ക്ലാവു പിടിച്ച ജീവിതത്തിൻറെ ദുരന്തങ്ങൾ പേറുന്ന കഥാപാത്രങ്ങളാണ് മഞ്ഞക്കെട്ടിടത്തിലെ താമസക്കാർ. വേശ്യയും പണക്കാരനും ബ്രോക്കറും വഞ്ചിക്കപ്പെടുന്ന ഭർത്താവും മാനം വിറ്റ് ജീവിതമുണ്ണുന്ന പെൺകുട്ടികളും എല്ലാം തങ്ങൾക്കു നിഷേധിക്കപ്പെട്ട നല്ല ജീവിതത്തിനോടു പ്രതികാരം ചെയ്യുകയാണ്. മുറിവേറ്റ നീതി അവരുടെ സ്വത്വനിർമ്മിതിയിലുടനീള മുണ്ട്. ഈ കഥാപാത്രങ്ങളെ ആരെയും അവരുടെ ദുഷ്ചെയ്തികൾ നിമിത്തം വായനക്കാരൻ വെറുക്കുന്നില്ല. പാപം വിശുദ്ധിയുമായി താദാത്മ്യം പ്രാപിക്കുന്ന അത്ഭുതകരമായ കാഴ്ച മഞ്ഞക്കെട്ടിടത്തിലുടനീളം നിർമ്മിക്ക പ്പെടുന്നു. കാമവും കലഹവും മരണവും വിമോചനത്തിൻറെ പുതുരൂപങ്ങൾ പ്രാപിക്കുന്നു.
നന്ദനാരുടെ ഒരു പുസ്തകം ആദ്യമായിട്ടു വായിക്കുകയാണ്. പെട്ടെന്നു വായിച്ചു തീര്‍ക്കാമെന്നു കരുതിയിട്ടു തന്നെയാണ് ഒരു ചെറിയ പുസ്തകം തെരഞ്ഞടുത്തത്. ഹൃദയഹാരിയായ നോവല്‍, ഒത്തിരി കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു.