അക്ബർ കക്കട്ടിലിനെ വായിക്കുന്നത് ഇതാദ്യമായാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇഷ്ടമായി. തന്റെ അധ്യാപകജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടെഴുതിയ ചുരുക്കം ചില കഥകളടങ്ങുന്ന സമാഹാരം. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സഹായികളും നാട്ടുകാരുമൊക്കെയുള്ള ലോകത്തു നടക്കുന്ന കഥകൾ. ചിലതൊക്കെ തീരെ ചെറുതായിപ്പോയെന്നൊരു അഭിപ്രായമുണ്ടായേക്കാം. ഇതിലെന്താ ഇപ്പൊ ഇത്ര വലിയ കഥ എന്നും തോന്നിയേക്കാം. എനിക്കു തോന്നിയ വിശദീകരണം പറയട്ടെ: കക്കട്ടിലിന്റെ കഥകൾ സംഭവങ്ങൾക്കു വേണ്ടിയുള്ളതല്ല, കഥാപാത്രങ്ങൾക്കു വേണ്ടിയുള്ളതാണ്. ഒരു കഥയിലാണ് നമ്മളിവരെ കാണുന്നത് എന്നു മറന്നുപോകും വിധം പച്ചയായ മനുഷ്യരെയാണ് കക്കട്ടിൽ വരച്ചിട്ടുന്നത്. അവരിൽ നന്മയുണ്ട്, നർമ്മമുണ്ട്, നിഷ്കളങ്കതയുണ്ട്, ആത്മപരിഹാസമുണ്ട്, അസൂയയും വിദ്വേഷവുമുണ്ട്. തിരിഞ്ഞുനോട്ടങ്ങളും, മാറ്റത്തിരുത്തലുകളുമുണ്ട്. എല്ലാറ്റിലുമുപരി, ഒരോരുത്തരും മുറുകെപ്പിടിക്കുന്ന അവരുടേതു മാത്രമായ ജീവിതസത്യങ്ങളുണ്ട്. വായിച്ചു കഴിഞ്ഞാലും വിട്ടു പോകാൻ മടികാണിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ നമുക്കു നൽകുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ വിജയം.
നർമ്മം ചാലിച്ച ഭാഷയും (ഉദാഹരണത്തിന്, അധ്യാപഹയൻ എന്നുള്ള പ്രയോഗം) സംഭവങ്ങളും ഞാൻ ചിരിച്ചുകൊണ്ടാസ്വദിക്കുകയായിരുന്നു. അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട നമ്പൂതിരിയുടെ വരകൾ എപ്പോഴത്തെയും പോലെ വിശദീകരിക്കാൻ കഴിയാത്ത ഒരു ഗൃഹാതുരത്വമുണ്ടാക്കി.
എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട കഥകൾ: പ്യൂൺ ബാലേട്ടൻ, ഒരു പ്രതിസന്ധി, കൂട്ടിലെ കിളികൾ, അച്ഛനും മകളും, ഒപ്പന, കുഞ്ഞിരാമൻമാഷെ കാണാനില്ല.