എന്താണ് പ്രണയം? എപ്പോഴാണ് രണ്ടുപേർ പ്രണയിക്കാൻ ആരംഭിക്കുന്നത്? അനന്തമായ പ്രപഞ്ചത്തിന്റെ തുടക്കമെന്ന നിഗൂഢത പോലെ പ്രണയത്തിന്റെ തുടക്കവും നിഗൂഢമല്ലെ? ആനന്ദവർദ്ധൻ എന്ന പ്രസിദ്ധ മജീഷ്യൻ ഒരു ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നേത്ര എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും, തുടർന്ന് തിരുവനന്തപുരം മുതൽ ഷാലിമാർ വരെയുള്ള അവരുടെ യാത്രയും ആണ് ഈ നോവലിന്റെ ഇതിവൃത്തം. ചില യാത്രകൾ ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. എന്നാൽ നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കാൻ യാത്രപുറപ്പെട്ട കഥാനായകന്റെ കഥ, വേറിട്ട ഒരു പരീക്ഷണമായി വായനക്കാർക്ക് അനുഭവപ്പെടും. പ്രണയിക്കാൻ കൊതിയുള്ളവർക്കും, പ്രണയിച്ച് കൊതി തീരാത്തവർക്കും, പ്രണയത്തിന്റെ വേദന അറിയുന്നവർക്കും ആനന്ദവർധൻ്റെയും നേത്രയുടെയും ഈ യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.
ഒരു യാത്രയിൽ പൊതിഞ്ഞ പ്രണയത്തിൻ്റെ കഥ. ഉദ്യോഗജനകമായ കാര്യങ്ങൾ അധികമൊന്നും ഇല്ലെങ്കിലും വലിയ വിരസത ഒന്നും ഇല്ലാതെ തന്നെ വായിച്ചു തീർക്കാം. സിനിമാറ്റിക് നോവൽ എന്ന നിലയിൽ കുറച്ചുകൂടെ പ്രതീക്ഷിച്ചു എന്നതാണ് നേര്.
ആനന്ദ്, നേത്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അല്ലെങ്കിൽ ഈ വായനയിലെ നമ്മുടെ യാത്രക്കാർ. മജീഷ്യൻ ആണ് ആനന്ദ്. ഒരിക്കൽ പറ്റിയ ഒരു പിഴവിൽ ആനന്ദ് വളരെയധികം പരിഹസിക്കപ്പെടുന്നു. തുടർന്ന് നടത്തുന്ന യാത്രയും അവിടെ വെച്ച് നേത്രയെ പരിചയപ്പെടുന്നതും തുടർന്ന് അവർ ഒരുമിച്ചുള്ള യാത്രയും ആണ് നോവലിൽ. യാത്രയിൽ അവർ പരിചയപെടുന്നവർ ക്ലിഷേ ആയി തോന്നി.
ഒറ്റ ഇരുപ്പിൽ വായിച്ച് തീർക്കാവുന്ന ഒരു കുഞ്ഞു നോവൽ.