ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയെയും, അത് പിരിച്ച് വിടുവാൻ കാരണമായ വിമോചന സമരത്തെയും വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകം. കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് മുതലായ രാഷ്ട്രീയ കക്ഷികളുടെയും അവരുടെ നേതാക്കന്മാരുടേയും പശ്ചാത്തല വിവരണത്തിൽ പുസ്തകം ആരംഭിക്കുന്നു. 1957-59 കാലഘട്ടത്തിൽ സർക്കാർ കൊണ്ടുവന്ന സുപ്രധാന നിയമങ്ങളും, വിശേഷിച്ച് കാർഷികബന്ധു,വിദ്യാഭ്യാസ നിയമങ്ങൾ, അവയ്ക്ക് വിവിധയിടങ്ങളിൽ നിന്നു നേരിടേണ്ടി വന്ന വെല്ലുവിളികളും വിശദീകരിച്ചിരിക്കുന്നു. സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളും, വിവിധ സംഘടനകൾ, രാഷ്ട്രീയ കക്ഷികൾ ഭരണത്തിനെതിരേ തിരിയുവാനിടയായ മുഹൂർത്തങ്ങളും വഴി ആഖ്യാനം പുരോഗമിക്കുന്നു. എഴുപതു ദിവസം നീണ്ടുനിന്ന സമരത്തിൻ്റെയും അതിനു ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യത്തിൻ്റേയും സമഗ്രമായ ചിത്രം നൽകുന്നു. ഇരുവശത്തുമുണ്ടായിരുന്ന കക്ഷികളും നേതാക്കളും പിന്നീട് സഞ്ചരിച്ച പാതകൾ, കേന്ദ്ര സർക്കാർ 356 ആം വകുപ്പ് വീണ്ടും ഉപയോഗിച്ച സാഹചര്യങ്ങൾ എന്നിവ ചർച്ച ചെയ്തുകൊണ്ട് അവസാനിക്കുന്നു. വിവിധ പത്രങ്ങളിൽ നിന്നുള്ള വാർത്തകൾ, മുഖപ്രസംഗങ്ങൾ, പ്രസക്ത വ്യക്തികളുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ, പ്രസക്തമായ സാഹിത്യരചനാ ശകലങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. ലേഖകൻ്റെ തനതു ആക്ഷേപഹാസ്യ ശൈലി ആസ്വാദനം വർദ്ധിപ്പിക്കുന്നു.