മുഹമ്മദ് അബ്ബാസ് താങ്കളെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കോഴിക്കോട്ടെ ഡി സി ബുക്സിൽ കയറിയിറങ്ങുമ്പോഴാണ് അവിടുത്തെ സുഹൃത്തുക്കളിൽ നിന്നും മുഹമ്മദ് അബ്ബാസ് എന്ന ഗ്രന്ഥകർത്താവിനെ പരിചയപ്പെടുന്നത്. ഒരു രാത്രിയുടെ ഉറക്കം തടസ്സപ്പെടുത്തിയാണ് മുഹമ്മദ് അബ്ബാസിന്റെ “ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ” എന്ന പുസ്തകം വായിച്ചത്. തമിഴ്നാട്ടിൽ ജനിച്ച്, മലയാളം പഠിച്ചിട്ടില്ലാത്ത, എട്ടാം ക്ലാസുകാരനായ ഒരുവൻ, പെയിൻറ് പണിചെയ്ത് ഉപജീവനം നടത്തുന്നതിനിടയിൽ വായനയുടെ ലോകം സൃഷ്ടിക്കുകയും, മലയാള സാഹിത്യത്തെ കൂട്ടിക്കലർത്തി തന്റെ ജീവിതത്തെ അവതരിപ്പിച്ചപ്പോൾ മുഹമ്മദ് അബ്ബാസ് നിങ്ങൾ ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി.
സൈക്യാട്രിക് വാർഡിന്റെ ഇടനാഴിയിലും, പെയിന്റ് പണിയുടെ വിശ്രമവേളയിലും, ജീവിത സങ്കീർണ്ണതകളെ മാറ്റിനിർത്തി താങ്കൽ സൃഷ്ടിച്ച വായനയുടെ ലോകം ശരിക്കും എന്നെ അതിശയിപ്പിക്കുന്നു. “ഖബറിൽ പോകുമ്പോഴും കൈയ്യിൽ പുസ്തകം കരുതിയേക്കാവുന്ന ഞാൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആകാൻ പോയപ്പോഴും പുസ്തകം കരുതി” വായനയോടുള്ള താങ്കളുടെ ആവേശം താങ്കളുടെ ഓരോ അക്ഷരത്തിലും ഞങ്ങൾ അനുഭവിച്ചറിയുന്നുണ്ട്. കൊടിയ സഹനങ്ങളുടെ പെരുവെയിലിലും വാടി പോകാതെ എഴുത്തുകളുടേയും വായനയുടെയും വസന്തം സമ്മാനിച്ചതിന് നന്ദി.