ഒരു ദിവസം, എഴുത്തുകാരന്‍ എന്ന നിലയില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവര്‍ക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ രഹസ്യകാമുകന്‍ അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാന്‍ ധൈര്യമില്ലാത്ത രഹസ്യങ്ങള്‍ കത്തിലൂടെ അവളോട് കുമ്പസരിക്കേണ്ടതുണ്ടായിരുന്നു. ആ രഹസ്യങ്ങള്‍, വായനക്കാര്‍ക്ക് വിരസതയുണ്ടാക്കുന്നതെല്ലാം ഒഴിവാക്കി മുഹമ്മദ് അബ്ബാസ് നോവലായി അവതരിപ്പിക്കുന്നു.
സമീറയെന്ന വായനക്കാരി കഥാകൃത്തിനു അയച്ചു കൊടുത്ത മുപ്പതു കത്തുകൾ. അവരുടെ രഹസ്യകാമുകനായ അനസ് അഹമ്മദിന്റേതായ മുപ്പതു കത്തുകൾ. അനസ് ആ കത്തുകളിലൂടെ കുമ്പസാരമെന്ന രീതിയിൽ ആരംഭിക്കുന്ന കുറച്ചു വെളിപ്പെടുത്തലുകളാണ്. കത്തുകളിലെ സാഹിത്യം അതെഴുതിയ ആളുടേതെന്നു കഥാകൃത്ത് പറയുന്നുണ്ട്. അത് കുറെയൊക്കെ നന്നായിരുന്നു എന്ന് തോന്നി. കത്തുകളിലൂടെ പറയുന്ന സ്ഥലങ്ങളും ആ വലിയ വീടും വൃദ്ധനുമെല്ലാം കാഴ്ചയിൽ വരുന്നതുപോലെ.
തന്റെ അക്ഷരങ്ങൾകൊണ്ട് എന്നും വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുള്ള എഴുത്തുകാരനാണ് മുഹമ്മദ് അബ്ബാസ്. അത്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും തേടിപിടിച്ച് വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞപ്പോൾതന്നെ പ്രീബുക്ക് ചെയ്തിരുന്നു. അതുകൊണ്ട് ആദ്യ പ്രതികളിൽ ഒന്ന് എഴുത്തുകാരന്റെ ഒപ്പോടുകൂടെ ഡിസി ബുക്സ് അയച്ചുതന്നു. കാത്തിരുന്നു കിട്ടിയതുകൊണ്ടുതന്നെ ഒറ്റയിരുപ്പിൽ ആ പുസ്തകം വായിച്ചുതീർത്തു. ശരിക്കും പ്രമേയംകൊണ്ടും, ശൈലികൊണ്ടും അത്ഭുതപ്പെടുത്തിയ ഒരു നോവലാണ് “അനസ് അഹമ്മദിന്റെ കുമ്പസാരം” എന്ന ഗ്രന്ഥം. ഇത് വായിച്ചുതീർത്തപ്പോൾ ഇത് സത്യമാണോ മിഥ്യയാണോ എന്ന സംശയത്തിലാണ് പുസ്തകം അടച്ചത്. കാരണം ഈ നോവലിന്റെ അവസാനത്തിൽ എഴുത്തുകാരൻ കാത്തിരിക്കുന്ന ചുരുൾ അഴിയാത്ത രഹസ്യങ്ങൾ തേടിച്ചെല്ലുന്ന കഥാപാത്രമായി വായനക്കാരനും മാറുന്നു. ഈ നോവൽ ഉണ്ടാക്കുന്ന മറ്റൊരു വിസ്മയം ഉണ്ട്, അത് ഈ നോവലിന്റെ രചനാശൈലി ആണ്. കത്തുകളാണ് ഈ നോവലിൽ കഥ പറയുന്നത്. സമീറ എന്ന യുവതിക്ക് തന്റെ മുൻകാമുകൻ അനസ് അഹമ്മദ് അയച്ച 30 കത്തുകൾ. ആ കത്തുകൾ വായനകരനോട് സംസാരിക്കുന്നു. വിവാഹിതനും ഒരു മകന്റെ പിതാവുമായ അനസ് അഹമ്മദ് എന്നയാൽ സമീറ എന്ന യുവതിയുമായി പ്രണയത്തിലാകുന്നു. അനസിന്റെ ഉള്ളിൽ സമീറയുടെ കയ്യിലുള്ള പണമായിരുന്നു ലക്ഷ്യം. കാലങ്ങൾ കഴിയുമ്പോൾ തന്റെ മനസാക്ഷിയുടെ വിചാരണയിൽ പൊള്ളലേറ്റ് അനസ് സമീറയെ മാപ്പപേക്ഷയുമായി തന്റെ കത്തിലൂടെ സമീപിക്കുന്നു. അവളുടെ മറുപടികത്തിൽ ശരിക്കും ചതിവ് പറ്റിയത് തനിക്കാണെന്ന് അനസ്സ് മനസ്സിലാക്കുന്നു. ഇതിനിടയിൽ അനസ് ഒരു വൃദ്ധനെ ശുശ്രൂഷിക്കുന്ന ജോലിയിൽ പ്രവേശിക്കുന്നു. അവിടെ മധ്യവയസ്കനായ അനസ് ഷിഫാന എന്ന യുവതിയായും പ്രണയത്തിലാകുന്നു. തന്നെമാത്രം മനസ്സിൽവെച്ച് ഈ കാലമത്രയും കാത്തിരുന്ന തന്റെ ഭാര്യയെ അയാൾ പലകാരണങ്ങൾ പറഞ്ഞ് അകറ്റി നിർത്തിയിരുന്നു. അവൾക്ക് ആവശ്യമുള്ള സമയമത്രയും അയാൾ അവളെയും മകനെയും തന്നിൽനിന്നും അകറ്റി നിർത്തി. താൻ ശുശ്രൂഷിക്കുന്ന വൃദ്ധനെ കൊന്നുതരണമെന്ന ആവശ്യവുമായി അയാളുടെ മകൻ പലപ്പോൾ അനസിനെ സമീപിച്ചു. എന്നാൽ മനസാക്ഷിയുടെ വിചാരണയിൽ വീഴുവാൻ ആഗ്രഹമില്ലാത്ത അനസ് അതിൽ നിന്നും ഒഴിഞ്ഞു മാറുന്നു. ഒരുവട്ടം ആ വൃദ്ധനെ കൊല്ലുവാൻ അവൻ ഒരു ശ്രമം നടത്തി. എന്നാൽ അയാൾക്കത് കഴിയുമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ആ വൃദ്ധൻ മരിക്കുന്നു. നടുക്കത്തോടെ അയാൾ തിരിച്ചറിയുന്നുണ്ട് തന്റെ പിതാവായ വൃദ്ധനെ കൊല്ലുവാൻ അയാളുടെ മകൻ ചുമതലപ്പെടുത്തിയവൾ ആയിരുന്നു ഷിഫാന എന്ന്. തന്റെ മനസ്സിൽ നിറഞ്ഞുകവിയുന്ന മനസ്സാക്ഷിയുടെ വാക്കുകൾ അക്ഷരങ്ങളായി ഓരോ ഇടവേളയിലും ക്രമമായി അനസ് സമീറയ്ക്ക് അയച്ചിരുന്നു. ഈ കത്തുകളാണ് മുഹമ്മദ് അബ്ബാസ് എന്ന എഴുത്തുകാരന് ലഭിക്കുന്നത്. ഈ എഴുത്തുകളാണ് മനസാക്ഷിയെ നടുക്കുന്ന കുലപാതകത്തെ അറിയുവാൻ മുഹമ്മദ് അബ്ബാസിനു സാധിക്കുന്നത്. മുഹമ്മദ് അബ്ബാസ് ആ കത്തുകൾ അധ്യായങ്ങളായിതിരിച്ച് തലക്കെട്ടുകൾ നൽകുന്നു. ഒടുക്കം എഴുത്തുകാരൻ കാത്തിരിക്കയാണ് ഈ നോവൽ വായിച്ച് ആ വൃദ്ധനെ കൊലപ്പെടുത്തിയ വൃദ്ധന്റെ മകനെയും ഷിഫാനയെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ ഒരുവനെയും കാത്ത്… മനുഷ്യബന്ധങ്ങളിലെ കപടത അതിന്റെ തനിമയിലും തീവ്രതയിലും തുറന്നുകാട്ടുവാനുള്ള എഴുത്തുകാരന്റെ ബോധമായ ശ്രമമാണ് ഈ നോവൽ. അബ്ബാസ് ഇക്കാ, ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളത് ഒന്നൂടെ ആവർത്തിക്കുന്നു, നിങ്ങൾ എഴുതുന്നത് വായനക്കാരന്റെ ഹൃദയത്തിലാണ്… നിങ്ങളുടെ അക്ഷരങ്ങൾ പതിയുന്നത് വായനക്കാരന്റെ ഹൃദയഭിത്തിയിൽ എന്ന് തെളിഞ്ഞുതന്നെ നിൽക്കും… എഴുതിയ അതേ തീവ്രതയോടുതന്നെ…