ഇടുക്കി ഗോൾഡ് , കലാതിലകം, ശ്വാസം , നടപ്പുദീനം, 52*32 , കെയ്റോ തുടങ്ങീ ആറ് ചെറുകഥകൾ. പലപ്പോഴായി ഗ്രന്ഥശാലകളിലും പുസ്തകമേളകളിലും കണ്ടു പരിചയിച്ച പുസ്തകം എന്ന നിലക്കാണ് വായന തുടങ്ങിയത്. ‘ഇടുക്കി ഗോൾഡ്’ ആഷിഖ് അബു സിനിമയുടെ കഥ സന്തോഷിന്റേതായിരുന്നു എന്നാണ് ഓര്മ . സിനിമയിലെ കഥ ചെറുകഥയിൽ എങ്ങിനെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന താല്പര്യത്തോടെയാണ് വായന തുടങ്ങിയത് . പ്രതീക്ഷിച്ചപോലെ തന്നെ ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമയും ‘ഇടുക്കി ഗോൾഡ്’ എന്ന ചെറുകഥയും തമ്മിൽ പുലബന്ധംപോലുമില്ല. സൗഹൃദത്തിന്റെ വീണ്ടെടുക്കലിൽ സിനിമയിലെ പോലെ തുടങ്ങുന്നുവെങ്കിലും പിന്നെ കാണുന്നത് പരകായ പ്രവേശന രംഗവും മനുഷ്യ മനസ്സിന്റെ അത്രപിടിതരാത്ത മലക്കംമറിച്ചിലുമായിട്ടു കഥയവസാനിക്കുന്നതാണ്.
‘കലാതിലകം’ എന്ന ചെറുകഥ കഥാതന്തുവിൽ പലനിലക്കും ഒരു ക്ലിഷേ കൊണ്ടുവരുന്നുണ്ട്. സ്ത്രീയുടെ വ്യക്തിസ്വതന്ത്രവുമായി ബന്ധപ്പെട്ട ഈ വിഷയങ്ങൾ മുൻപും ചർച്ചയായിട്ടുണ്ടെങ്കിലും തന്റെ ലളിതമായ ഭാഷ കൊണ്ടും നർമ്മോക്തി കൊണ്ടും കഥയെ രക്ഷിച്ചെടുക്കാൻ എഴുത്തുകാരനാവുന്നു. നടപ്പുദീനം, 52 ഗുണം 32 എന്നെ കഥകൾ സാമൂഹിക പ്രാധാന്യമുള്ളതിനോടൊപ്പം സമൂഹത്തിന്റെയും വ്യക്തികളുടെയും ദ്വദ്ധ സ്വഭാവങ്ങൾ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് കാണിക്കുന്നു.
കൂട്ടത്തിൽ ഏറ്റവും മികച്ചത് ‘ശ്വാസം’ എന്ന കഥാതന്നെയാണ് എന്ന് നിസ്സംശയം പറയാം. ഒരു സാരോപദേശ സ്വഭാവം ഈ കഥക്കുണ്ട്. ബംഗാളി കമ്മ്യൂണിസ്റ്റായ വികാസ് എന്നകഥാപാത്രം കടുത്ത ആസ്തമ രോഗിയാവുന്നതും ശാരീരിക പ്രയാസങ്ങളാൽ തന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം പാർട്ടി ഏൽപ്പിച്ച ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിഞ്ഞു ചികിത്സാർത്ഥം ട്രെയ്നിൽ യാത്രതിരിക്കുന്നതും തുടർന്നു ആ യാത്രക്കിടയിൽ അയാൾക്കുണ്ടാവുന്ന തിരിച്ചറിവും ഒരു യഥാർത്ഥ മനുഷ്യസ്നേഹിയായ അയാൾക്ക് തിരിച്ചു വീണ്ടും പാർട്ടി സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതുമൊക്കെ ആർദ്രതയോടെ പറയാൻ കഴിഞ്ഞു എന്നതാണീ കഥയുടെ പ്രത്യേകത. പലനിലക്കും സന്തോഷിന്റെ തന്നെ ‘ബിരിയാണി’ എന്ന ചെറുകഥയെ ഓര്മിപ്പിക്കുന്നുണ്ട് ‘ശ്വാസം’. ബംഗാളിയുടെ തൊഴിൽ കുടിയേറ്റങ്ങളുടെ കാരണങ്ങളിലേക്കും ട്രേഡ് യൂണിയൻ അപചയങ്ങളുമെല്ലാം ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു. ബംഗാളും കേരളവും പലതരത്തിലും വ്യത്യസ്തമാണെന്ന് തന്നെയാണ് പല ലയറുകളുള്ള ഈ കഥയിലൂടെ, ശ്വാസം എന്ന മെറ്റഫറിലൂടെ,എഴുത്തുകാരൻ പറയാൻ ശ്രമിക്കുന്നത്. നിരാശപ്പെടുത്താത്ത വായനാനുഭവം..
The book has 6 stories written in 6 different plots. Cant choose one over other as all are equally good. Anyway if you want me to pick one, I will go for 'swasam'.