊക്കെ സഹിക്കാനുള്ള കഴിവ് താല്ക്കാലികമായി ഉണ്ടാകുമല്ലോ. പിന്നെ, പാർട്ടി സമാധാനപരമായ മാർഗങ്ങളിലൂടെയൊന്നുമല്ല നീങ്ങിയിരുന്നത്. പോലീസുകാരെ കൊന്നൊടുക്കുന്നതിന്റെയും രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ ഒതുക്കുന്നതിന്റെയും നിരവധി കഥകൾ ഗ്രന്ഥകർത്താവു തന്നെ സ്മരിക്കുന്നുണ്ട്.
ഏറെ വിവാദം സൃഷ്ടിച്ചതും, എന്നാൽ കലാമേന്മയുള്ളതുമായ ഒരു പുസ്തകമാണിത്. കേരളത്തിന്റെ ഭാവിഭാഗധേയം നിർണയിച്ച ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിലും ഈ ഗ്രന്ഥം സാഹിത്യകുതുകികൾക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്.
You should all read this. Comrade Bhasi is very funny. Plus you also get to know about a very important time in Kerala's history (from '47 to '52) in the best way possible from one of the best people to hear it from.
'ഒളിവിലെ ഓർമ്മകൾ' വെറുമൊരു ആത്മകഥ മാത്രമല്ല. അതൊരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലാണ്, ത്യാഗമനുഭവിച്ച, ഒരു ജനതയുടെ, പ്രസ്ഥാനത്തിന്റെ പോരാട്ട വീര്യത്തിന്റെ കുറിപ്പുകളാണ്..
തന്റെ കഴിഞ്ഞ കാല ജീവിതത്തെ ഓർമ്മ കുറിപ്പുകളായി തോപ്പിൽ ഭാസി ഇവിടെ വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വത സിദ്ധമായ രചനാ ശൈലിയിൽ തന്നെ വളരെ ഗൗരവമായ കാര്യങ്ങൾ പോലും അല്പം നർമം ഒക്കെ കലർത്തി ലളിതമായി പറഞ്ഞു പോയിട്ടുണ്ട്.
ഒളിവിൽ കഴിഞ്ഞ കാലത്തെ ഓർമ്മകൾ, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ എത്തി നിന്ന് കൊണ്ട് അദ്ദേഹം ഓർത്തെടുത്തിരിക്കുകയാണ്. ആ ഓർമ്മകൾക്ക് അത്ര അടുക്കും ചിട്ടയുമൊന്നുമില്ല.. അതിങ്ങനെ ചിതറി കിടക്കുകയാണ്.. എന്നാൽ വായിക്കുന്ന ഓരോ വരിയിലും ചോര തുടിക്കുന്ന അനുഭവചൂടുണ്ട്.. അത് നമ്മുടെ മനസ്സ് കലക്കും, കണ്ണ് നനയിക്കും..
ഇന്ന് നാം അനുഭവിക്കുന്ന നേട്ടങ്ങൾക്കും സ്വാതന്ത്ര്യത്തിനും പിന്നിൽ അറിയപ്പെടുന്നതും അല്ലാത്തതുമായ ഒട്ടനവധി പേരുടെ ത്യാഗമുണ്ട്, കണ്ണീരുണ്ട്, ചോരയുണ്ട്.. ജീവൻ പോലും ബലി കഴിപ്പിച്ചാണ് അവർ അത് നമുക്ക് നേടി തന്നത്.
കഴിഞ്ഞ കാലത്തെ വിസ്മരിച്ചു കൊണ്ട് നമുക്കെങ്ങനെ ജീവിക്കാനാവും.. പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച മനുഷ്യരുടെ നിസ്വാർത്ഥവും ത്യാഗജ���വലവുമായ ജീവിതം എന്നും കടപ്പാടോടെ നമ്മൾ മനസ്സിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യന് മനുഷ്യൻ മാത്രമാണ് തുണ എന്ന് ആ കാലവും ആ മനുഷ്യരും അന്നേ നമുക്ക് തെളിയിച്ചു തന്നതല്ലേ....
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതകാല ചരിത്രത്തിന്റെ അമൂല്യ രേഖകൾ കൂടിയായ ഈ രചന ജീവിതത്തിൽ ഒരിക്കലെങ്കിലും നാം വായിച്ചിരിക്കേണ്ട ഒന്ന് കൂടിയാണ്.. . . .