ജീവിതമെന്ന ക്ലീഷേ ----------------------------------- ബിപിൻ ചന്ദ്രൻ എഴുതിയ "കപ്പിത്താന്റെ ഭാര്യ" എനിക്കിഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോൾ നല്ല വായനാശീലമുള്ള എന്റെ സുഹൃത്ത് ചോദിച്ചു: "എങ്ങനെ? അതിൽ മുഴുവൻ ക്ലീഷേകളല്ലേ?"
സാഹിത്യകാരന്മാർ മൂർഖൻ പാമ്പിനെപ്പോലെ ഒഴിച്ചുനിർത്തുന്ന വസ്തുവാണ് ക്ലീഷേ. അമിതോപയോഗം മൂലം തേഞ്ഞ് അർത്ഥം പോയ ആശയങ്ങളും ശൈലീപ്രയോഗങ്ങളുമാണ് ക്ലീഷേകളായി അറിയപ്പെടുന്നത്. മസാലപ്പടങ്ങളിലും ജനപ്രിയസാഹിത്യത്തിലും ഇവ സുലഭമാണ്. എന്നാൽ ഗൗരവപൂർണ്ണമായ രചനകളിലേർപ്പെടുന്നവർ ഈ സാധനത്തോട് സാമാന്യം നല്ല സാമൂഹിക അകലം പാലിക്കുന്നതു കാണാം.
ആഴത്തിൽ ചിന്തിച്ചപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞത് ശരിയാണെന്ന് എനിക്കു സമ്മതിക്കേണ്ടി വന്നു. ഈ നോവൽ നിറയെ ക്ലീഷേകളാണ്. എന്നു പറഞ്ഞാൽ പോര, ഈ നോവൽ മൊത്തത്തിൽ ഒരു ക്ലീഷേയാണ്! പിന്നെ ഇതെങ്ങനെ എന്നെപ്പോലെ ഒരു തഴമ്പിച്ച വായനക്കാരന്റെ മനസ്സിൽ കടന്നുകൂടി?
ഇവിടെയാണ് ഗ്രന്ഥകർത്താവിന്റെ കൈവിരുത് വെളിവാകുന്നത്. താൻ പറയാൻ പോകുന്ന കഥ തികച്ചും പൈങ്കിളിയാണെന്ന് അദ്ദേഹത്തിനു നന്നായറിയാം. അതിനെ ഏതു തരത്തിൽ പരിചരിച്ചാലും "പൈങ്കിളിത്ത"ത്തിൽ നിന്ന് അതിനു മോചനം കിട്ടാൻ പ്രയാസം. അപ്പോളദ്ദേഹം എന്തു ചെയ്തു? അടിമുടി അതിൽ മുങ്ങി മൊത്തത്തിലങ്ങ് അഭിരമിക്കാൻ തീരുമാനിച്ചു!
തോമസ്സുകുട്ടിയുടേയും ആനിയമ്മയുടേയും പ്രണയം ക്ലീഷേയാണ്. കടലിൽ കാണാതായ കപ്പിത്താനെക്കാത്തുള്ള റോസിലിയാന്റിയുടെ ഇരിപ്പും നമ്മൾ സാഹിത്യത്തിൽ പലതവണ കണ്ടതാണ്. നായികയും നായകനും വേർപെട്ടു പോകുന്നതും അനേകം ദുർഘടങ്ങൾക്കു ശേഷം വീണ്ടും ഒന്നാവുന്നതും മുത്തശ്ശിക്കഥകൾ മുതൽ കാണുന്നതുമാണ്... കഥ തുടങ്ങുമ്പോഴേ ഇതിങ്ങനെയൊക്കെയേ അവസാനിക്കൂ എന്നു നമുക്കറിയാം; ഒരു "ഫീൽ ഗുഡ്" സിനിമ പോലെ.
ഇവിടെ ഗ്രന്ഥകാരൻ നമ്മോടു പറയുകയാണ്: "ഈ പറഞ്ഞതെല്ലാം സത്യമാണ്, സമ്മതിച്ചു. ഇത് വിശ്വോത്തര നോവലൊന്നുമല്ല. പക്ഷെ സൂക്ഷിച്ചുനോക്കിയാൽ ജീവിതം തന്നെ ഒരു ക്ലീഷേയല്ലേ? മാറി നിന്നു നോക്കിയാൽ - അരിസ്റ്റോട്ടിൽ പറഞ്ഞ പോലെ - ചിരിയല്ലേ വരിക?"
ബിപിൻ ചന്ദ്രൻ നല്ല ശുദ്ധമായ കോട്ടയം ഭാഷയിൽ ഒരു പ്രണയകഥ വിവരിക്കുമ്പോൾ അതിനെ കാലത്തിൽ ബന്ധിക്കാനുപയോഗിക്കുന്നത് "രാജാവിന്റെ മകൻ" മുതൽ "ടൈറ്റാനിക്കു" വരെയുള്ള ജനപ്രിയ ചിത്രങ്ങളാണെന്നുള്ളത് യദൃച്ഛയാ സംഭവിച്ചതല്ല. കഥയിൽ ഉടനീളം ഏച്ചുകൂട്ടിയിട്ടുള്ള നാടകീയരംഗങ്ങളും കൃത്യം മദ്ധ്യഭാഗത്തുതന്നെ പ്രത്യക്ഷപ്പെടുന്ന ഇടവേളയും നമ്മളെ നമ്മളറിയാതെ ഒരു സിനിമാക്കൊട്ടകയിലെത്തിക്കുന്നു; നാമവിടെ നമ്മുടെ ബുദ്ധിജീവി മുഖംമൂടി അഴിച്ചുവെക്കുന്നു; സ്റ്റണ്ടുരംഗങ്ങളിൽ കയ്യടിക്കുന്നു; സങ്കടരംഗങ്ങളിൽ മൂക്കുപിഴിയുന്നു; ഗാനരംഗങ്ങളിൽ ഏറ്റുപാടുന്നു... ഒടുവിൽ വിളക്കുതെളിയുമ്പോൾ ഒരല്പം നഷ്ടബോധത്തോടെയെഴുന്നേറ്റ് തെരുവിലേക്കിറങ്ങുന്നു...
ജീവിതം സുഖപര്യവസായിയായ ഒരു കഥയല്ല. തന്നിൽ നിക്ഷിപ്തമായ ശക്തിയുപയോഗിച്ച് എഴുത്തുകാരൻ അതിനെ അങ്ങനെയാക്കുന്നു - ഇയാൻ മക്ഇവാന്റെ "അറ്റോൺമെന്റി"ലെ ബ്രയണി ടാലിസിനെപ്പോലെ. നമുക്കെല്ലാം മറന്ന് അതാസ്വദിക്കാം. അതുകഴിഞ്ഞ് സ്വയം കളിയാക്കിച്ചിരിക്കാം.
മനസ്സ് നിറയുന്ന രചന. വായിക്കാൻ തുടങ്ങിയാൽ അവസാനിപ്പിക്കാതെ എടുത്തു വെക്കാൻ ഈ പുസ്തകം വായനക്കാരെ അനുവദിക്കില്ല. വളരെ ചെറിയ പുസ്തകം ആണെങ്കിലും അവതരണരീതി അത്യാകർഷകമാണ്. മധ്യതിരുവിതാംകൂറിലെ അച്ചായന്മാരുടെ ഭാഷയിൽ കാച്ചിക്കുറുക്കി എഴുതിയ സ്നേഹവിരുന്ന്. തോമസുകുട്ടിയും ആനിയമ്മയും ഒന്നിക്കണമെന്ന് ഓരോ നിമിഷവും വായനക്കാർ ആഗ്രഹിക്കുമ്പോൾ കപ്പിത്താനെ കാത്തിരിക്കുന്ന റോസിലിയാന്റി സ്നേഹത്തിന്റെ തീവ്രത കാണിച്ചുതരുന്നു. പ്രണയവും സൗഹൃദവും ചതിയും വിരഹവും വളരെ ലളിതമായി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ അവതരിപ്പിച്ചിരിക്കുന്നു.
എന്താ പറയാ... ഓരോന്നാന്തരം പുസ്തകം. അറിയാതെ അവസാനം കണ്ണുനീർ പൊടിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപാട് സിനിമ റഫറൻസ് ഒക്കെ വച്ച നല്ലൊരു അനുഭവം. ഒറ്റയിരിപ്പിനു വായിച്ചു തീർക്കമായിട്ടും സമയം കാരണം മാറ്റി വച്ചത് നല്ല അബദ്ധമായിപ്പോയി. ഒന്നുകൂടി വായിക്കാൻ തക്ക പുസ്തകം. പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുന്ന ഏതൊരാളുടെയും മനസ്സിൽ തട്ടുന്ന അവതരണം
മനസ്സ് നിറയുന്ന രചന. വായിക്കാൻ തുടങ്ങിയാൽ അവസാനിപ്പിക്കാതെ എടുത്തു വെക്കാൻ ഈ പുസ്തകം വായനക്കാരെ അനുവദിക്കില്ല. വളരെ ചെറിയ പുസ്തകം ആണെങ്കിലും അവതരണരീതി അത്യാകർഷകമാണ്. മധ്യതിരുവിതാംകൂറിലെ അച്ചായന്മാരുടെ ഭാഷയിൽ കാച്ചിക്കുറുക്കി എഴുതിയ സ്നേഹവിരുന്ന്. തോമസുകുട്ടിയും ആനിയമ്മയും ഒന്നിക്കണമെന്ന് ഓരോ നിമിഷവും വായനക്കാർ ആഗ്രഹിക്കുമ്പോൾ കപ്പിത്താനെ കാത്തിരിക്കുന്ന റോസിലിയാന്റി സ്നേഹത്തിന്റെ തീവ്രത കാണിച്ചുതരുന്നു. പ്രണയവും സൗഹൃദവും ചതിയും വിരഹവും വളരെ ലളിതമായി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ അവതരിപ്പിച്ചിരിക്കുന്നു.
ട്വിറ്ററിൽ അഭിജിത്ത് വി. എം. എഴുതിയ റിവ്യൂവിൽ പറഞ്ഞ പോലെ 2021ൽ ഇരുന്ന് 1980കൾക്ക് എഴുതിയ പ്രേമലേഖനം പോലെയാണ് ഈ നോവൽ.
എൺപതുകളുടെ തുടക്കം മുതൽ ടൈറ്റാനിക്ക് റിലീസായ 1997 വരെ നീളുന്നു ഇതിന്റെ ആഖ്യാനം. ടൈറ്റാനിക്ക് ഞാൻ കാണുന്നത് കോളേജിൽ പഠിക്കുമ്പോൾ തൃശൂർ രാഗത്തിൽ ഫസ്റ്റ് ഡേ സെകൻഡ് ഷോയ്ക്ക് ആണ്. അന്ന് നിന്ന ക്യൂവും പടം കഴിഞ്ഞ് തിരിച്ച് വന്നതും ഇന്നും ഓർമയുണ്ട്. ഈ നോവലും അത് പോലെ തന്നെ. എൺപതുകളെ കൂട്ട് പിടിച്ച് സിനിമയെ ചേർത്ത് പിടിച്ച് ഒരു കലക്ക് കലക്കീട്ടുണ്ട് ബിപിൻ ചന്ദ്രൻ.
ബിപിൻ ചന്ദ്രന്റെ “കപ്പിത്താന്റെ ഭാര്യ” വളരെ വ്യത്യസ്തമായ ���ോവലായിട്ടാണ് അനുഭവപ്പെട്ടത്. പ്രതീക്ഷയാണ് ഈ നോവലിനെ മുന്നോട്ടു നയിക്കുന്നത്. ഒരു കപ്പലിന്റെ നാവികനായി ലോകം ചുറ്റിയ ക്യാപ്റ്റൻ ജോൺ ഫെർണാണ്ടസ്. അദ്ദേഹത്തിന്റെ തിരോധാനം തകിടം മറിക്കുന്ന കുടുംബാന്തരീക്ഷം. അദ്ദേഹത്തിന്റെ ഭാര്യ റോസി ഒഴികെ എല്ലാവരും അയാൾ മരിച്ചെന്ന് തീറെഴുതി. ഈ സ്ത്രീയെ പരിചരിക്കുവാനായി ആനിയമ്മ എന്ന യുവതി എത്തുന്നു. അവളുടെ കാമുകനാണ് തോമസുകുട്ടി. തോമസുകുട്ടിയുമായി അപ്രതീക്ഷിയമായുണ്ടാകുന്ന ഒരു സംഘർഷത്തിൽ അദ്ദേഹത്തിന്റെ സുഹൃത്ത് കൊല്ലപ്പെടുന്നതോടെ തോമസുകുട്ടി കൊലപാതകി ആകുന്നു. പോലീസുകാരിൽ നിന്നും രക്ഷപെടുവാനായി തോമസുകുട്ടി മുക്കുവൻമാർക്കിടയിൽ ഒളിച്ചു പാർക്കുന്നു. മുക്കുവൻമാരോടൊപ്പം മീൻ പിടിക്കുവാൻ കടലിൽപോയ തോമസുകുട്ടി ഉൾപ്പെടുന്ന സംഘം കടൽഘോഭത്തിൽ ദിക്ക് തെറ്റി മാലിദ്വീപിൽ എത്തിച്ചേരുന്നു. അവിടുത്തെ പോലീസുകാർ അവനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കാലങ്ങൾ തടവിൽ പാർപ്പിക്കുന്നു. അങ്ങനെ കടലിൽ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയതമന്മാരെ തേടി രണ്ട് ഭാര്യമാർ ഹൃദയവ്യഥയോടെ കാത്തിരുന്നു. ആ നാട്ടിൽ പ്രദർശിപ്പിക്കപ്പെട്ട ടൈറ്റാനിക് എന്ന സിനിമയിലെ രംഗങ്ങൾ ഈ സ്ത്രീകൾ കാണുന്നു. ഇതിലെ കഥാപാത്രങ്ങളിലൂടെ ഈ സ്ത്രീകൾ തങ്ങളുടെ ജീവിതങ്ങളെയാണ് കണ്ടത്. സിനിമ കണ്ട് കരഞ്ഞുതളർന്നു തിരിഞ്ഞുനടന്ന ഈ സ്ത്രീകൾ കാണുന്നത് കടലിൽ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയതമന്മാരെയാണ്. ഏറ്റവും ശ്രദ്ധേയം ഇത് കണ്ട് നിന്ന വികാരിയച്ചന്റെ വാക്കുകളാണ്. അദ്ദേഹം പറയുന്നു, ഞാൻ ഇനി പ്രതീക്ഷകളെകുറിച്ച് പ്രസംഗിക്കുമ്പോൾ ഉദാഹരണമായി പറയുന്നത് ഈ സ്ത്രീയുടെ ജീവിതമായിരിക്കും. ഈ നോവൽ വായിക്കുന്നവർക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല. നല്ലൊരു വായനാനുഭവം സമ്മാനിച്ച ബിപിൻ ചന്ദ്രന് നന്ദി.
"വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ടു വന്നോളു. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റുപോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല..." ബിപിൻ ചന്ദ്രന്റെ ആദ്യ നോവലായ 'കപ്പിത്താന്റെ ഭാര്യ' യെ കുറിച്ച് ബെന്യാമിൻ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ഒരു സാധരണ നോവൽ പക്ഷെ കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്നതിന് സിനിമയെ ആണ് ഉപയോഗിച്ചിരിക്കുന്നത്. ബിപിൻ ദാസ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ ബെസ്റ്റ് ആക്ടർ, 1983, പാവാട ഈ മൂന്ന് സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യം നൽകിയിട്ടുണ്ട്. അതേ പോലെ തന്നെയാണ് കപ്പിത്താന്റെ ഭാര്യയിലെ റോസിയാന്റിയേയും ആനിയമ്മയേയും സൃഷ്ടിച്ചിരിക്കുന്നത്. തോമസ്കുട്ടിയുടെയും ആനിയമ്മയുടെയും പ്രണയത്തിന്റെ ഇടനിലക്കാരനെ പോലെ വരുന്ന ബഷീർ കൃതികൾ❤️❤️❤️. ഒരു തെളിവും അവശേഷിപ്പിക്കാതെ മായാജാലത്തിലെന്നപോലെ മാഞ്ഞുപോയ കേരളത്തിന്റെ പഴയ കപ്പൽ എം വി കൈരളി, കൈരളിയുടെ ക്യാപ്റ്റൻ മരിയാദാസ് എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിൽ മരണം വരെ കാത്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചും വന്ന പ്രത്രവാർത്ത നോവലിന് പ്രചോദനമായത് എഴുത്തുകാരൻ ആമുഖത്തിൽ പറയുന്നുണ്ട്.
തീരുമ്പോൾ തീർന്നു പോയല്ലോ എന്നു വിചാരിച്ചു തട്ടിത്തടഞ്ഞു എഴുന്നേറ്റ് പോവുക...
______________________________________________________ 'ബാറില്‍ കേറി ഒരു നിപ്പനടിക്കുന്ന മട്ടില്‍ ഒറ്റയടിക്ക് ആസ്വദിക്കാവുന്ന ഒരു കഥ' ബെന്യാമിന്റെ ഈ പ്രസ്താവന 100 ശതമാനം ശരിയാണ്...ഈ പുസ്തകത്തിന് ഇതിനേക്കാൾ മികച്ച review വേറെ ഇല്ല..