കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെണ്‍കുട്ടി അവള്‍ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവള്‍ക്കുചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാര്‍ഡിന്റെതായിരുന്നു.പിന്നീട് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുന്‍പിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ.
ഈ നോവലിനെ ചട്ടക്കാരി എന്ന പേരിൽ തന്നെ ചലച്ചിത്രം ആക്കിയിട്ടുണ്ട്. ചലച്ചിത്രവും നോവലും തമ്മിൽ അല്പസ്വല്പം വ്യത്യാസങ്ങൾ ഉണ്ടെങ്കിൽത്തന്നെയും യാഥാർത്ഥ്യത്തിനോട് അടുത്ത് നിൽക്കുന്നത് പുസ്തകം തന്നെയാണ്. ചട്ടക്കാരിയായ കൗമാരക്കാരിയയിരുന്നു ജൂലി. റിച്ചാർഡിനോട് ഒരു അടുപ്പം തോന്നിയെങ്കിലും ശശിയുടെ മുൻപിൽ അതെല്ലാം നിഷ്പ്രഭം ആകുന്നു. കൗമാരത്തിന്റെ തീച്ചൂളയിൽ അവർക്ക് പറ്റിയ ഒരു അബദ്ധം ജൂലിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. പിന്നെയും കാലങ്ങൾ കഴിഞ്ഞിട്ടും വിളക്കിച്ചേർക്കാൻ ആവാത്തവിധം കണ്ണികൾ അകനാണ് ഇരുന്നത്. ചട്ടക്കാരിയെ അംഗീകരിക്കാൻ ശശിയുടെ വീട്ടുകാർക്കോ ഹിന്ദുവായ ശശി അംഗീകരിക്കാൻ ജൂലിയുടെ വീട്ടുകാർക്കോ ആയില്ല. എല്ലാം ഉപേക്ഷിച്ച് പുതിയ ജീവിതം പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും അതും വിഷമത്തിലാണ് ചെന്നവസാനിച്ചത്.
ഇതേ പേരിൽ തന്നെ രണ്ട് സിനിമ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. ജൂലി എന്ന കേന്ദ്രകഥാപാത്രമായി പഴയ സിനിമയിൽ ലക്ഷ്മിയും പുതിയതിൽ ഷംന കാസിം എന്ന നടിയും ആയിരുന്നു. രണ്ട് സിനിമയും ഞാൻ കണ്ടിട്ടുണ്ട്. പമ്മൻ എഴുതിയതിൽ നിന്ന് വ്യത്യസ്തമായാണ് കഥയുടെ അവസാനഭാഗം സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ജൂലി എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥ. ചട്ടക്കാരി എന്നായിരുന്നു നമ്മൾ മലയാളികളുടെ പൂർവ്വികർ ആംഗ്ലോ ഇന്ത്യൻസിനെ വിളിച്ചിരുന്നത്. അവരോട് തികച്ചും അവജ്ഞയും വെറുപ്പും ആയിരുന്നു നമ്മുടെ നാട്ടുകാർക്ക്. അവർക്കും മറിച്ചല്ലായിരുന്നു. ജനിച്ചതും വളർന്നതും ഇന്ത്യയിൽ തന്നെ ആയിരുന്നെങ്കിലും പാശ്ചാത്യരാണ് തങ്ങളുടെ പൂർവികരെന്ന വിശ്വാസത്താൽ ജീവിതരീതികൊണ്ട് അവരെ അനുകരിച്ച് ജീവിച്ച ചട്ടക്കാർക്ക് നാട്ടിലെ മറ്റ് മനുഷ്യരോട് വെറുപ്പായിരുന്നു.
ഉഷ എന്ന ഹിന്ദു പെൺകുട്ടിയുമായി കൂട്ടുകൂടുന്ന ജൂലിക്ക് അവരുടെ രീതികളും സംസ്കാരങ്ങളും ചിന്താരീതികളും ഇഷ്ടപെടുന്നു. ഉഷയുടെ ചേട്ടൻ ശശിയുമായി അടുപ്പത്തിലാവുന്നതോടു കൂടി ജൂലിയുടെ ജീവിതം തന്നെ മാറിമറിയുന്നു. ശേഷം അവൾ കടന്ന് പോവുന്ന വിഷമങ്ങളും ബുദ്ധിമുട്ടുകളും കഠിനമായിരുന്നു.
ചട്ടക്കാരി ഒരു സിനിമ കാണുന്ന ലാഘവത്തോടെ വായിച്ചുപോവാം. സ്വാതന്ത്യത്തിന് ശേഷം നമ്മുടെ നാട്ടിൽ ആംഗ്ലോ ഇന്ത്യൻസ് എന്ന വിഭാഗത്തിൽ പെട്ടവർ അനുഭവിച്ചിരുന്ന പച്ചയായ ജീവിതം പമ്മൻ തുറന്ന് കാട്ടിയിരിക്കുന്നു..
"ജീവിതത്തിന്റെ വണ്ടിച്ചക്രങ്ങൾ നിൽക്കാതെ ഉരുണ്ടുകൊണ്ടിരിക്കുമ്പോൾ മറ്റെല്ലാം മറന്നു പോകും. പുതിയ പുതിയ ദൃശ്യങ്ങൾ അതിന്റെ ചില്ലിട്ട ജനലിൽ കൂടി മുമ്പിൽ തെളിഞ്ഞു വരുമ്പോൾ പഴയതെല്ലാം മറക്കപ്പെടും. അവ്യക്തമാകും.."
ജൂലി എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ ജീവിതമാണ് ചട്ടക്കാരി എന്ന നോവലിൽ പറയുന്നത്.. ജൂലിയുടെ ജീവിതത്തിലേക്ക് ആദ്യമായി കടന്നു വന്നത് അവളുടെ കളികൂട്ടുകാരൻ റിച്ചാർഡായിരുന്നു.. പക്ഷേ റിച്ചാർഡിൽ തന്റെ പ്രണയം കണ്ടെത്താൻ ജൂലിക്കു കഴിയുന്നില്ല.. ജൂലി സ്നേഹിച്ചത് ശശിയെ മാത്രമായിരുന്നു... പക്ഷേ ശശി അവളുടെ ജീവിതത്തിൽ കടന്നു വന്നത് മുതൽ അവളുടെ ജീവിതത്തിന്റെ ഗതി മാറി മറിയുകയായിരുന്നു..
ഏറെ വായിക്കപ്പെട്ട പമ്മന്റെ ഈ കൃതി 1974 ൽ സംവിധായകൻ കെ. എസ്. സേതുമാധവൻ ചലച്ചിത്രമാക്കിയിട്ടുണ്ട്.. ചലച്ചിത്രവും നോവലും തമ്മിൽ വ്യത്യാസങ്ങൾ കാണാമെങ്കിലും യാഥാർത്ഥ്യത്തിനോട് അടുത്ത് നിൽക്കുന്നത് പുസ്തകം തന്നെയാണ്... പ്രത്യേകിച്ചും കഥയുടെ അവസാനഭാഗങ്ങൾ സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ മാറ്റി ചിത്രീകരിച്ചിരിക്കുന്നതായി കാണാൻ സാധിക്കും.. . . . 📚Book- ചട്ടക്കാരി ✒️Writer- പമ്മൻ 🖇️Publisher- dcbooks