കുട്ടിക്കാലത്ത് തനിക്കുണ്ടായ ഒരു അനുഭവത്തിൻ്റെ ആമുഖത്തോടെയാണ് ഡിന്നുവിൻ്റെ കഥകളുടെ സമാഹാരം തുടങ്ങുന്നത്. പിന്നീട് ആ അനുഭവത്തിൻ്റെ പാടുകൾ പല കഥകളിലും വന്നു പോകുന്നതും കാണാം. വെട്ടിയൊതുക്കിയ ഭാഷയുടെ കൈമുതലുണ്ട് ഡിന്നുവിന്ന്. എന്നാൽ അതിൽ ആവർത്തിക്കപ്പെടുന്ന അനേകം ഇമേജറികളുമുണ്ട്. ഡിന്നുവിൻ്റെ കഥാപാത്രങ്ങളിൽ പലരും രാത്രികളിൽ കഥകളിലേക്ക് ഞെട്ടിയുണരുകയോ വന്നു കയറുകയോ ഇറങ്ങിപ്പോവുകയോ ചെയ്യുന്നവരാണ്. ഇരുട്ട്, രാത്രി, കുന്നിൻപുറം എന്നു തുടങ്ങി കഥയുടെ ഭൂപ്രകൃതി ആവർത്തിക്കുന്നത് കാണാം. ഒരേ സ്ഥലത്ത് നടക്കുന്ന പല കഥകൾ പോലെ. 'വ്ലാഡിമറിൻ്റെ ജനാല' മാത്രമാണ് അതിൽ നിന്നും മാറി നടക്കുന്നത്. കാറ്റ് പല കഥകളിലും പല കാലങ്ങളിലായി പല തരങ്ങളിൽ വീശുന്നു. അത് ഇലകളെ പല പല രീതികളിൽ പൊഴിക്കുന്നു. അടർത്തിയിടുന്നു. ഡിന്നു കാറ്റിനെ കുറിച്ച് എഴുതുന്നത് വായിച്ചിരിക്കാൻ തന്നെ ഒരു രസമുണ്ട്. ഈ സമാഹാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് 'ശബ്ദങ്ങൾ' എന്ന കഥയാണ്. സാഹിത്യത്തിന് മാത്രം സാധ്യമായ കഥപറച്ചിൽ കൊണ്ട് അത് വായനക്കാരനെ കൗതുകപ്പെടുത്തുണ്ട്. ആ കഥയെ നിങ്ങൾക്ക് മറ്റൊരു മീഡിയത്തിലൂടെ അവതരിപ്പിക്കാനേ സാധ്യമല്ല എന്നതാണ് ഡിന്നുവിൻ്റെ ഭാഷയുടെ കരുത്ത്. കാലത്തേയും സമയത്തേയും പല കഥകളിലും ബെൻ്റ് ചെയ്യുന്നുണ്ട്. അതിലൂടെയുള്ള കഥാപാത്രങ്ങളുടെ പോക്കുവരവുകളും ഡിന്നു സമർത്ഥമായി എഴുതി വച്ചിട്ടുണ്ട്.
പരമ്പരാഗത കഥാഖ്യാനശൈലിയുടെ ചട്ടക്കൂടുകൾ എല്ലാം തകർത്തുള്ള രചനാരീതികൊണ്ട് വ്യത്യസ്തമാണ് ഡിന്നു ജോർജ്ജ് എഴുതിയ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “ക്രാ” എന്ന ഗ്രന്ഥം. ഈ പുസ്തകം ആകർഷിച്ചത് ഇതിന്റെ പേരാണ്. “ക്രാ.”ആറ് കഥകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആറു വ്യത്യസ്ത കഥകൾ. കഥകളും കഥാപാത്രങ്ങളും വ്യത്യസ്തം. പക്ഷേ ഈ കഥകളെല്ലാം കൈകാര്യം ചെയ്യുന്നത് ഏകാന്തത എന്ന പ്രമേയമാണ്. ഭാര്യ മരണപ്പെട്ട പിതാവിന്റെ ദുഃഖത്തോടുള്ള മകന്റെ സഹാനുഭൂതിയാണ് “ക്രാ” എന്ന കഥ. കാണാതായ ഭാര്യയെ തേടിയലയുന്ന മനുഷ്യന്റെ കഥയാണ് “ശബ്ദങ്ങൾ.” മരണവും ജീവനും തമ്മിലുള്ള സംഘർഷത്തിന്റെ കഥയാണ് “കുരിശിന്റെ വഴി.” സാധാരണ ജീവിതാനുഭവങ്ങളിലെ അസാധാരണതയെ തിരയുന്ന അക്കാമ്മ എന്ന സ്ത്രീയുടെ കഥയാണ് “പ്രാണം.” ഹോട്ടൽ മുറിയിലെ ജനാലയുടെ നിഗൂഢതകളിലേക്കുള്ള സഞ്ചാരമാണ് “വ്ലാദിമിറിന്റെ ജനാല എന്ന കഥ. ഡിന്നു ജോർജിന്റെ കഥകൾക്കെല്ലാം ഒരു നിഗൂഢതയുണ്ട്. ഒറ്റ വായനയിൽ അതിന്റെ ആഴങ്ങൾ കണ്ടെത്തുവാൻ സാധിക്കില്ല. അത് കണ്ടെത്തുവാൻ വീണ്ടുമൊരു വായന അനിവാര്യമാണ്. ആ ആവർത്തനത്തിൽ ഈ കഥകളുടെ അർത്ഥതലങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ഡിന്നു ജോർജിന് അഭിനന്ദനങ്ങൾ.