"വിഷ്ണുലാൽ സുധയുടെ 'അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു." - ശ്രീപാർവതി
ചരിത്രത്തെ പുനർവ്യാഖ്യാനിക്കുമ്പോഴും, മുഖ്യധാരാ ആഖ്യാനങ്ങൾ അവഗണിക്കുന്ന വീക്ഷണകോണുകളിൽ നിന്ന് വീക്ഷിക്കുമ്പോഴും - നല്ല ഫിക്ഷൻ പലപ്പോഴും ഉയർന്നുവരുന്നു. ഇത് പിന്നീട് മിത്തുമായി സംയോജിപ്പിക്കുമ്പോൾ, ഒരു ശക്തമായ കഥപറച്ചിൽ രീതി സൃഷ്ടിക്കുന്നു.
വിഷ്ണുലാൽ സുധയുടെ അദൃശ്യ മുറിവുകൾ ചരിത്രത്തെയും മിത്തിനെയും ആഖ്യാന ഉപകരണങ്ങളായി ഉപയോഗിക്കുന്ന ഒരു മികച്ച ഫിക്ഷൻ കൃതിയാണ്.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന തുടർച്ചയായ ആത്മഹത്യകളാണ് കഥയുടെ തുടക്കം. അതിനെ തുടർന്നു നടക്കുന്ന പോലീസ് ഇൻവെസ്റ്റിഗേഷൻ .ഒരു ഘട്ടത്തിൽ അതൊരു സാമൂഹിക-പ്രാദേശിക -ചരിത്രാന്വേഷണമായി മാറുന്നുണ്ട് നോവലിൽ.
ആത്മഹത്യയുടെ സത്യങ്ങൾക്കപ്പുറമുള്ള അദൃശ്യ മുറിവുകൾ, മറവിയിലായ ചരിത്രങ്ങൾ, പറയാതെപോയ കഥകൾ — ഇവയാണ് പുസ്തകത്തിന്റെ യഥാർത്ഥ അന്വേഷണ വിഷയം.
വായനക്കാരേക്കാൾ ഒരു പടി മുന്നിലായിരിക്കുക എന്നത് ഒരു ത്രില്ലർ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. വായനക്കാർ നിരന്തരം ഊഹിക്കുകയും സൂചനകൾ ബന്ധിപ്പിക്കുകയും കഥയെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ആഖ്യാനത്തിൽ മിത്തിനെ കൂട്ടിച്ചേർക്കുന്നതിലൂടെയും, ഒന്നിലധികം തലങ്ങളിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെയും, സങ്കീർണ്ണവും എന്നാൽ ആകർഷകവുമായ ഒരു കഥപറച്ചിൽ ശൈലി രൂപപ്പെടുത്തുന്നതിലൂടെയും. വിഷ്ണു ആ വെല്ലുവിളികളെ വിജയകരമായിത്തന്നെ മറികടക്കുന്നുണ്ട് .
If you enjoy fiction that doesn’t give easy answers, Adhrushya Murivukal is a novel worth sitting with.
ഇൻസ്റ്റയിലെ ഹൈപ്പ് കണ്ട് രണ്ടാമത് വാങ്ങിയ പുസ്തകമാണ് ഇത്. ആദ്യത്തേത് റാം തന്നെയാണ്.
ഒരേ പ്രദേശത്ത് അടുത്തടുത്ത ദിവസങ്ങളിലായി നടക്കുന്ന ആത്മഹത്യകൾ. അതിന് മുന്നോടിയായി ആ വീടുകളുടെ പരിസരത്ത് കണ്ടുവെന്ന് അവകാശപ്പെടുന്ന ഒരു ഒറ്റ കൈയ്യൻ. അവ കൊലപാതകങ്ങളാകാം എന്ന് സംശയിക്കുന്ന ഒരു അന്വേഷണ സംഘം.
ഈ കഥയാണ് അദൃശ്യമുറിവുകൾ പറയുന്നത്.
മന്ത്രവാദത്തെ കുറിച്ചുള്ള ഭാഗങ്ങളാണ് വളരെ രസകരമായി തോന്നിയ ഘടകം. അതുപോലെ കഥയിൽ വന്നു പോകുന്ന ഭൂമികകളും. കഥയിൽ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം പ്രശംസ അർഹിക്കുന്ന ഒന്നാകുന്നു. അപൂർവ്വമെങ്കിലും പിടിച്ചിരുത്തുന്ന ചില ഉദ്വേഗഭരിതമായ ഭാഗങ്ങളും.
മന്ത്രവാദവും കുറ്റാന്വേഷണവും ഒത്തുച്ചേരുന്ന കഥയാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിലും പലപ്പോഴും വെറുമൊരു രൂപരേഖ മാത്രമായി കുറ്റാന്വേഷണം അവശേഷിക്കുന്നു. ഒരു ശരാശരി ദക്ഷിണേന്ത്യൻ മന്ത്രവാദ- കുറ്റാന്വേഷണ സിനിമയുടെ നിലവാരത്തിലേക്ക് നോവൽ വഴുതി വീഴുന്നു. രണ്ടാം ഭാഗം ഉണ്ടാകാം എന്ന രീതിയിലെ അവസാനവും ഇതിനെ അനുസ്മരിപ്പിക്കുന്നു.
അതിഭാവുകത്വം എന്ന വസ്തുത കഥയെ പിന്നോട്ട് വലിക്കുന്ന വലിയ ഘടകമാകുന്നു. കഥാപാത്രങ്ങളുടെ ഓരോ പ്രവർത്തിയേയും വർണ്ണിക്കുവാൻ വികാരവിവശമായ ഭാഷയെ ഉപയോഗപ്പെടുത്തുന്നു. നോവലിലെ പേജിൻ്റെ എണ്ണം തന്നെ ഒരു പക്ഷെ ഇത് ഒഴുവാക്കുന്നതിലൂടെ ലാഭിക്കാമായിരുന്നു എന്ന് തോന്നി പോകും
പൂർവ്വകാല മാന്ത്രിക നോവലുകളുടെ കഥ പറച്ചിൽ രീതി പിന്തുടരാൻ നോക്കുന്നതിലൂടെ അരോചകതയുടെ വരമ്പുകൾ വരെ കഥ പറച്ചിൽ എത്തുന്നു. പലപ്പോഴും ഒരു കാലഘട്ടത്തെ കാണിക്കുവാൻ ആ കലഘട്ടത്തിൽ എഴുതപ്പെട്ട കഥകളുടെ ഘടനയും കഥാപാത്ര നിർമ്മിതികളും ഉപയോഗപ്പെടുത്താം എന്ന ചിന്തയായിരിക്കാം എഴുത്തുകാരൻ പിന്തുടർന്നത് എന്നാൽ കഥ വായിക്കപ്പെടുന്ന കാലഘട്ടത്തെ അദ്ദേഹം മറന്നു പോകുന്നു.
കുറച്ച് കാലം മുൻപ് സാഹിത്യ പഠനത്തിൻ്റെ ഭാഗമായി ദുർമന്ത്രവാദത്തെ കുറിച്ച് തപ്പിയപ്പോഴാണ് "ദുർ"മന്ത്രവാദത്തിൻ്റെ ഭാഷാ രാഷ്ട്രീയത്തെ കുറിച്ച് മനസ്സിലാക്കിയത്. അദൃശ്യ മുറിവുകൾ എന്ന നോവൽ പറയാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയം എന്നെ ഇതിനെ കുറിച്ച് വീണ്ടും ഓർമ്മിപ്പിച്ചു.
ആരാധനാലയങ്ങൾ തകർക്കുന്ന വ്യത്യസ്ത മതവിഭാഗങ്ങളെ കുറിച്ച് പറയുമ്പോഴും ഒരേ മതത്തിലെ വ്യത്യസ്ത ആരാധന രീതികളിൽ അന്തർലീനമായ ഉച്ഛനീചത്വത്തിൽ നിന്ന് ഉൾ തിരിഞ്ഞ അത്തരം ശ്രമങ്ങളുടെ മുകളിൽ വിരിച്ച മറവിയുടെ/ അദൃശ്യതയുടെ പാടയെ തുടച്ച് മാറ്റുവാനുള്ള ഒരു ശ്രമമാണ് ഈ കഥ.
കഥയിൽ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം പ്രശംസ അർഹിക്കുന്ന ഒന്നാകുന്നുണ്ടെങ്കിലും ഒരു ശക്തമായ കഥ പറച്ചിലിൻ്റെ അഭാവത്തിൽ വേണ്ടത്ര പ്രഭാവം സാധ്യമാകാത്ത ഒന്നായി അത് അവശേഷിക്കുന്നു. പലപ്പോഴും ആ രാഷ്ട്രീയം ഉപരിപ്ലവം മാത്രമായി തോന്നി പോകുന്നു.
കഥാപാത്രങ്ങൾ ആരും തന്നെ മനസ്സിൽ തങ്ങുന്നില്ല അവരോട് ഒരു അടുപ്പവും തോന്നുന്നില്ല. എഴുത്തുകാരൻ്റെ വരുതിക്കപ്പുറം വളരാത്ത കഥാപാത്രങ്ങൾ എന്താണെന്നും അവരെ കുറിച്ച് നമ്മൾ എന്ത് കരുതണമെന്നും എഴുത്തുക്കാരൻ തന്നെ നിർബന്ധം പിടിക്കുന്നു.
സ്ത്രീ കഥാപാത്രങ്ങൾ കാലങ്ങളായി സമൂഹം അവർക്ക് കരുതി വെച്ച ചട്ടകൂടുകളിൽ ഭദ്രമാണ്. കരയുവാനും രക്ഷകനാകുന്ന ആണിൻ്റെ തണലിൽ കഴിയുവാനും അവർ വെമ്പൽ കൊള്ളുന്നു. അധികാരത്തിൻ്റെ മേലങ്കി അണിഞ്ഞ ഏക സ്ത്രീ കഥാപാത്രം മകനെ പഠിപ്പിക്കുവാൻ കഥാഗതിയുടെ സൗകര്യാർത്ഥം ലീവിൽ പോകുന്നു. കഥയിലെ പ്രധാന ഭാഗങ്ങൾ കഴിയുമ്പോൾ തിരിച്ച് വരുന്നു. കഥയുടെ ക്രേന്ദ്രബിന്ദുവായി തുടങ്ങുന്ന പല സ്ത്രീ കഥാപാത്രങ്ങളും വളരെ വേഗം തന്നെ കഥയുടെ അരികുകളിൽ അഭയം പ്രാപിക്കുന്നു.
"ഷോ ഡോണ്ട് ടെൽ" എന്ന കഥ പറച്ചിൽ നിയമത്തെ മറക്കുക എന്ന ഏതൊരു നവാഗത എഴുത്തുകാരനും ചെയ്യുന്ന കുറ്റം തന്നെ ഈ എഴുത്തുക്കാരനും ചെയ്യുന്നു.
ഒരു സന്ദർഭം കാണിച്ച് അതിൽ നിന്ന് എന്ത് മനസ്സിലാക്കണം എന്നത് കാഴ്ച്ചക്കാരന്/വായനക്കാരന് വിട്ട് കൊടുക്കുന്ന രീതിയെയാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്. എന്നാൽ എഴുത്തുക്കാർ പലപ്പോഴും കാഴ്ച്ചക്കാരന്/വായനക്കാരന് "ഇനി ഞാൻ ഉദ്ദേശിക്കുന്നത് മനസ്സിലായില്ലെങ്കിലോ/ വിചാരിച്ചു ഒരു നാടകീയത കാഴ്ച്ചക്കാരനിൽ/വായനക്കാരനിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയിൽ അവരുടെ കൈ പിടിച്ച് ഓരോ വസ്തുതയും വിവരിച്ച് വെക്കുന്നു. ഇതോടെ ആസ്വാദനം താഴോട്ട് നിലംപതിക്കുന്നു.
ഈ നോവലിൽ എഴുത്തുകാരൻ കഥയിലെ ഓരോ നിമിഷത്തിനും വിവരണം നൽകുന്നു. പലപ്പോഴും "ഷോ" യും "ടെല്ലിങ്ങും" ഒരുമിച്ച് നടക്കുന്നു. ഒരു സന്ദർഭത്തിലൂടെ നമ്മൾ മനസ്സിലാക്കിയ വൈകാരികതയെ ആ ഖണ്ഡികയുടെ അവസാന വാചകത്തിൽ അതിഭാവുകത്വം കലർന്ന വാക്കുകളിൽ ഉപസംഹരിക്കുന്നു.
ഈ പോരായ്മകൾ നിലനിൽക്കെ തന്നെ അടുത്തത് എന്ത് എന്ന ആകാംഷ പല ഘടങ്ങളിലും നിലനിർത്താൻ സാധിക്കുന്നുണ്ട്. ഒട്ടും സംതൃപ്തി തരാത്ത വായനാനുഭവമായിരിക്കെ കൂടി ഇത്തരം പരീക്ഷണങ്ങൾ തുടർന്നാൽ ഒരു പക്ഷെ വളരെ മികച്ച കഥകൾ ഇനിയും ഉണ്ടാകാം.
എഴുത്തുക്കാരൻ്റെ ഇറാ യൂണിവേഴ്സിലെ വാമ്പയർ റൊമാൻസിനായി ഞാൻ കാത്തിരിക്കുന്നു.
അത്യന്തം സ്തോപജനകമായ കഥാപരിസരം...അതിൽ മൊട്ടിട്ട് പുഷ്‌പ്പിക്കുന്ന കഥാപാത്ര സൃഷ്ടി... വളരെ engaging ആയി വായിച്ചു തീർക്കാൻ കഴിയുന്ന ഒരു thrilling അനുഭവമാണ് 'വിഷ്ണുലാൽ സുധയുടെ' "അദൃശ്യ മുറിവുകൾ". Myth- ഉം ചരിത്രവും ഒരുപോലെ കൂട്ടിയിണക്കി ഒരു crime thriller സ്വഭാവത്തിൽ മുന്നോട്ടു പോകുന്ന കഥ വായനക്കാരനെ ഒരിടത്തും മുഷിപ്പിക്കുന്നില്ല... കഥാന്ത്യത്തിൽ ഒരു തുടർകഥയുടെ സൂചന അവശേഷിപ്പിച്ചാണ് എഴുത്തുകാരൻ മടങ്ങുന്നത്... ഒരു പോരാഴ്മയായി തോന്നിയ ഏക കാര്യം അനാവശ്യമായി ചില കഥാ സന്ദർഭങ്ങളിൽ അതിശയോക്തി കലർന്ന ആഖ്യാന ശൈലി.. ലളിതമായ വരികളിൽ അനുഭവേധ്യമാകേണ്ട സന്ദർഭങ്ങൾ അമിത സാഹിത്യ ഭാഷയാൽ നിർജീവമായി അനുഭവപ്പെടുത്തുന്നു..
കുറേ കഥാപാത്രങ്ങൾ മൂലം ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കുമെങ്കിലും മുൻപോട്ടു എന്ത് സംഭവിക്കുമെന്നറിയാനുള്ള വ്യഗ്രത തുടർ വായനയ്ക്ക് പ്രേരിപ്പിക്കും.കഥ തുടങ്ങുമ്പോൾ തന്നെയുള്ള മിസ്റ്ററി എലമെൻ്റ് പിന്നീട് ഉള്ള ചരിത്ര - മിത്ത് സംഭവങ്ങളും കഥാന്ത്യമുള്ള ആധുനിക സാങ്കേതിക വിദ്യയുടെ ഇഴചേരലുകളും നോവലിൻ്റെ പുതുമ നില നിർത്തുന്നു.
വിഷ്ണു ലാൽ സുധ എഴുതിയ അദൃശമുറിവുകൾ ഞാനിഷ്ടപെടുന്ന ശ്രേണിയിലുള്ള ഒരു നല്ല പുസ്തകം ആണ്. ഒരു പക്ഷെ എന്നെ അപ്രതീക്ഷിതമായ ആശ്ചര്യപ്പെടുത്തിയ വഴിതിരുവുകളിൽ എത്തിച്ച പുസ്തകം.