ചരിത്രം മൗലികവും യഥാർത്ഥവുമായ സംഭവമല്ല, മറിച്ച്, ദ്വിതീയമായ ഒരു ആഖ്യാനം വിവരിക്കുന്ന കഥ മാത്രമാണെന്നും അതുകൊണ്ടുതന്നെ മേൽക്കോയ്മ നേടുന്ന ഏത് അധികാരശക്തിയുടെ കാലത്തും അത് അസംഖ്യം തവണ മാറ്റിയെഴുതാനും രൂപഭേദപ്പെടുത്താനും കഴിയുന്നതുമാണ് എന്നതായിരുന്നു ഉത്തരാധുനികതയുടെ ചരിത്രസങ്കല്പം. ആഖ്യാനത്തിന്റെ ഒരു ധർമം മാത്രമാണ് അവിടെ ചരിത്രജ്ഞാനം.ഇതിന്റെ എതിർദിശയിലാണ് ചരിത്രവും ഭൂതകാലവും പ്രമേയമാക്കുന്ന സമകാലിക നോവലുകൾ സഞ്ചരിക്കുന്നത്. ഭൂതകാലത്തിന്റെ യാഥാർത്ഥ്യം തേടാനായി അവ ചരിത്രാഖ്യാനത്തിന്റെ പുതിയൊരു പ്രകാരം കല്പിത കഥയിൽ രൂപപ്പെടുത്തുന്നു. ചരിത്രത്തെ ആഖ്യാനത്താൽ നിർമിക്കപ്പെടുന്നതായല്ല, അതിനെ രൂപപ്പെടുത്തുകയും നിർണയിക്കുകയും ചെയ്യുന്ന ഭൗതികശക്തിയായാണ് പുതിയ നോവലുകൾ കാണുന്നത്. ഈ പുതിയ ചരിത്രബോധവും ആഖ്യാനസങ്കല്പവും വെളിപ്പെടുത്തുന്ന രചനയാണ് വി. ഷിനിലാലിന്റെ ഇരു.
വംശീയ ഉന്മൂലനം നേരിടുന്ന വേടര്‍ സമൂഹത്തിന്‍റെയും കാണിക്കാരുടെയും ജീവിതപരിസരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥ. ചരിത്രത്തിന്‍റെയും കേട്ടുകേള്‍വിയുടെയും ഭാവനകളുടെയും ബീജങ്ങളെ സന്നിവേശിപ്പിച്ച് ഒരുക്കിയെടുത്ത ചിത്രം.
ചരിത്രവും മിത്തും ഇടകലർന്ന വായനാനുഭവം. നൂറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങി, ഇന്നും തുടരുന്ന ഫ്യൂഡൽ സംവിധാനത്തിൻ്റെ ഭാഗമാവാൻ വിധിക്കപ്പെട്ട ജനതകളുടെ താഴ്ച്ചയുടെയും അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങളുടെയും അക്ഷരാവിഷ്കാരം. ഒരു വേള കഥാകൃത്ത് തന്നെ കഥാപാത്രത്തിലേക്കു പരകായപ്രവേശനം നടത്തുകയും കഥക്കുള്ളിലെ കഥകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.രണ്ട് വ്യത്യസ്ത തലത്തിലുള്ള എഴുത്തുകാരുടെ ചാറ്റിംഗിലൂടെ തുടങ്ങി, ചടുലതയിൽ അനാവൃതമാകുന്ന ക്ലൈമാക്സിലെ വ്യത്യസ്ത അടരുകളിലൊന്നിൽ രണ്ടു പേരും സന്ധിക്കുന്നതാണ്.ഒരു വേള കൃതിയുടെ പേരും കൂടിയായ ഇരു എന്ന നോവലിസ്റ്റ്, ലയനയുടെ അന്വേഷണങ്ങളുടെ ഉത്തരങ്ങളുടെ ഭാഗമാവുന്നുണ്ട്. മതാന്ധത, വിദ്വേഷഹേതുവാകുന്ന സമകാലിക സാഹചര്യങ്ങളിൽ ഖുർആനും പ്രതിഷ്ടിച്ച ക്ഷേത്രം എന്നത് പ്രതീക്ഷയുടെ ഭൂതകാലത്തിലേക്കുള്ള ഓർമപ്പെടുത്തലാണ്. വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകളുടെ കൃത്ത് ഷിനിലാലിൻ്റെ മറ്റൊരു മഹത്തായ സൃഷ്ടി.
തിരുവിതാംകൂർ ചരിത്ര നോവലായ സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയുടെ ചില വരികൾക്കിടയിലൂടെയുള്ള ഭാവനയുടെ സഞ്ചാരമാണ് ഈ നോവൽ ' ചരിത്രവും ഭാവനയും ഉൾചേർത്തുള്ള രചനാശൈലി