ഭാഷയുടെ ഒഴുക്കാണ് തോറ്റങ്ങൾ. അതിശക്തമായ ഒഴുക്ക്. അറുപത്തെട്ടുകാരിയമ്മയുടെ ഭ്രമകല്പനകൾ പോലെ, പ്രളയം പോലെ...
നിലയില്ലാത്ത വെള്ളത്തിൽ, തൊണ്ണൂറ്റൊമ്പതിൽ, വെള്ളപ്പൊക്കത്തിൽ, കന്നിപ്രസവത്തിന് തോണിയേറി തോറ്റം കേട്ട് ജന്മഗേഹത്തിലേയ്ക്ക് യാത്രയായ ഉണ്ണിമോളാണ്, അച്ഛൻ്റെ "കൊഞ്ചിക്കുട്ടി"യാണ്, ആമ്പല് തേടി നടന്നവളാണ് ഭൂതകാലത്തിൽ അമ്മ. അവർക്ക് മുന്നിൽ കാലം മാറി, കഥ മാറി, ഭൂമി മാത്രം " കാലാകാലങ്ങളിലും യൗവനത്തോടെ സുഫലയായി, സുമംഗലിയായി, സുന്ദരിയായി... " ഓടപ്പഴം മോഹിച്ച്, അഞ്ജനക്കല്ലിനെ വരിച്ചയമ്മ. അമ്മ നരച്ചു. തണ്ടെല്ലു താണു. എങ്കിലും "കുളിർത്ത മനസ്സിൽ തളിരുകളിൽ പൂവിരിഞ്ഞു. കായായി, പഴമായി, ഓടപ്പഴമായി..." അമ്മ മക്കൾ ഓടപ്പഴത്തെ വരിക്കുന്നത് സ്വപ്നം കണ്ടു. എന്നിട്ടോ, മുറുക്കാനിടിക്കുന്ന ചെമ്പുലക്ക തലയിലിടിച്ചു മരിച്ചു. മരണപ്പായിലമ്മ, "ചെറുതായിച്ചെറുതായി, കന്യകയായി, ഇളം പൈതലായി, പുഴവക്കത്തൂടെ നടന്നു..."