നാലോ അഞ്ചോ വിഭാഗങ്ങളിൽ പെട്ടവയാണ് ഇതിലെ കുറിപ്പുകൾ. പരിചയസീമയിലുള്ള വ്യക്തികളെക്കുറിച്ചുള്ളതാണ് ആദ്യവിഭാഗം. പി.ജിയും പണിക്കർ മാഷും സഖാവ് എ.പി. വർക്കിയും മുതൽ പറവൂരിലെ പാർട്ടി ഓഫീസ് സെക്രട്ടറിയായ ജോഷിച്ചേട്ടൻ വരെയുള്ളവർ. പലപ്പോഴായി ചെന്നുപെട്ട ഇടങ്ങളെക്കുറിച്ചാണ് രണ്ടാമതൊരു ഭാഗം. റോമും ലണ്ടനും സൂറിച്ചും മുതൽ ബുദ്ധഗയയും എടയ്ക്കൽ ഗുഹയും തിരുനെല്ലിയും വരെ അതിലുൾപ്പെടുന്നു. വത്തിക്കാൻ മ്യൂസിയം മുതൽ ഗാന്ധിസ്മൃതി വരെയുള്ള സ്ഥാപനങ്ങൾ അതിന്റെ തുടർച്ചയിൽ വരും. കൗതുകകരമായ ജീവിതാനുഭവങ്ങളും അവയുടെ ഭിന്നപ്രകാരങ്ങളുമാണ് മൂന്നാമതൊരു ഭാഗം. അന്ധകാരനദിയുടെ ഒഴുക്കും തീവണ്ടിയിലെ പാട്ടും തവളകളുടെ സിംഫണിയും പോലുള്ള അദ്ധ്യായങ്ങൾ അങ്ങനെയുള്ളവയാണ്.