Sreekanth Kottakkal explores the life and films of ace director Sathyan Anthikad in Oru Anthikkattukarante Lokangal, a unique book on the director. It also has a number of photographs including his working stills.
സിനിമാപ്പുസ്തകങ്ങളുടെ പതിവ് ആഖ്യാന രീതികളിൽ നിന്ന് നല്ല രീതിയിൽ വ്യതിചലിക്കുകയും, റിപ്പോർട്ടിംഗ് ശൈലി അല്ലാതെ സാഹിത്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആഖ്യാനരീതി കൊണ്ടുവരികയും ചെയ്ത ആസ്വാദ്യകരമായ പുസ്തകമാണ് ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ. തൻറെ ലോകത്ത് ആഴത്തിൽ വേരോട്ടുകയും, തുടർന്ന് കേരളമൊട്ടാകെ തഴച്ചു വളർന്ന അവയെ തൻറെ സിനിമ കണ്ട മലയാളികളിലൂടെ ലോകം മുഴുവൻ പടർത്തുകയും അങ്ങനെ ലോകം മുഴുവൻ അന്തിക്കാടാക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ കഥയാണിത്. സിനിമയിൽ നിന്ന് അകന്ന് അതിൻറെ ആഡംബരങ്ങൾ കണ്ട് അമ്പരന്നു നിൽക്കുന്ന സാമാന്യ ജനത്തിന് അതിനു പുറകിലുള്ള അധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ആവശ്യം മനസ്സിലാക്കി തരാൻ കൂടി ഈ പുസ്തകം ഉപകരിക്കും.
എൻറെ അച്ഛനൊരു സത്യൻ അന്തിക്കാട് ഫാനായിരുന്നു. അദ്ദേഹത്തിന്റെ ഏകദേശം എല്ലാ സിനിമകളും ഞാൻ ചെറുപ്പത്തിൽ അച്ഛന്റെ കൂടെ തീയേറ്ററിൽ പോയി കണ്ടിരുന്നു. മലയാള സിനിമയിൽ "സത്യൻ അന്തിക്കാട്" ഒരു പ്രത്യേക അദ്ധ്യായമാണ്. മലയാളികൾക്ക് ഒരിക്കലും മടുക്കാത്തതാണ് അദ്ദേഹത്തിന്റെ സിനിമകളെന്ന് ഹിറ്റുകളിലൂടെ ഇപ്പോഴും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു. ആ സത്യൻ അന്തിക്കാടിനെ കൂടുതൽ അറിയാൻ , അദ്ദേഹത്തിന്റെ ജീവ ചരിത്രം അറിയാൻ താൽപ്പര്യമില്ലാത്ത മലയാളികൾ ആരുമുണ്ടാവില്ല. എങ്ങനെ ഇത്രയും "relatable" ആയ സിനിമകൾ ,വീണ്ടും വീണ്ടും ചെയ്യാൻ പറ്റുന്നു എന്ന് ഇപ്പോഴും ഞാൻ ചിന്തിച്ചിരുന്നിരുന്നു. ശ്രീകാന്ത് കോട്ടക്കൽ ഈ ബൂക്കിലൂടെ കൃത്യമായി അന്തിക്കാടിനെയും അദ്ദേഹത്തിന്റെ ലോകത്തെയും വരച്ചിരിക്കുന്നു. സത്യൻ അന്തിക്കാട് സിനിമകൾ പോലെ "ലളിതമായൊരു ഫീൽ ഗുഡ്" ജീവ ചരിത്രം.
സത്യൻ അന്തിക്കാടിന്റെ ജീവിതവും സിനിമയും ഉൾപ്പെടുത്തി ശ്രീകാന്ത് കോട്ടക്കൽ രചിച്ച ബയോഗ്രഫിയാണ് ഈ പുസ്തകം.
തൃശ്ശൂരിലെ അന്തിക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് സത്യൻ ജനിച്ചു വളർന്നത്. കള്ളും കൃഷിയും കമ്മ്യൂണിസവും മാത്രം നിലനിന്നിരുന്ന ഒരു ഗ്രാമം. പത്താം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ പിന്നെ,നാട്ടിലെ ലൈബ്രറിയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് സാഹിത്യത്തിൻറെ ആദ്യത്തെ ചുവട് അദ്ദേഹം വെച്ചു. സാഹിത്യത്തിനോട് തോന്നിയ ഇഷ്ടം സിനിമയിലേക്ക് വഴി തിരിച്ചു വിട്ടു.
കുറുക്കന്റെ കല്യാണം ആണ് സത്യൻ സ്വന്തമായി സംവിധാനം ചെയ്ത ആദ്യത്തെ സിനിമ, അത് വിജയിക്കുകയും ചെയ്തു. ലോഹിതദാസ്, മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെൻറ്, തിലകൻ തുടങ്ങി തന്റെ കലാജീവിതത്തിലൂടെ കടന്നുപോയ പല പ്രതിഭകളെ കുറിച്ചും ഈ രചനയിൽ വിവരിക്കുന്നുണ്ട്.
ഭാര്യയായ നിമ്മിയോട് തോന്നിയ പ്രണയവും പിന്നീട് നടന്ന സംഭവ ബഹുലമായ വിവാഹത്തെക്കുറിച്ചും മദിരാശിയിൽ അവരുടെ ഇടത്തരം കുടുംബ ജീവിതത്തെക്കുറിച്ചും ഈ രചനയിൽ വിവരിക്കുന്നുണ്ട്.
ടിപി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, സന്ദേശം തുടങ്ങി നിരവധി വിജയിച്ച സിനിമകൾ സത്യന് സ്വന്തമായിട്ടുണ്ട്. ശ്രീനിവാസനും സത്യനും ചേർന്ന് നിരവധി സിനിമകൾ രചിച്ചിട്ടുണ്ട്. സ്വന്തമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് അവർ പല തിരക്കഥകളും രൂപപ്പെടുത്തി എടുക്കുന്നത്.
നിരവധി കഥാപാത്രങ്ങളും ശ്രീനിവാസൻ സത്യൻ കൂട്ടുകെട്ടിൽ പിറന്നു. ദാസനും വിജയനും, പവനായി, ഗഫൂർക്കാ ദോസ്ത് .... അങ്ങനെ നിരവധി മനോഹരമായ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു.
പണത്തിനോട് ആർത്തിയില്ലാത്ത ഒരു വ്യക്തിയായിരുന്നു സത്യൻ, അതിനാൽ തന്നെ വർഷത്തിൽ ഒരു സിനിമ മാത്രമേ സത്യൻ സംവിധാനം ചെയ്യാറുള്ളൂ. ഭാര്യയോടും മൂന്ന് ആൺമക്കളോട് ഒപ്പം ഉള്ള കുടുംബ ജീവിതത്തിനും സത്യൻ പ്രാധാന്യം കൊടുത്തിരുന്നു.
ചലച്ചിത്ര ഗാനരംഗത്തും സിനിമ സംവിധാന രംഗത്തും ഒരുപോലെ തിളങ്ങിയ വ്യക്തിയാണ് സത്യൻ അന്തിക്കാട്. സിനിമയുടെ പിന്നാമ്പുറ കാഴ്ചകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കൃതി.🌠