അനുഭവങ്ങളിൽ നിന്ന് ജ്ഞാനോദയം നേടിയ കവിയാണ് കൽപ്പറ്റ നാരായണൻ. മെഴുകുതിരി വെളിച്ചം കൊണ്ട് സൂര്യനെ അനുഭവിപ്പിക്കുന്ന സവിശേഷമായ രചനാകൗശലമാണ് ഈ കവിയുടെ കൈമുതൽ. കവിത വായനക്കാരിൽ വരുത്തുന്നു അവബോധപരിണാമമാണ് ഇദ്ദേഹത്തിന് കവിത.
Kalpatta Narayanan (born January, 1952) is an Indian novelist, short story writer, essayist, columnist, and a poet of Malayalam literature. He is known for his novel, Ithramathram and a number of poetry anthologies and other literary contributions. He is a recipient of several awards including Basheer Literary Award, Ayyappan Puraskaram and the Kerala Sahitya Akademi Award for Literary Criticism.
ഹൃദയം കൊണ്ട് ഹൃദയത്തെ തൊടുന്ന ജീവിതത്തിന്റെ നനവുള്ള കവിതകൾ മലയാളസാഹിത്യത്തിന് സമ്മാനിച്ച അതുല്യനായ കവിയാണ് കൽപ്പറ്റ നാരായണൻ. അദ്ദേഹത്തിന്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു മുടന്തന്റെ സുവിശേഷം’ എന്ന കവിതാസമാഹാരം അസാധാരണമായ കവിതകളുടെ സംഗമമാണ് എന്നു പറയുന്നതിൽ തെറ്റില്ല. ആരോ വരച്ചിട്ട വൃത്തങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ തന്റെ കവിതകളെ തടങ്കലിലിടാതെ തന്റേതായ കവിതാലോകം സൃഷ്ടിച്ച അദ്ദേഹം പച്ചയായ ജീവിതയഥാർത്ഥ്യങ്ങളെ വായനക്കാരന് തുറന്നുവെച്ചു. ആലങ്കാരികത നഷ്ടമാക്കാത്ത ആശയലോകവും, വാക്കുകളുടെ ബഹുലത കെടുത്താത്ത രചനാശൈലിയും കൽപ്പറ്റ നാരായണൻ മാഷിന്റെ കവിതകളുടെ പ്രത്യേകതയാണ്. മനുഷ്യന്റെ ജൈവിക ഭാവം തെളിമവറ്റാതെ സംവേദനം ചെയ്യുവാൻ കൽപ്പറ്റ നാരായണൻ മാഷിന്റെ കവിതകൾക്ക് സാധിക്കുന്നു.
“കണ്ണാടി, ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ ബെസ്റ്റ് സെല്ലർ ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള നിത്യപാരായണഗ്രന്ഥം ബൈബിളിനേക്കാൾ സ്തോത്രം ചെയ്യപ്പെട്ട ഉത്തമഗ്രന്ഥം വായിച്ചവർ വായിച്ചവർ വ്യത്യസ്തമായി വികാരാധീനരായ ക്ലാസ്സിക് എത്ര വായിച്ചാലും മടുക്കില്ല എത്ര പഠിച്ചാലും പഠിയില്ല, കണ്ണെടുക്കാൻ തോന്നില്ല വഴിയിൽക്കണ്ടാലറിയില്ല.”
“വളർച്ച അകന്നു പോകലാണ്. കൈ വിടുവിച്ച് ഓടാൻ തുടങ്ങുമ്പോൾ തനിച്ച് തോർത്താൻ തുടങ്ങുമ്പോൾ മേൽവെച്ച കൈ അനിഷ്ടത്തോടെ താഴത്തെടുത്തിടുമ്പോൾ താനില്ലാത്തപ്പോൾ കൂടുതലുണ്ടു സുഖമായുറങ്ങി എന്നറിയുമ്പോൾ ഓരോ അമ്മയും കുറേശ്ശേയായി അനാഥയാകുന്നുണ്ട്.”
“തിരിഞ്ഞുനോക്കിയാൽ മാത്രം കാണുന്ന എന്നെ മുന്നോട്ടു മാത്രം പോയിക്കൊണ്ടിരുന്നവർ കണ്ടില്ല.”
“അമ്മ മരിച്ചപ്പോൾ ആശ്വാസമായി. ഇനിയെനിക്കത്താഴപ്പഷ്നി കിടക്കാം, ആരും സ്വൈരം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ തല തുവർത്തണ്ട ആരും ഇഴ വിടർത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആൾമറയിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ട് പുസ്‌തകം വായിക്കാം പാഞ്ഞെത്തുന്ന ഒരു നിലവിളി എന്നെ ഞെട്ടിച്ചുണർത്തില്ല.
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോർച്ചെടുക്കണ്ട. വിഷം തീണ്ടി രോമത്തുളകളിലൂടെ ചോര വാർന്ന് ചത്ത അയൽക്കാരനെയോർത്ത് ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ് ഇന്നലെ ഇല്ലാതായി.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം ഞാൻ എത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു.”
ഇതുപോലുള്ള കൽപ്പറ്റ നാരായണൻ മാഷിന്റെ കവിതകൾ സംവേദനം ചെയ്യുന്ന ആശയലോകം വായനക്കാരന്റെ ഹൃദയത്തെ വല്ലാതെ പൊള്ളിക്കും എന്നതിൽ സംശയമില്ല. നല്ലൊരു വായനാനുഭവം സമ്മാനിച്ച നല്ലൊരു ഗ്രന്ഥം.