What do you think?
Rate this book


1 pages, Audiobook
First published January 1, 2011
"മതാവകാശം എന്നൊക്കെ പറഞ്ഞ് ചിലര്‍ എതിര്‍ക്കും. അവരാണ് നൂറുകൊല്ലം മുന്‍പ് ദേവദാസിമാര്‍ ഉണ്ടെങ്കിലേ ദൈവം സുഖിക്കുകയുള്ളൂ എന്നു പറഞ്ഞ് തെരുവിലിറങ്ങിയത്; ഇരുനൂറു കൊല്ലം മുന്‍പ് ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യയെ എടുത്തിട്ട് കത്തിച്ചത്. ആനയെ മോചിപ്പിച്ചേ പറ്റൂ. ആന കാടിന്‍റെ രാജാവാണ്. അവനെ പിച്ചക്കാരനാക്കി വെച്ചിരിക്കുന്നത് ഈ രാഷ്ട്രത്തിനുതന്നെ അപമാനമാണ്"
ആനഡോക്ടർ ജയമോഹന്റെ വളരെ വ്യത്യസ്തമായൊരു നീണ്ടകഥയാണ്. യഥാർത്ഥ ജീവിതത്തിലെ പ്രശസ്ത വന്യമൃഗഡോക്ടറായ ഡോ. വി. കൃഷ്ണമൂർത്തി (ഡോ. കെ) യെ കേന്ദ്രകഥാപാത്രമാക്കി, അദ്ദേഹത്തിന്റെ ജീവിതത്തെ, പ്രവർത്തനങ്ങളെ പുരാണസമാനമായൊരു ആഖ്യാനരീതിയിൽ അവതരിപ്പിക്കുന്നൊരു കൃതിയാണിത്. ഇതൊരു കൃത്യമായ ജീവചരിത്രമല്ല. ഡോ. കെയുടെ ജീവിതത്തിലേയ്ക്ക് സാഹിത്യവും സങ്കൽപ്പവും ചേർത്തൊരുക്കിയൊരു കഥ.
“മനുഷ്യന്റെ അല്പത്തം ഓരോ ദിവസവും കാണണമെങ്കിൽ കാട്ടിൽ കഴിയണം. കാട്ടിൽ വിനോദയാത്രയ്ക്കായി വരുന്നവർ മിക്കവാറും വിദ്യാഭ്യാസമുള്ളവർ. വലിയ പദവികളിലുള്ളവർ. നാട്ടിൽനിന്നുതന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറ്. വരുന്ന വഴി മുഴുവൻ തീറ്റയും കുടിയുമാണ്. നിർത്തി നിർത്തി ഛർദിച്ചുകൊണ്ട് കുഴഞ്ഞാടി തെറിപറഞ്ഞ് ചിരിച്ചുകൊണ്ടാണ് വരവ്. നിശ്ശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളിൽ മുഴുവൻ ഹോണടിച്ച് മാറ്റൊലി നിറയ്ക്കും. അത്യുച്ചത്തിൽ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാൻ വിട്ട് ചാടിച്ചാടി നൃത്തംവെക്കും. തലയ്ക്കു മുകളിൽ അനുഗ്രഹിക്കാൻ പൊന്തിനില്ക്കുന്ന മലമുടികളെ നോക്കി പുലഭ്യം വിളിച്ചുപറയും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. പാതയോരത്ത് കുത്തിയിരിക്കുന്ന കുരങ്ങുകൾക്ക് പഴങ്ങൾക്കുള്ളിൽ ഉപ്പോ മുളകുപൊടിയോ വെച്ചുകൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാൽ ഹോണടിച്ച് നിലവിളിച്ച് ഓടിക്കും. എനിക്കൊട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയബോധവും ഉള്ളവർ പക്ഷേ, കാട്ടിലെത്തിയാൽ തനി ചെറ്റകളാണ്. കേരളസംസ്കാരത്തിനുതന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട് എന്നു തോന്നും. കാട് എന്ന വാക്കുതന്നെ മലയാളത്തിൽ നന്മയ്‌ക്കെതിരായ പൊരുളിലാണ് പ്രയോഗിക്കാറ്. കാടുപിടിച്ച് കിടക്കുക, കാടുകയറുക, കാടൻ, കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവൃത്തിയെ ഞാൻ മനസ്സിലാക്കിത്തുടങ്ങിയത്. അവർ കാട്ടിലെത്തിയാൽ വിജയം ആഘോഷിക്കുകയാണ്…”
ഈ കഥയിലെ, ഒരു പക്ഷെ, ഏറ്റവും പ്രസക്തമായ ഭാഗമാണിത്. ഇതിലെ കേന്ദ്രകഥാപാത്രം, ആനഡോക്ടർ എന്നറിയപ്പെടുന്ന ഡോ. കെ, ഈ കഥയുടെ വിവരണക്കാരനോട് പറയുന്നത്. വായനയ്ക്കുശേഷവും മനസ്സിൽ തങ്ങിനിൽക്കുന്നത് ഈ വാക്കുകളാണ്. കൂടെ, എത്ര മായ്ച്ചാലും മാഞ്ഞുപോവാത്തൊരു ചിത്രം പോലെ ഒരാനയുടെ ചീഞ്ഞളിഞ്ഞ ജഡവും അതിൽ മാംസം തിളയ്ക്കുന്നപോലെ പുളയുന്ന വെളുത്ത പുഴുക്കളും. നമ്മളോട് ആനഡോക്ടറുടെ കഥപറയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ അയാളുടെ സകല അറപ്പും വെറുപ്പും ഉരിഞ്ഞുകളയുന്നതോടൊപ്പം വായനക്കാരായ നമ്മളും സകല അഹങ്കാരങ്ങളും ആത്മപ്രശംസയും മറന്ന്, പതിയെ കാടിനോടും ഡോ. കെയോടും ആദരപൂർവ്വം വണങ്ങിനിൽക്കും. അങ്ങനെയാണ് ജയമോഹൻ ഇതിൽ എഴുതിവെച്ചിരിക്കുന്നത്. ആനഡോക്ടർ വായിച്ചുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓർമ്മയിൽ നിൽക്കുന്നത് ഒരു പ്രത്യേക സംഭവമോ കഥാപാത്രമോ ആയിരിക്കില്ല; മറിച്ച് ഡോ. കെയുടെ സാന്നിധ്യമാണ്. ജയമോഹൻ അദ്ദേഹത്തെ ഒരു അതിമാനുഷനായി ചിത്രീകരിക്കുന്നില്ല. പകരം, പ്രകൃതിയെ നിയന്ത്രിക്കേണ്ട ഒന്നല്ല, ആദരിക്കേണ്ട ഒന്നാണെന്ന് ജീവിതംകൊണ്ട് പഠിപ്പിക്കുന്ന മനുഷ്യനായാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വന്യജീവികളെക്കുറിച്ചുള്ള കഥ മാത്രമല്ല, മറിച്ച്, കരുണ, വിനയം, മനുഷ്യന്റെ പരിധികൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ധ്യാനവുമാണ്.
136 പുറങ്ങൾ മാത്രമുള്ള ഈ പുസ്തകത്തിൽ ഏതാണ്ട് തൊണ്ണൂറോളം പേജുകളിൽ മാത്രമായാണ് ആനഡോക്ടറുടെ കഥ പറയുന്നത്. ബാക്കിയുള്ളതിൽ രണ്ടു പേജുകളിലായി Lord Byron എഴുതിയ Epitaph to a Dog എന്ന കവിതയും, പിന്നീട് കൊടുങ്കാറ്റ് കുലച്ച കടൽ എന്ന ശീർഷകത്തിൽ ജയമോഹനും കെ. വിശ്വനാഥനും തമ്മിലുള്ള സംഭാഷണവുമാണ്. ഒരു മലയാളിയായിട്ടും എന്തുകൊണ്ട് തമിഴിൽ കൂടുതൽ കൃതികളെഴുതുന്നു, സാഹിത്യത്തിൽ തമിഴിന്റെ ഉണർവ്വും ഉയർച്ചയും, മലയാള-തമിഴ് സാഹിത്യങ്ങളുടെ താരതമ്യം എന്നിങ്ങനെ പലവിഷയങ്ങൾ ഇവിടെ ചർച്ചചെയ്യപ്പെടുന്നു. കൂട്ടത്തിൽ എന്നെ ഏറ്റവും അധികം ആകർഷിച്ചത്, മഹഭാരതത്തെ അധികരിച്ച് ജയമോഹൻ എഴുതുന്ന വെൺമുരശ് എന്ന പരമ്പരയാണ്. http://venmurasu.in എന്ന വെബ് സൈറ്റിൽ ഇത് പ്രസിദ്ധീകരിച്ചുവരുന്നുവെന്ന് കണ്ടതുകാരണം ഞാനവിടെ പോയിനോക്കി. തമിഴ് വായിക്കാൻ കുറച്ചൊക്കെ അറിയാമെങ്കിലും വായിക്കുന്ന വാക്കുകളുടെ അർഥം മനസ്സിലാകാതെ വന്നപ്പോൾ ചെറിയൊരു വിഷമം. ഈ പരമ്പര എന്നെങ്കിലും മലയാളത്തിൽ വന്നിരുന്നെങ്കിൽ എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം.
ആനഡോക്ടറും അവസാനം വരുന്ന സംഭാഷണവും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല. അതിനാൽ തന്നെ ഇതുരണ്ടും ഒരു പുസ്തകത്തിൽ ഉൾപ്പെടുത്താതെ വെവ്വേറെ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. കാരണം ആനഡോക്ടർ മനസ്സിൽ നിന്നും പോകുംമുന്നേ നമ്മൾ തികച്ചും വ്യത്യസ്തമായൊരു ലോകത്തേയ്ക്ക് എടുത്തെറിഞ്ഞതുപോലെയായിരുന്നു തോന്നിയത്. രണ്ടും നല്ലതുപോലെ വായിച്ചിരിക്കേണ്ടതുതന്നെ. ഇതൊരിക്കലും പുസ്തകത്തിന്റെ പോരായ്മയായി പറയുന്നതല്ല. ജയമോഹന്റെ എഴുത്ത് ഇതിനും മുൻപേ മനസ്സിൽ കയറിക്കൂടിയതാണ്. നൂറു സിംഹാസനങ്ങളിലൂടെയും മാടൻ മോക്ഷത്തിലൂടെയും. ആനഡോക്ടർ ഒരു സാധാരണ കഥയുടെ ചട്ടക്കൂടുകളിൽ ഒതുങ്ങുന്നില്ലെങ്കിൽപ്പോലും ഉള്ളിൽതട്ടിയുള്ളൊരു വായന ഉറപ്പായും അനുഭവിക്കാനാവും. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാർക്കൊപ്പം ജയമോഹനും എന്റെയുള്ളിൽ ഒരു സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ജയമോഹന്റെ എഴുത്ത് ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ടൊരു പുസ്തകമാണിത്.