കഥയും കനലും ഒന്നായി വളരുമ്പോൾ ജാലകത്തിലൂടെ വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും എവിടുന്നോ സാന്ത്വനസ്പർശത്തിന്റെ ഇളംമാരുതൻ വീശുന്നു, ചെറുമഴ പെയ്യുന്നു. ഓരോ കനൽചൂടിനെയും അതിജീവിക്കാൻ ആ കുളിരിന്റെ ഓർമ്മ അയാൾ ബാക്കിവെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ നമ്മൾ നമ്മളെത്തന്നെ കാണുന്നു. നമ്മുടെ ഉൾപ്പൊരുളുകളെ ദർശിക്കുന്നു. ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന കഥാഗതികളിലൂടെയുള്ള ആഖ്യാനം. വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവൽ.
ഇത്രമാത്രം ഒരു പുസ്തകം ഇറങ്ങുന്നതിന് മുൻപേ അതിനായി അക്ഷമതയോടെ കാത്തിരുന്നിട്ടില്ല. ഈ നോവൽ ഇറങ്ങിയോ എന്ന് തിരക്കി മൂന്ന് പ്രാവശ്യം എങ്കിലും കോഴിക്കോട് മാതൃഭൂമിയിൽ പോയിട്ടുണ്ട്. ഒടുക്കം ഇന്നലെയാണ് ആ നോവൽ കൈയ്യിൽ കിട്ടുന്നതും, ഇന്നലെത്തന്നെ അത് പൂർണമായും വായിച്ചു തീർത്തു. മുഹമ്മദ് അബ്ബാസ് എഴുതിയ “അബുവിന്റെ ജാലകങ്ങൾ” എന്ന നോവലിനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. അബ്ബാസ് ഇക്ക എഴുതിയ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്തിടെ ഇറങ്ങിയ ആത്മകഥയും വായിച്ചു. വായിച്ചു വായിച്ചു വായനയെ ഹൃദയത്തിലേന്തിയ ഒരുവൻ വായിക്കപ്പെടുവാൻ ഒരു നോവൽ എഴുതുമ്പോൾ എന്ത് വിസ്മയമാണ് അയാൾ ആ നോവലിൽ ഒളിപ്പിച്ചിരിക്കുന്നത് എന്ന ചിന്ത ഈ നോവൽ കൈയ്യിൽ കിട്ടുന്നതുവരെ എന്നിൽ അക്ഷമത സൃഷ്ടിച്ചു എന്നത് ഒരു വസ്തുതയാണ്. അസാധാരണമായ ഒരു നോവൽ എന്ന് മാത്രമേ ഒറ്റവാക്കിൽ ഇതിനെ പറയാനാവൂ. ഈ നോവൽ പങ്കുവെയ്ക്കുന്നത് അനാഥത്വത്തെ കുറിച്ചാണ്. എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാതെ അബു എന്ന കുട്ടി അനുഭവിച്ച അനാഥത്വം. ഒരിക്കലും ചേർന്നുപോകില്ല എന്ന തിരിച്ചറിവാണ് അബുവിന്റെ മാതാപിതാക്കൾ തമ്മിൽ പിരിയുവാൻ കാരണമായത്. അപ്പനും അമ്മയും വീണ്ടും വിവാഹിതരായപ്പോൾ ഒരിടത്തും ഇടമില്ലാതെ വല്യമ്മക്കൊപ്പം വളരുവാൻ വിധിക്കപ്പെട്ട അബു. അപ്പന്റെയും അമ്മയുടെയും പടിപ്പുരക്കുള്ളിൽ അവനു സ്ഥാനം ഉണ്ടായിരുന്നില്ല. എല്ലാം കൊണ്ടും അനാഥത്വത്തിൽ അവൻ വളർന്നു. അവൻ വളർന്നു വലുതാകുമ്പോൾ അവന് ഭാര്യയായി കടന്നുവന്ന മിൻഹ എന്ന യുവതി അവനെ സനാഥനാക്കി. എന്നാൽ ഒരിക്കലും തിരികെ വരാത്തവിധം അവൾ ഭ്രാന്തിലേക്ക് കൂപ്പുകുത്തുമ്പോൾ അബുവിന്റെയും അവരുടെ മകന്റെയും ജീവിതം വീണ്ടും തകർച്ചയിൽ എത്തുന്നു. ഒടുവിൽ ആ പ്രശ്നങ്ങളിൽ നിന്നും മറികടന്ന് മകനൊരു കൂട്ട് എന്ന നിലയിൽ അബു വീണ്ടും വിവാഹിതനാകുമ്പോൾ അബുവിന്റെ മകന്റെ ജീവിതത്തിൽ അനാഥത്വം സൃഷ്ടിക്കപ്പെടുന്നു. ഹൃദയനുറുക്കത്തോടല്ലാതെ ഈ നോവൽ വായിച്ചു തീർക്കാനാവില്ല. അബ്ബാസ് ഇക്കാ, ഞാൻ മുൻപ് പറഞ്ഞിട്ടുള്ള വാക്കുകൾ ഒന്നൂടെ ആവർത്തിക്കുന്നു, നിങ്ങൾ എഴുതുന്നത് വായനക്കാരന്റെ ഹൃദയത്തിലാണ്. അസാധാരണമായ വായനാനുഭവം സമ്മാനിച്ച അബ്ബാസ് ഇക്കയ്ക്ക് ആശംസകൾ.
കുറച്ചു നാളുകളായി റീഡിങ് ബ്ലോക്കിൽ നിന്നും പുറത്തു കടക്കാനുള്ള ശ്രമമായിരുന്നു. അതിനായി ഏത് പുസ്തകം എന്നെ സഹായിക്കുമെന്ന് ഞാൻ അന്വേഷിച്ചു.. ബ്ലോക്ക് മാറ്റാൻ ഒരു പുസ്തകം suggest ചെയ്യാമോ എന്ന് എന്റെ book review പേജായ പുത്തകത്തിൽ സ്റ്റോറി ഇട്ടു ചോദിച്ചു.. വായിക്കുന്ന സുഹൃത്തുക്കൾ കുറെ നല്ല നല്ല പുസ്തകങ്ങൾ suggest ചെയ്തു. ആ വലിയ ലിസ്റ്റ് കണ്ടു കഴിഞ്ഞപ്പോൾ ഇനി വായന പെട്ടന്ന് തുടങ്ങണം, ഈ പുസ്തകങ്ങളൊക്കെ എന്ത് കൊണ്ടു വായിക്കാതെ വിട്ടു കളഞ്ഞു എന്ന ചിന്തയായി.. ഇനി അവയിൽ ഓരോന്നോരോന്നായി വായിച്ചു തുടങ്ങണം..
അങ്ങനെ ആദ്യം കൈയിൽ കിട്ടിയത് ഈ ബുക്കാണ്.. മുഹമ്മദ് അബ്ബാസിന്റെ "അബുവിന്റെ ജാലകങ്ങൾ". ഞാൻ ഈ എഴുത്തുകാരന്റെ ആദ്യമായി വായിക്കുന്ന പുസ്തകമാണിത്. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലും ഇതാണ്..
ഇദ്ദേഹം എഴുതിയ വിശപ്പ്, പ്രണയം , ഭ്രാന്ത് എന്ന നോവൽ വളരെ വായിക്കപ്പെട്ടതാണ്..
' അബുവിന്റെ ജാലകങ്ങൾ ' എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.. ജീവനുള്ള കഥാപത്രങ്ങൾ.. ഉള്ളുലയ്ക്കുന്ന സന്ദർഭങ്ങൾ.. മനുഷ്യ ജീവിതത്തിലെ വേദനകളെ പ്രത്യാശയുടെ ചവിട്ടു പടികളാക്കി മാറ്റിയ ഫിക്ഷൻ ആവിഷ്കാരം..
സുഖമുള്ള വായനയല്ല. സുഖമില്ലായ്മ പുസ്തകത്തിന്റെ കുഴപ്പവു മല്ല.. ചില മനുഷ്യരുടെ അനുഭവങ്ങളുടെ കഥ കേൾക്കുമ്പോൾ മനസ്സ് വേദനിക്കും, അസ്വസ്ഥത തോന്നും, ചിലപ്പോൾ ഉറക്കം വരെ നഷ്ടപ്പെടും... അതൊരു സത്യമാണ്.. . . . 📚Book - അബുവിന്റെ ജാലകങ്ങൾ ✒️Writer- മുഹമ്മദ് അബ്ബാസ് 📜Publisher- മാതൃഭൂമി ബുക്ക്സ്