കോൺസൻട്രേഷൻ ക്യാമ്പിലെ ഒളിയിടത്തിലിരുന്ന്, 11-ാം വയസ്സിൽ ആൻഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് കണ്ടെടുത്ത് പുസ്തകമാവുമ്പോൾ അത് ചരിത്രത്തിന്റെ വീണ്ടെടുപ്പും ഉള്ളുലയ്ക്കുന്ന വായനാനുഭവവുമായി മാറി. വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഇംഗ്മാർ ബർഗ്മാൻ തന്റെ മഹനീയ ജീവിതത്തിന്റെ നീണ്ട പാതയുടെ ദൂരം താണ്ടി തിരിഞ്ഞുനോക്കി, പിന്നിട്ട സുവർണ്ണകാൽപ്പാടുകളെ നിസ്സംഗതയോടെ വരച്ചിട്ട 'മാജിക് ലാന്റെൺ' ഉള്ളിൽ കോറിയിടുന്ന ആത്മസംഘർഷങ്ങളായി... ഇതൊന്നും ആവേണ്ടതില്ലല്ലോ കൊച്ചുകേരളത്തിന്റെ സിനിമാമുറ്റത്തെ കൽപ്പടവുകളിലിരുന്ന് ഒറ്റപ്പാലത്തുകാരനായ ചെറുപ്പക്കാരൻ തന്റെ സ്വപ്നങ്ങളെ പകർത്തിവയ്ക്കുമ്പോൾ. അതിന്റെ നന്മയും സത്യസന്ധതയും ലാളിത്യവുംതന്നെയാണ് പകർത്തപ്പെടേണ്ടത്.
ഒരു മറവത്തൂർ കനവ് ഷൂട്ടിംഗ് തുടങ്ങാൻ പോകുന്നു.. മുടി പറ്റെ വെട്ടി കുറ്റിയാക്കി നിർത്തിയ ലുക്കിലാണ് 'ചാണ്ടി' ലാലുവിന്റെ മനസ്സിൽ. മുടി ഷോർട് ക്രോപ് ചെയ്യാൻ മമ്മൂക്ക തയ്യാറല്ല. എന്തായാലും ചെയ്യണമെന്ന് ലാലു വാശി പിടിച്ചു. ചെയ്തു കൊണ്ടിരിക്കുന്ന മറ്റു ചില സിനിമകളുടെ കണ്ടിന്യൂയിറ്റി നഷ്ടപ്പെടുമെന്നാണ് മമ്മുക്ക പറയുന്നത്. ലാലു നിലപാടിൽ ഉറച്ചു നിന്നു. പൂജയ്ക്ക് കുറച്ചു ദിവസം മുൻപ് കണ്ടപ്പോഴും മമ്മുക്ക പറഞ്ഞത് 'മുടി വെട്ടുന്ന പ്രശ്നമില്ല' എന്നായിരുന്നു. 'വെട്ടിയിട്ടു വന്നാലേ ശരിയാവൂ' എന്നു ലാലുവും ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം മമ്മുക്ക ലാലുവിനെ ഞെട്ടിച്ചു കൊണ്ടാണ് വന്നത്. രണ്ടു ദിവസം മുൻപ് വരെ 'മുടി വെട്ടില്ല' എന്ന് തീർത്തുപറഞ്ഞ മമ്മുക്ക കഥാപാത്രമാവൻ എത്തിയത് ലാലു ഉദ്ദേശിച്ചതിലും താഴ്ത്തി മുടിവെട്ടിയായിരുന്നു ഏതാണ്ട് മൊട്ടയടിച്ച പോലുള്ള തലയുമായി ലാലുവിന്റെ മുന്നിലെത്തി മമ്മുക്ക ചോദിച്ചു 'മതിയോ, തൃപ്തിയായോ നിനക്ക്? എന്നെ മൊട്ടയടിച്ചപ്പോ സമാധാനമായോ? ' ലാലു സ്നേഹിക്കുന്ന മമ്മുക്ക അതാണ്. പിടിവാശിയൊക്കെ കാണിച്ചാലും സിനിമ നന്നാവാൻ വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറാവും.
സംവിധായകൻ ലാൽ ജോസിന്റെ സിനിമ ജീവിതത്തെ കുറിച്ചുള്ള എം ശബരീഷിന്റെ എഴുത്താണ് ഈ പുസ്തകം.. സിനിമയെ സ്നേഹിക്കുന്നവർക്ക്, സിനിമയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടമാവൻ സാധ്യതയുണ്ട് . . . 📚Book - മദ്രാസിൽ നിന്നുള്ള തീവണ്ടി ✒️Writer- എം ശബരീഷ് 📜Publisher- Litmus