"തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താർജ്ജിക്കലാണ് യഥാർത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു. ടി. ഡി. രാമകൃഷ്ണൻ "
'ഇന്നത്തെ നേതാക്കമ്മാര് കാട്ടിക്കൂട്ടണപോല പ്രസംഗമൊന്നും നടത്തിയില്ല അയ്യങ്കാളി. എറങ്ങി അടിച്ചു. കണ്ണുംമുമ്പ കിട്ടിയ എല്ലാമ്മാരേം അങ്ങേര് തന്നെ എറങ്ങി അടിച്ചു. അടി ചെയ്യണ ഒതവി അണ്ണൻ തമ്പീം ചെയ്യൂല എന്ന് കേട്ടിറ്റില്ലേ. അങ്ങനെയാണ് ചന്തയിൽ നമുക്കും കേറാൻ പറ്റിയത്.'
എലിസൺ തന്റെ മകനായ പീലിപ്പോസിനോട് പറയുന്ന അടിയുടെ ചരിത്രമാണ് ഷിനിലാൽന്റെ അടി എന്ന ഈ നോവൽ. നാടൻ ചട്ടമ്പിമാരുടെ കഥ എന്ന് മാത്രമല്ല ഒരു സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പും പല അടികളുടെ സാന്നിധ്യത്തിൽ നോവൽ പറഞ്ഞുവെക്കുന്നു. നോവലിൽ സംഘർഷഭരിതമായ രംഗങ്ങൾ രസകരമായി വിവരിക്കുമ്പോഴും, ദളിത് ജീവിതത്തിലെ നിസ്സഹായതയും യാഥാർഥ്യങ്ങളും വ്യക്തമായി പറയുന്നുണ്ട്. തന്റെ മകനോട് വളരെ ആവേശത്തിലാണ് എലിസൺ കഥകൾ പറഞ്ഞു പോകുന്നത്. കഥകളുടെ മൂല്യത്തെപറ്റി തന്റെ മകനോട് എലിസൺ പറയുന്ന ഒരു ഭാഗമുണ്ട്.
'മോനെ, കഥ എന്നുവെച്ചാൽ നാട്ടുമനുഷ്യരുടെ ചരിത്രം തന്നെ. ചെല കുടുംബങ്ങൾക്ക് കഥ ഇഷ്ടപ്പെടൂല്ല. കഥ പറയണവരെയും. കാരണം അവരിക്ക് പറയാനായിറ്റ് നല്ല കഥയൊന്നും കാണൂല്ല. കൊടിയ കൊലപാതകങ്ങൾക്ക് മേലെയാണ് മകനേ വലിയ മാളികകൾ പണിതു വച്ചിരിക്കണത്.'
തിരുവിതാംകൂറിന്റെ അടികളുടെ ചരിത്രം പറയുന്ന ഇതിലെ സംഭാഷണങ്ങളെല്ലാം ആ പ്രാദേശിക ഭാഷയിൽ തന്നെയാണുള്ളത്. അതിന് ഒരു താളമുണ്ട്, വായിക്കുമ്പോൾ ആ താളത്തിലേക്ക് എത്തിയാൽ മാത്രമേ ഈ നോവലിന്റെ വായന പൂർണ്ണതയിലെത്തൂ എന്നാണഭിപ്രായം.
മേലെ ഉള്ളതിന് ഉപരി ഒരു ഉദാഹരണം കൂടി പറഞ്ഞാൽ. കരാട്ടെക്കാരനായ സമ്പായിയെ ഇരുട്ടടി അടിച്ചിട്ട ശേഷം കാട്ടുമാക്കാൻ ചട്ടമ്പി പറയുന്നത്..
'അവന്റമ്മേര കലാട്ടെ. എടാ, കാട്ടടീരോടെ ഒക്കുമോടാ നിന്റെ ഒണക്ക കലാട്ട.'