Jump to ratings and reviews
Rate this book

Jeevitham Oru Pendulam | ജീവിതം ഒരു പെൻഡുലം

Rate this book
ദക്ഷിണകേരളത്തിലെ ഹരിപ്പാട്ട് എന്ന ഗ്രാമത്തിലെ കരിബാലേത്ത് തറവാടിന്റെ സുദീർഘമായ കഥയാണ് അദ്ദേഹം പറയുന്നതെങ്കിലും ഇതിൽ ഇരുപതാം നൂറ്റാണ്ടിലെ കേരളം ഉടനീളം ഇരമ്പിയാർക്കുന്നുണ്ട്. ബന്ധുസമൃദ്ധിയിൽപ്പോലും സ്നേഹദാരിദ്ര്യത്തിൽ ഉഴന്ന ഒരു ചെറുപ്പക്കാരൻ പ്രായത്തിനു നിരക്കാത്ത ദർശനഗരിമയോടെ പ്രണയവും തത്ത്വചിന്തയും പാട്ടിൽക്കലർത്തി മുഴുവൻ മലയാളികൾക്കുമായി വാരി വിതറുന്ന കാഴ്ചയുണ്ട്. 'നക്ഷത്രഗീത'ത്തിൽ ജി. ശങ്കരക്കുറുപ്പ് എഴുതിയതുപോലെ 'ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി!' എന്ന് അഭിമാനിക്കാവുന്ന വിധം സ്വന്തം സർഗാത്മകതയുടെ രാജരഥ്യയിൽ അഗ്നിരഥത്തിൽ എഴുന്നള്ളുന്ന ഒരു കവിയുടെ പ്രാണനുണ്ട്.

കവി, ഗാനരചയിതാവ് എന്നതിനു പുറമേ മലയാളസിനിമ യുടെ നാനാമേഖലകളില്‍ നിസ്തുലമായ പ്രതിഭാവിലാ സം തെളിയിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ. കേരള ത്തിലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഈ കൃതി യില്‍ അനുഭവിച്ചറിയാന്‍ കഴിയും.

മലയാള ഗദ്യത്തിന്റെ ലാവണ്യവും ഒഴുക്കും ഹൃദയഹാരിയായി ആവിഷ്‌കരിച്ചിട്ടുള്ള പുസ്തകം.

1341 pages, Kindle Edition

Published October 23, 2023

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
12 (75%)
4 stars
2 (12%)
3 stars
2 (12%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 3 of 3 reviews
299 reviews3 followers
May 10, 2024
I have read many autobiographies. This one is very unique. As author says, it's more his mother's life story as she asked him to write than author's autobiography. It goes deep into the family history and what's happened/happening in the various branches in the family. More than half of the book is about the family story and author's life till he completes his education.

Eventhough we know Sreekumaran Thampi as poet, writer, director and producer, the book doesn't go deep into those part of his life. He focuses more on his personal life till the untimely death of his son. As the author says, he considers his life is over the day his son died and lost all colors and joys in his life from that day.

One suggestion to the publisher is to add a family tree in the book, so that reader can go back and check who exactly is this family member and how he/she is related to the author.

It is a great book to read and I believe it should motivate anyone who is going through difficult phases in their life. As the author has said, he has gone through so many painful experiences which many others use as excuse for their addiction to alcohol, drugs or some other activities leading to destruction of their precious life. But even after suffering through all this painful experiences, the author stayed away from all such things and still believe no drug is as strong as the intoxication of life itself.
Profile Image for Sajith Kumar.
737 reviews148 followers
February 14, 2024
ഗാനരചയിതാവ്, കവി, കഥാകാരൻ, തിരക്കഥാകൃത്ത്, സംഗീതകാരൻ, ചലച്ചിത്രസംവിധായകൻ എന്നിങ്ങനെ ശ്രീകുമാരൻ തമ്പി കൈവെക്കാത്ത മേഖലകളില്ല. അതിൽത്തന്നെ ഗാനരചനയിൽ അദ്ദേഹത്തിന്റെ സ്ഥാനം അത്യുന്നതങ്ങളിലുമാണ്. കാവ്യസിദ്ധിയെ ശ്രേണികളിലാക്കിത്തിരിക്കുന്നത് ഉചിതമല്ല എന്നതുകൊണ്ടാണ് തമ്പി വയലാറിനുശേഷം കേരളം കണ്ട ഏറ്റവും നല്ല ഗാനരചയിതാവാണെന്നു പറയാൻ ഞാൻ മടിക്കുന്നത്. എൺപതിലധികം വർഷങ്ങൾക്കുമുമ്പ് ഹരിപ്പാട് എന്ന ഗ്രാമത്തിൽ തകർന്നുകൊണ്ടിരുന്ന ഒരു കൂട്ടുകുടുംബത്തിൽ ജനിച്ച്, മാതാപിതാക്കൾക്കവകാശപ്പെട്ട സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കുന്നതുകണ്ടുകൊണ്ട് വളർന്ന്, അഹങ്കാരത്തോടു തൊട്ടുനിൽക്കുന്ന ആത്മവിശ്വാസവുമായി ചലച്ചിത്രരംഗത്തെ ചവിട്ടുപടികളെല്ലാം കയറി മുകളിലെത്തിയതിനുശേഷം ഓരോ പടിയായി താഴേക്കിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയാണ് ആയിരം പേജ് വരുന്ന ഈ കൂറ്റൻ പുസ്തകം. 2022-ലെ വയലാർ അവാർഡ് ഈ കൃതി നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തവണകളായി പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളാണ് ഇവ. പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ നല്ലൊരവതാരികയും പുസ്തകത്തിലുണ്ട്.

ഈ കൃതിയിലെ കേന്ദ്രകഥാപാത്രം ഗ്രന്ഥകാരനാണ് എന്നു പറയുന്നതിനേക്കാൾ അദ്ദേഹത്തിന്റെ അമ്മയും കൂടിയാണ് എന്നു പറയുന്നതാവും ശരി. ആയിരത്തിൽ ആദ്യത്തെ 400 പേജുകൾ അമ്മയിൽത്തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. തുടർന്ന് തമ്പിയുടെ വിദ്യാഭ്യാസ-തൊഴിൽ-സിനിമാ മേഖലകളിലെ അനുഭവവിവരണത്തിനുശേഷം വീണ്ടും തന്റെ കുടുംബത്തിലേക്കൊതുങ്ങുന്നു. അമ്മയുടെ മരണം പേജ് 940-ലാണ്. തന്നെക്കുറിച്ച് കഥയെഴുതണമെന്ന അമ്മയുടെ ചെറുപ്പത്തിലേയുള്ള അഭ്യർത്ഥനയാണ് ഇതിന്റെ കാരണം. മാത്രമല്ല, കാര്യങ്ങൾ കഥാപ്രസംഗകയുടെ ഭാവചേഷ്ടകളോടെ അവതരിപ്പിക്കാനുള്ള കഴിവും ആ സംഭവങ്ങളെല്ലാം മകന്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സഹായിച്ചു. നല്ലൊരു കഥാകൃത്ത് കൂടിയായ തമ്പി ബാക്കിയെല്ലാം തന്റെ കയ്യിൽനിന്നും ഇട്ട് ആവർത്തനവിരസതയോ സ്ഥൂലത കൊണ്ടുള്ള മുഷിപ്പോ ഇല്ലാതെ പറഞ്ഞൊപ്പിക്കുന്നു. മാതൃത്വത്തെ ഇത്രയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകങ്ങൾ മലയാളത്തിലെന്നല്ല, മറ്റുഭാഷകളിലും ഏറെക്കാണില്ല. തമ്പിയുടെ മാതാവ് ഭവാനിയമ്മ തങ്കച്ചി പത്തുമക്കളെ പ്രസവിച്ചെങ്കിലും അവരിൽ അഞ്ചുപേരും നന്നേ ചെറുപ്പത്തിലേ മൃതിയടഞ്ഞു. ലേഖകന്റെ ജനനം 'ശ്രീകുമാരസംഭവം' എന്ന പേരിലൊരു അദ്ധ്യായത്തിൽ നൂറ്റിമുപ്പതാം പേജിൽ നടക്കുന്നു. അക്കാലത്ത് കുടുംബാംഗങ്ങൾ ഭാഗം വാങ്ങി പോയിരുന്നതുകൊണ്ട് കൂട്ടുകുടുംബങ്ങൾ തകർന്നുതുടങ്ങിയിരുന്നു. കൂട്ടത്തിൽ ഇളയ സഹോദരിയായിരുന്ന ഭവാനിയമ്മ ആരുടേയും പരിഗണനകളിൽ പെട്ടതുമില്ല. ഭാര്യയേയും മക്കളേയുംകാൾ തന്റെ കുടുംബത്തിനേയും അനന്തരവളേയും സ്നേഹിച്ച, ഇടയ്ക്കിടെ മനോരോഗം വരുന്ന ഭർത്താവ് അവരെ ദുരിതക്കയത്തിലാഴ്ത്തി. അമ്മയും മൂന്നാണ്മക്കളും പിന്നെയങ്ങ് ജീവിക്കുകയാണ് ചെയ്തത്. മനസ്സിന്റെ താളം ഇടയ്ക്കെല്ലാം നഷ്ടപ്പെടുന്ന ഭർത്താവിനെ സ്വത്തുപരിഗണനകളൊന്നുമില്ലാതെ വീണ്ടും കൂടെക്കൂട്ടിയപ്പോഴാണ് ഏറെക്കാലത്തിനുശേഷം രണ്ടു മക്കൾ കൂടി ജനിക്കുന്നത്. മക്കളുടെ തെറ്റുകളെ നിർദ്ദയം ശിക്ഷിക്കുമായിരുന്നുവെങ്കിലും ആ സ്നേഹസ്രോതസ്സ് അവർ തിരിച്ചറിഞ്ഞിരുന്നു.തികഞ്ഞ ഭാരവും പൂവായി കാണുകയും നിറഞ്ഞ നോവിലും നിർവൃതി കൊള്ളുകയും ചെയ്യുന്നവൾ എന്നാണ് തമ്പി സ്വന്തം മാതാവിനെ നിർവചിച്ചിരിക്കുന്നത്.

ഗ്രന്ഥകാരന്റെ കുട്ടിക്കാലത്തുതന്നെ മരുമക്കത്തായം നിയമം മൂലം നിർത്തലാക്കിയിരുന്നെങ്കിലും മിക്ക തറവാടുകളിൽനിന്നും അത് പൂർണമായി അരങ്ങൊഴിഞ്ഞിരുന്നില്ല. അമ്മാവൻ അപ്പോഴും ആചാരപരമായി തലപ്പത്തുതന്നെ നിന്നു. എങ്കിലും തറവാടുകളുടെ വിഭജനം ഉറപ്പായിക്കഴിഞ്ഞിരുന്നു. ലേഖകന്റെ പുന്നൂർ തറവാട്ടിൽത്തന്നെ പരമ്പരാഗതമായി സൗജന്യമായി ചെയ്തുവന്നിരുന്ന വിഷചികിത്സ പണം വാങ്ങിയാകുന്നു. കുടുംബക്ഷേത്രം പൊളിച്ച് അതിലെ വിഗ്രഹം നഗരത്തിലെ വ്യാപാരികൾക്ക് വിൽക്കുന്നു. എന്നാൽ തമ്പിയുടെ അച്ഛന്റെ തറവാട് പിന്നെയും വളരെക്കാലം ഭാഗം വെയ്ക്കാതെ പിടിച്ചുനിന്നു. പക്ഷേ മനുഷ്യബന്ധങ്ങൾ വളരെ മോശമാവുകയാണിവിടെ. കുടുംബാംഗങ്ങൾ എത്ര ഭക്ഷണം കഴിക്കണമെന്നുപോലും കാരണവർ നിശ്ചയിച്ച് അതിനുമാത്രമുള്ള നെല്ല് അളന്നുകൊടുക്കുന്ന അവസ്ഥയുണ്ടായി. മരുമക്കത്തായം സ്ത്രീകൾ വഴിക്കുള്ള ദായക്രമമായിരുന്നു. ഒരു കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയുടെ ഏറ്റവും മൂത്ത സഹോദരനാണ് കാരണവർ ആയിത്തീരുന്നത്. ആ സ്ത്രീയുടെ ഏറ്റവും മൂത്ത പുരുഷസന്തതി അടുത്ത കാരണവർ ആവുകയും ചെയ്യും (ഇതൊരു ലളിതവൽക്കരിച്ച ചിത്രമാണ്. ആദ്യം മകനുണ്ടാകുന്നത് അനിയത്തിക്കാണെങ്കിൽ കാരണവർ അവനാകും). എന്നാൽ സ്ത്രീകൾക്ക് കാര്യമായ അധികാരങ്ങളൊന്നും ഈ ഘടന അനുവദിച്ചിരുന്നില്ല എന്നു കാണാം. കരുത്തുറ്റ സ്ത്രീകളും അല്ലാത്തവരും ഈ പുസ്തകത്തിലുണ്ട്. വിവാഹബന്ധം ഉറപ്പുള്ളതായിരുന്നില്ല. ഭർത്താവ് പൊതുവെ ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. അവിടത്തെ കാരണവരോ അമ്മായിയമ്മ പോലുമോ ആവശ്യപ്പെട്ടാൽ അയാൾക്ക് ബന്ധം ഒഴിയേണ്ടിയിരുന്നു. പിതാവിന്റെ സ്വത്തിൽ മക്കൾക്കുള്ള അവകാശം പോലും സുനിശ്ചിതമല്ലാതിരുന്നതായിരുന്നു തമ്പിയുടെ കുടുംബം നേരിട്ട പല ദുർദ്ദശകളുടേയും മൂലകാരണം.

വളരെ വലിയ ഒരു രംഗവേദിയിലാണ് ഗ്രന്ഥകർത്താവ് തന്റെ കുടുംബത്തെ അവതരിപ്പിക്കുന്നത്. ഒരു വംശവൃക്ഷം കൂടി ചേർക്കുന്നത് നല്ലതായിരുന്നു. സഹോദരന്മാർ തമ്മിലുണ്ടായിരുന്ന ഉറച്ച സ്നേഹബന്ധം തമ്പി പല ചലച്ചിത്രങ്ങൾക്കും തിരക്കഥയാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഹരിപ്പാട്ടെ ഗ്രാമ്യഭാഷയിൽ നൽകിയിരിക്കുന്നു. അനേകം കുടുംബചിത്രങ്ങളും ഉണ്ട്. അതിൽ ഗ്രന്ഥകാരൻ വയലാർ, പി. ഭാസ്കരൻ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം വളരെ അപൂർവ്വമാണ്. മലയാളഗാനരംഗത്തെ 'മൂവേന്തർ' ഒന്നിക്കുന്ന ചിത്രങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. പല അദ്ധ്യായങ്ങളും അവസാനിക്കുന്നത് തമ്പിയുടെ ഗാന-കവിതാ ശകലങ്ങളിലാണ്. തന്റെ മനസ്സ് തൃപ്തമല്ലാത്തയിടങ്ങളിൽ സ്ഥിരതാമസമാക്കാനോ ജോലി ചെയ്യാനോ അദ്ദേഹം തയ്യാറായിരുന്നില്ല. ദാരിദ്ര്യം അനുഭവിക്കുമ്പോൾപോലും മേലധികാരിയുടെ ഇഷ്ടമില്ലാത്ത കല്പനകളെ ധിക്കരിച്ചുകൊണ്ട് കവി രാജിയെഴുതിനൽകുന്നു. സിനിമാരംഗത്തും അദ്ദേഹം വ്യത്യസ്തനായിരുന്നു. ജീവസന്ധാരണത്തിനുവേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യുമ്പോഴും തന്റെ സിനിമയിലെ കലാമൂല്യം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്���ു. സാമ്പത്തികവിജയം നേടാൻ കഴിയില്ല എന്നുറപ്പുള്ളപ്പോഴും കലാമേന്മയുള്ള 'ഗാനം' പോലുള്ള ചിത്രങ്ങൾ നിർമ്മിച്ചിരുന്നത് ഒരു ശരാശരി ആസ്വാദകന് എളുപ്പത്തിൽ പിടികിട്ടുകയില്ല. ആദ്യകാലത്ത് സ്വയം കഥ, തിരക്കഥ, ഗാനരചന, സംവിധാനം എന്നിവ നിർവഹിച്ച 'ചന്ദ്രകാന്തം' (1974) എന്ന ചിത്രം കലാമൂല്യമുള്ളതെങ്കിലും ഹിറ്റാകാതെ പോയതിന്റെ നിരാശ ഇടയ്ക്കെല്ലാം പ്രകടിപ്പിക്കുന്നു. പക്ഷേ 'ചട്ടമ്പിക്കല്യാണി' പോലുള്ള വാണിജ്യചിത്രങ്ങളും ടെലിവിഷൻ സീരിയലുകളും തമ്പി നിർമ്മിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനും അതേ പാത തന്നെ പിന്തുടർന്നു. മകനായ രാജകുമാരൻ തമ്പിയുടെ ആകസ്മികനിര്യാണത്തിൽ രക്തം കിനിയുന്ന ഗ്രന്ഥകാരന്റെ ഹൃദയം ഈ താളുകളിൽ വരച്ചുവെച്ചിട്ടുണ്ട്. ആ ദുരന്തവും അദ്ദേഹം അതിജീവിച്ചുവെന്നതാണ് വിസ്മയകരവും അവസാനം വരെ പ്രത്യാശ നിലനിർത്തുന്നതുമായ സംഗതി. ഈ പുസ്തകത്തിന്റെ അവസാനവാചകം വരെ ജീവിതത്തോടുള്ള സ്നേഹം നിറഞ്ഞുകവിയുന്നു. കാലമിനിയുമുരുളും, ഈ വന്മരവും ഒരിക്കൽ വീഴും. എങ്കിലും ഈ പുസ്തകത്തെ മലയാളിയുടെ മനസ്സിൽ എന്നും നിലനിർത്താൻ പോകുന്നത് ഈ ജീവിതാഭിനിവേശം തന്നെയാണ്.

സിനിമാപ്രവർത്തകരിൽ മാത്രമല്ല, സാഹിത്യകാരന്മാരിലും ശ്രീകുമാരൻ തമ്പി വ്യത്യസ്തനാണ്. ഇടതുപക്ഷത്തോടൊപ്പം ചേർന്നു നടക്കാതിരുന്നത് എല്ലാ മേഖലകളിലും രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള കേരളത്തിൽ അദ്ദേഹത്തിനൊരു ബാധ്യതയായി. ഒട്ടുമിക്ക അവാർഡുകളും രാഷ്ട്രീയമായി വീതം വെക്കുന്ന നാട്ടിൽ അദ്ദേഹം അവർക്കെല്ലാം അനഭിമതനായി. ഏറ്റവും ഒടുവിലുണ്ടായ കേരളഗാനവിവാദവും ഓർക്കുക. ശാസ്ത്രം പഠിച്ചയാൾ എന്ന പ്രത്യേകതയും അങ്ങനെയല്ലാത്ത ബഹുഭൂരിപക്ഷത്തിന് അദ്ദേഹത്തെ അകറ്റിനിർത്താൻ പ്രേരണ നൽകി. കലയോടൊപ്പം നടക്കുമ്പോഴും ശാസ്ത്രത്തെ തമ്പി ചേർത്തുനിർത്തി. സിനിമാ പ്രവർത്തനങ്ങളോടൊപ്പം സിവിൽ എൻജിനീയറായ അദ്ദേഹം കരാറടിസ്ഥാനത്തിലുള്ള ഒരു നിർമ്മാണ കമ്പനിയും വിജയകരമായി നടത്തി. ഗണിതം മഹനീയമായ കലയാണെന്നും ഏതു കലാസൃഷ്ടിക്കും പൂർണ്ണത കൈവരണമെങ്കിൽ കണക്കിന്റെ പിൻബലം വേണമെന്നുമാണ് അതിനദ്ദേഹം കണ്ടെത്തിയ ന്യായീകരണം. കവിതയും ഗാനവും എഴുതുമ്പോൾ അനുഭവിക്കുന്ന സംതൃപ്തി 'ഒരു പാലമോ അണയോ വാട്ടർ ടാങ്കോ ഡിസൈൻ ചെയ്ത് അതിന്റെ ഡ്രോയിങ്ങും ബാർ ബെൻഡിങ് ഷെഡ്യൂളും' തയ്യാറാക്കിക്കഴിയുമ്പോഴും അദ്ദേഹം അനുഭവിച്ചിരുന്നു. എന്നാൽ പണത്തിന്റെ കാര്യത്തിൽ കൃത്യമായി കണക്കുപറയുന്നതിന് ഈ ഗണിതവിജ്ഞാനം ഉപകാരപ്പെട്ടതുമില്ല.

സിനിമാജീവിതാനുഭവങ്ങൾ മറ്റൊരു പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കുറച്ചു കാര്യങ്ങളൊക്കെ ഇതിലുമുണ്ട്. എന്നാൽ ഈയൊരു ഒഴിവാക്കൽ മൂലം 1980-നു ശേഷം കാര്യമായൊന്നും സ്പർശിക്കുന്നില്ല. പക്ഷേ സിനിമയിൽ വന്നതിനുശേഷമുള്ള കൗതുകവും താല്പര്യവും ഉണർത്തുന്ന ചില ചെറിയ അദ്ധ്യായങ്ങൾ തുടർന്നു വരാനിരിക്കുന്ന പുസ്തകത്തിലേക്കുകൂടി ഉറ്റുനോക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പൊടിക്കൈകൾ അടങ്ങിയതാണ്. കച്ചവടബോധം ഗ്രന്ഥകാരനെ തീർത്തും ഉപേക്ഷിച്ചിട്ടില്ല. ഇതിൽ വിവരിച്ചിരിക്കുന്ന ചില ആകസ്മിക സംഭവങ്ങൾ ഗാനപ്രേമികളിൽ ഉദ്വേഗമുണർത്തുന്നതാണ്. ഏതോ ഒരു ഗാനത്തിന്റെ റെക്കോർഡിങ് സമയത്ത് യേശുദാസും വിശ്രുത സംഗീതസംവിധായകൻ എം. എസ്. വിശ്വനാഥനും സ്വരച്ചേർച്ചയിലല്ലാതാകുന്നു. അതിനെത്തുടർന്നാണ് വിശ്വനാഥൻ ചിട്ടപ്പെടുത്തിയ 'നീലഗിരിയുടെ സഖികളേ' എന്ന ഗാനം യേശുദാസ് പാടാതിരുന്നത് ! എന്നാൽ തമ്പി സംവിധാനം ചെയ്ത 'ചന്ദ്രകാന്തം' എന്ന ചിത്രത്തിൽ രണ്ടു പ്രതിഭകളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എങ്കിലും യേശുദാസ് വഴങ്ങാൻ തയാറായിരുന്നില്ല. ഒടുവിൽ ദാസിന്റെ അമ്മയെ ഇടപെടുവിച്ചുകൊണ്ട് ഒരു താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലായി. വീണ്ടും ഒന്നിച്ചപ്പോൾ വിശ്വനാഥൻ ആദ്യമായി യേശുദാസിനെ പഠിപ്പിച്ച പാട്ടാണ് 'ആ നിമിഷത്തിന്റെ നിർവൃതിയിൽ'. പിണക്കം തീർന്ന സന്തോഷത്തിൽ പിന്നീട് നൽകിയതാണ് 'ദിവ്യദർശനം' എന്ന ചിത്രത്തിലെ 'ആകാശരൂപിണി അന്നപൂർണേശ്വരി' എന്ന ഗാനം. ഇത് രണ്ടും യേശുദാസല്ലാതെ മറ്റൊരു ഗായകൻ പാടുന്നതിനെക്കുറിച്ച് ആസ്വാദകർക്ക് ചിന്തിക്കാൻ പോലും പറ്റാത്തവിധത്തിൽ മാസ്മരങ്ങളാണല്ലോ.

'നാൽപതു വർഷം മുമ്പ് മരിച്ചിരുന്നെങ്കിൽ നിങ്ങളെന്നെ ഒരു ലെജണ്ടായി വാഴ്ത്തിയേനെ' എന്ന തമ്പിയുടെ വാചകം സുഭാഷ് ചന്ദ്രന്റെ അവതാരികയിൽ ഓർത്തെടുക്കുന്നുണ്ട്. അതിൽ പ്രതിഫലിക്കുന്ന നിരാശയും മടുപ്പും വായനക്കാരിൽ ഉടനീളം വേദനയുടെ പശ്ചാത്തലസംഗീതമൊരുക്കുന്നു. വീണ്ടുമൊന്നാലോചിച്ചാൽ, സത്യത്തിന്റെ മുഖത്തുനോക്കി ഇത്ര ധീരമായി തുറന്നടിച്ചുപറയാൻ എത്രപേർ തയ്യാറാകും? കൃത്രിമവിനയം ശ്രീകുമാരൻ തമ്പിയുടെ ജന്മവാസനയല്ല. നിശ്ചിത അളവിൽ വിനയം പാലിക്കാതിരുന്നതുകൊണ്ട് കിട്ടുമായിരുന്ന ജോലികളും അവസരങ്ങളും അദ്ദേഹത്തെ കയ്യൊഴിഞ്ഞിട്ടുണ്ട്. 'നോക്കാത്ത ദൈവത്തെ കുമ്പിടുന്നതെന്തിന്?' എന്ന് അദ്ദേഹം രോഷത്തോടെ ചോദിക്കുന്നുമുണ്ട്. ജ്യോതിഷത്തിലും അമാനുഷശക്തികളിലുമെല്ലാം അല്പം ഭംഗിയായിത്തന്നെ അദ്ദേഹം വിശ്വസിക്കുന്നു. കുടുംബത്തിന്റെ ശത്രുവായിരുന്ന വല്യമ്മാവൻ കുമാരൻ തമ്പി പോലും 'എല്ലാ പാമ്പുകടിച്ചവരേയും ചികിത്സയ്‌ക്കില്ല, പക്ഷേ അദ്ദേഹം തൊട്ടവരെല്ലാം രക്ഷപ്പെടും' എന്ന് അഭിപ്രായപ്പെടുന്നതും ഇതുകൊണ്ടാണ്. വളരെ വലുതും അത്രത്തോളം ജീവിതഗന്ധിയായതുകൊണ്ടും ഈ പുസ്തകം വായിച്ചുതീർത്ത് അവസാനമായി അടച്ചുവെക്കുമ്പോൾ ഒരു ദീർഘകാലസുഹൃത്തിനെ പിരിയുമ്പോഴുള്ള നഷ്ടബോധത്തിന്റേതായ ഒരു നൊമ്പരം വായനക്കാരിൽ അവശേഷിക്കും. ഒരുപക്ഷേ ഇത്ര വലിയ കുടുംബപശ്ചാത്തലത്തിൽ ഇതുപോലൊരു കൃതി ഇനിയൊരിക്കലും മലയാളത്തിൽ ഉണ്ടായില്ലെന്നും വരും. മറഞ്ഞുകഴിഞ്ഞ ഒരു കാലത്തെ ഇതിലും നിറപ്പകിട്ടിൽ ആർക്കും പകർത്താനുമാവില്ല. അതുകൊണ്ടാണ് ചിലയിടങ്ങളിൽ അല്പമൊക്കെ വലിച്ചുനീട്ടുന്നതുപോലെ തോന്നുമെങ്കിലും സമാനജനിതകമുള്ള ഗ്രന്ഥങ്ങളിൽ ഈ കൃതി തന്റെ ഉന്നതസ്ഥാനം വ്യക്തമായി ഉറപ്പിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഹൃദയമാണ് അദ്ദേഹം ഈ താളുകളിൽ തുറന്നുവെച്ചിരിക്കുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

പിൻകുറിപ്പ് : ഒട്ടുവളരെ തവണ ഗ്രന്ഥകാരൻ 1974-ൽ പുറത്തിറങ്ങിയ തന്റെ 'ചന്ദ്രകാന്തം' എന്ന ചിത്രം പരാജയപ്പെട്ടതിനെക്കുറിച്ച് ചെറുതായി നിരാശപ്പെടുന്നുണ്ട്. അതിനാൽ ആ ചിത്രം യൂട്യൂബിൽ ഒന്നു കണ്ടുനോക്കി. അതിലെ ഏതാണ്ടെല്ലാ പാട്ടുകളും എക്കാലത്തേയും സൂപ്പർ ഹിറ്റുകളാണെങ്കിലും (ആ നിമിഷത്തിന്റെ നിർവൃതിയിൽ, രാജീവനയനേ നീയുറങ്ങൂ, പുഷ്പാഭരണം, ഹൃദയവാഹിനീ, സ്വർഗ്ഗമെന്ന കാനനത്തിൽ) കഥയും തിരക്കഥയുമൊക്കെ വളരെ പരിതാപകരമാണെന്നു പറയാതെ തരമില്ല. തമ്പി ഗാനരചനയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു നല്ലത് എന്നും തോന്നി.
Profile Image for Umesh.
52 reviews8 followers
March 10, 2024
ശ്രീകുമാരൻ തമ്പിയുടെ മാത്രമല്ല, അദേഹത്തിന്റെ അമ്മയുടെ, ഒരു വലിയ കുടുംബത്തിന്റെ, ഒരു കാലഘട്ടത്തിന്റെ തന്നെ കഥയാണിത്.
ഈ ആത്മകഥ കമ്പോട് കമ്പ് വായിച്ചു തീരുമ്പോൾ, ഒരു ബ്രിഹത്തായ നോവലിലേക്ക് ഇറങ്ങിച്ചെന്ന പ്രതീതി. അത്രയേറെ മിഴിവോടെയാണ് തമ്പി അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും കോറിയിട്ടിരിക്കുന്നത്.
This entire review has been hidden because of spoilers.
Displaying 1 - 3 of 3 reviews