ആശങ്കകള്‍, കൃഷ്ണന്റെ കുടുംബം, റഷ്യ എന്നിങ്ങനെ എം. മുകുന്ദൻ രചിച്ച മൂന്ന് ലഘുനോവലുകള്‍ അടങ്ങിയ സമാഹാരമാണിത്.
ഈ മൂന്ന് സൃഷ്ടികളെയും
കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ ചരടിൽ കോർത്തിണക്കിയാണ് മുകുന്ദൻ ഈ പുസ്തകം രചിച്ചിരിക്കുന്നത്.
കമ്മ്യൂണിസം ജീവശ്വാസമായിരുന്ന കരിയാട്ട് അപ്പുണ്ണി എന്ന മനുഷ്യൻ ഒടുവിൽ അതെല്ലാം വിട്ട് അതിസമ്പന്നനായ ഒരു ബിസിനസ്സുകാരനാവുകയും ഒടുവിൽ നേടിയ സമ്പത്തും നേട്ടങ്ങളുമെല്ലാം വെടിഞ്ഞു കാശിയിൽ അഭയം പ്രാപിക്കുന്നതാണ് "ആശങ്കകൾ" എന്ന ലഘുനോവൽ പറയുന്ന കഥ.
കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു അച്ഛനും മകനും.. അവർക്കിടയിൽ ഈശ്വരവിശ്വാസവുമായി ജീവിക്കുന്ന ഒരമ്മ.. ഇവരുടെ കഥയാണ് "കൃഷ്ണന്റെ കുടുംബം".
ഗോവിന്ദന്റെയും റൂസ്സിയുടെയും കഥയാണ് റഷ്യ. റൂസ്സി എന്ന് വെച്ചാൽ റഷ്യ എന്നാണ് ഹിന്ദി ഭാഷയിൽ അർത്ഥം വരുന്നത്. സംഘർഷങ്ങൾ നിറഞ്ഞ കൗമാരവും തീക്ഷ്ണമായ യൗവനവും കടന്ന് വാര്‍ദ്ധക്യത്തിലെത്തിയ ഗോവിന്ദൻ, ഒരു കാലത്ത് തന്റെ സ്വപ്നവും ഭാവിയുമായിരുന്ന തന്റെ സ്നേഹിതയെ കാണാൻ യാത്ര തിരിക്കുകയാണ്. ഒടുവിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്തു വെച്ച് ആ കണ്ടുമുട്ടൽ സംഭവിക്കുന്നു. എല്ലാം തകർന്നു വീഴുന്നു. ആദർശങ്ങൾ.. സ്വപ്നങ്ങൾ.. എല്ലാം..
മൂന്നു വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ, വ്യത്യസ്തരായ മനുഷ്യർ, വിഭിന്നമായ പശ്ചാത്തലങ്ങൾ...
വ്യത്യസ്തങ്ങളാവുമ്പോള്‍ത്തന്നെ ഈ മൂന്നിനെയും മുകുന്ദന്‍ അജ്ഞാതമായ ഒരു ചരടില്‍ കോര്‍ത്തിണക്കുന്നു.
മൂന്നു കൃതികളും പര്യവസാനിക്കുന്നത് പുതിയ പ്രതീക്ഷകളോടെയാണ് എന്നത് പോസിറ്റിവിറ്റിയായി കാണുന്നു.
.
.
.
📚Book - റഷ്യ
✒️Writer- എം. മുകുന്ദൻ
🖇️publisher- dcbooks