കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം... ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം... ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!
പ്രണയം വിജയിക്കണമെങ്കിൽ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കണമെന്നില്ല. ഉപാധികൾ ഇല്ലാത്ത ഒന്നാണ് പ്രണയം. പ്രണയം ഒരേസമയം മധുരിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. നന്ദന്റെയും ആയിഷയുടെയും പ്രണയമാണ് ഈ നോവലും പ്രതിപാദിക്കുന്നത്. ഇത്തരം പ്രണയങ്ങൾ ഇന്നത്തെ കാലത്ത് നമുക്ക് ചുറ്റും ഒരുപാട് കാണുന്നതാണ്.
പ്രണയം വിജയിക്കണമെങ്കിൽ ഒരുമിച്ച് ജീവിക്കുകയൊന്നും വേണ്ട. അതിനു ഞാൻ എഴുത്തുകാരിയോട് യോജിക്കുന്നു. ‘One side love’ ഒക്കെയായി ജീവിക്കുന്ന കുറേ പേരെ അറിയാം . അതായത് സ്റ്റോറി പ്ലോട് കൊള്ളാം . പക്ഷെ അതൊന്ന് സമർത്ഥികാനായി എന്തുമാത്രം വർണ്ണനകളും വാക്കുകളും ഉപയോഗിച്ച് വെറുതെ വായനക്കാരനെ ബോറടിപ്പിച്ചു .ഒരു നോവൽ വായിക്കുമ്പോൾ പ്രണയനോവലാണെങ്കിൽ പോലും , എന്തെങ്കിലുമൊക്കെ ട്വിസ്റ്റ് ഒക്കെ വേണ്ടേ? നമ്മുടെയൊക്കെ സാധാരണജീവിതത്തിൽ ഇന്നത്തെ ദിവസം പോലെയല്ലലോ നാളത്തെ ദിവസം. അതുപോലെ എന്തെങ്കിലുമൊക്കെ ഈ നോവലിൽ പ്രതീക്ഷിച്ചു. ഒന്നുമില്ലാത്തൊരു നോവൽ.
“ഓരോ മനുഷ്യനും, അവന്റെ ജീവിതവും വായിക്കപ്പെടേണ്ടതാണ്! എന്നാൽ ഒരിക്കലും വായിക്കപ്പെടാത്ത, വായിച്ചുതീർക്കുവാൻ കഴിയാത്ത ചില ജീവിത പുസ്തകങ്ങളുണ്ട്. വ്യക്തമായി അടയാളപ്പെടുത്തിയിട്ടും തിരിച്ചറിയാത്ത ചില പുസ്‌തകങ്ങൾ! നിഗൂഢതകൾക്കപ്പുറം സ്വയം വെളിപ്പെടുത്താൻ കഴിയാത്ത, വെളിവാക്കപ്പെടാൻ കഴിവില്ലാത്ത മറ്റു ചില പുസ്‌തകങ്ങൾ! ഒരുപക്ഷേ, ആ ലിപി അറിയുന്ന മറ്റൊരാൾക്ക് മാത്രം അനായാസം ആ പുസ്‌തകങ്ങൾ വായിക്കുവാൻ കഴിയുമായിരിക്കാം! പുറംചട്ടകൾ കീറിയാലും താളുകൾ കൊഴിഞ്ഞാലും അക്ഷരങ്ങൾ മങ്ങിയാലും ഹൃദയംകൊണ്ട് അവർക്ക് ആ പുസ്തകങ്ങളെ അനായാസം വായിക്കുവാൻ കഴിയുന്നു.” ജിസ്മ ഫൈസ് എഴുതിയ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “എന്റെ അരുമയായ പക്ഷിക്ക്” എന്ന നോവലിലെ അക്ഷരങ്ങളാണിവ. നന്ദന്റെയും ഐഷയുടെയും കഥപറയുന്ന ഈ നോവൽ കലർപ്പില്ലാത്ത പ്രണയത്തിന്റെ കഥപറയുന്നതിനോടൊപ്പം ബന്ധങ്ങളുടെ കപടതയും അടയാളപ്പെടുത്തുന്നുണ്ട്. അക്ഷരങ്ങളുടെ ലോകത്തിൽ കണ്ടുമുട്ടുന്ന രണ്ട് ജീവിതങ്ങൾ മരണം വരെയും അവരുടെ ജീവിതം സമാന്തരമായി നീളുകയാണ്, ഈ സമാന്തരരേഖകൾ കൂട്ടിമുട്ടുവാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ ആഗ്രഹങ്ങൾക്കപ്പുറമായി ജീവിതസാഹചര്യങ്ങൾ ഒരിക്കലും ഈ രേഖകളെ കൂട്ടിമുട്ടുവാൻ അനുവദിക്കുന്നില്ല. ചിലപ്പോഴെങ്കിലും ഈ രേഖകൾ കൂട്ടിമുട്ടും എന്ന് നമുക്ക് തോന്നാമെങ്കിലും വീണ്ടും അത് സമാന്തരമായിതന്നെ തുടരുന്നു. മരണത്തിന് പോലും ആ ജീവിതങ്ങളെ കൂട്ടിമുട്ടിക്കുവാൻ ആകുന്നില്ല. നേടുന്നത് മാത്രമല്ല വിട്ടുകൊടുക്കുന്നതും പ്രണയമാണ് എന്ന് ഈ നോവൽ സമർത്ഥിക്കുന്നു. ഈ എഴുത്തുകൾ അക്ഷരങ്ങൾ കൊണ്ട് ജിസ്മ ഫൈസ് തീർത്ത ഒരു മാസ്മരികതയാണ്. അല്പംപോലും അരോചകത്വം ഉണ്ടാക്കാതെ നമുക്കീ നോവൽ വായിച്ചുതീർക്കാം. എഴുത്തുകാരിയുടെ വീക്ഷണങ്ങളും വിലയിരുത്തലുകളും ഈ നോവലിലെ കഥാപാത്രങ്ങളോടൊപ്പം നീങ്ങുന്നുണ്ട് എന്നത് ഈ എഴുത്തിന്റെ ഒരു മനോഹാരിതയാണ്. ജിസ്മ ഫൈസിന് ആശംസകൾ.
ആവശ്യം ഇല്ലാതെ വർണ്ണനകൾ മാത്രം കുത്തിനിറച്ച ഒരു പുസ്തകം പോലെ തോന്നി. ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ വർണ്ണന. ഒന്നോ രണ്ടോ ചാപ്ടറിൽ തീർക്കാമായിരുന്ന കേട്ടു മടുത്ത , വായിച്ച് മടുത്ത ഒരു കഥ. തീർത്തും ഇഷ്ടപ്പെട്ടില്ല. അഭിപ്രായം തികച്ചും വ്യക്തി പരം.