പുസ്തകം: സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
രചന: കെ ആർ മീര
പ്രസാധനം: ഡി സി ബുക്സ്
പേജ് :384,വില :380
കെ ആർ മീര എഴുതിയ നേത്രോന്മീലനം ആണ് ഞാൻ ആദ്യമായി വായിച്ച നോവൽ. ആ പുസ്തകത്തിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വളരെ പണ്ട് വായിച്ച പുസ്തകം ആണെങ്കിലും, ഇന്നും ആ വായന മനസ്സിൽ തങ്ങിനിൽക്കുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് ഊന്നൽ നൽകിയിട്ടുള്ളതാണ് മീരയുടെ കൃതികൾ. പുതിയ തലമുറയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം വളരെ മനോഹരമായാണ് മീര തന്റെ നോവലുകളിൽ പരാമർശിക്കുന്നത്.
സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മീര 1993ൽ പത്രപ്രവർത്തകയായി ചേർന്നു.2006ൽ മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആയിരിക്കെ ജോലി രാജിവെച്ചു.2001 മുതൽ എഴുത്തിലേക്ക് തിരിഞ്ഞു. ആരാച്ചാർ എന്ന കൃതിക്ക് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മീരയുടെ കൃതികൾ ഇംഗ്ലീഷിലേക്കും തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ജെസബെൽ ന്റെ കഥയാണ് ഈ നോവൽ. ബൈബിൾ പ്രകാരം ജെസബെൽ ഫിനിഷ്യയിലെ രാജ്ഞിയായിരുന്നു. ജെസബെൽ എന്ന വാക്കിനർത്ഥം ദൈവത്തിന് പ്രിയപ്പെട്ടവൾ എന്നാണ്. പൗരാണികമായ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജെസബെൽ ജനിച്ചത്. ജെസബെൽ ഒരു മെഡിസിൻ സ്റ്റുഡന്റ് ആയിരുന്നു. അപ്രതീക്ഷിതമായി വന്ന ഒരു വിവാഹ ആലോചനയിൽ അവൾക് ജോർജ് മരക്കാരൻന്റെ മകൻ ജെറോം ജോർജ് നെ വിവാഹം ചെയ്യേണ്ടി വന്നു. ജെറോം ഒരു ഗേ ആയിരുന്നു. ആദ്യരാത്രി തന്നെ തന്റെ ജീവിതത്തിന്റെ തകർച്ച ജെസബെൽ തിരിച്ചറിഞ്ഞു.അയാൾക്ക് ഓറൽ സെക്സ്ന് മാത്രമേ താല്പര്യം ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിഞ്ഞിട്ടും അവൾ കന്യക ആയിട്ട് തന്നെയാണ് ജീവിതം തുടർന്നത്. അതും പോരാഞ്ഞ്, ജോർജ് മരക്കാർ അവളുടെ പേര് പറഞ്ഞ് ആക്ഷേപിക്കാനും പരിഹസിക്കാനും കിട്ടിയ അവസരം മുഴുവൻ മുതലെടുത്തു.ജെസബെൽന് കിട്ടുന്ന ശമ്പളം മുഴുവൻ ജോർജ് മരക്കാർ തന്റെ അവകാശമാണെന്ന് പറഞ്ഞു വാങ്ങിച്ചെടുത്തു കൊണ്ടിരുന്നു. ജെസബെൽ തന്റെ സുഹൃത്തായ സന്ദീപിന്റെ ജാരസന്തതി യായ ആൻമേരിയെ, അവളുടെ രണ്ടാം അച്ഛനായ ജോർജ് സക്കറിയയിൽ നിന്ന് രക്ഷിച്ച തന്റെ വീട്ടിൽ കൊണ്ടു വന്ന് നിർത്തുന്നു.ജെസബെൽ ഇല്ലാത്ത ഒരു ദിവസം ആൻ മേരിയെ ജെറോം പീഡിപ്പിക്കാൻ ശ്രമിക്കുന്നു. തുടർന്ന് ജെസബെൽ ജെറോം ആയുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നു.ജെറോംന് ഒരു ആക്സിഡന്റ് പറ്റി കോമാ സ്റ്റേജിൽ ആവുന്നു. അയാളിൽനിന്ന് ഒരിക്കലും സ്നേഹം ലഭിക്കാതെ ഇരുന്ന ജെസബെൽ, അയാളെ ശുശ്രൂഷിച്ച ഉള്ള ജീവിതം നശിപ്പിക്കേണ്ട എന്ന് തീരുമാനിക്കുന്നു.എംഡി കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ തീരുമാനിക്കുന്നു. അതിന്റെ പേരിൽ ജെറോമിനെ അച്ഛൻ ജോർജ് മരക്കാർ ജെസബെൽനെ വിടാതെ ദ്രോഹിക്കുന്നു.ജെസബെൽ ഡിവോഴ്സ് പെറ്റിഷൻ കൊടുത്തപ്പോൾ, അതിനും അവൾക്ക് അനുവാദം നൽകാതെ നിരന്തരം വേട്ടയാടുന്നു.
തീയിൽ കൂടി കടന്നുപോയാൽ മാത്രമേ യഥാർത്ഥ ജീവിതം എന്താണെന്ന് തിരിച്ചറിയാൻ സാധിക്കയുള്ളൂ എന്നാണ് ജെസബെൽന്റെ ജീവിതം കാണിച്ചു തന്നത്. ജോർജ് മരക്കാർ കോടതി കയറ്റിയും, അപമാനിച്ചു, വ്യഭിചാരിണി എന്ന് വിളിച്ച് നിരന്തരം പരിഹസിച്ചിട്ടു, അയാൾക്കും കുടുംബത്തിനും ഒരു ആവശ്യം വന്നപ്പോൾ ജെസബെൽ തന്നെയാണ് സഹായത്തിന് വേണ്ടി ചെന്നത്. നോവൽന്റെ അവസാന ഭാഗങ്ങളിൽ, ജെറോമിന്റെ ശവസംസ്കാരച്ചടങ്ങിൽ, തനിക്ക് വിവാഹമോചനം അനുവദിക്കാതെ വന്ന കോടതി വിധിയെ കുറിച്ച് ഓർത്തു പൊട്ടിച്ചിരിച്ചു, ജീവിതത്തിൽ വളരെ വൈകി കൈവന്ന പുതിയ സ്വാതന്ത്ര്യത്തെക്കുറിച്ചും ഓർത്തുള്ള ഒരു ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു.
ഒരു സ്ത്രീയുടെ മനസ്സിനെയാണ് ആദ്യം സ്പർശിക്കേണ്ടത്, അല്ലാതെ അവളുടെ ശരീരത്തിലൂടെ അവളുടെ മനസ്സ് കീഴടക്കാം എന്നുള്ളത് ഒരു വ്യാമോഹം മാത്രമാണ്. അത് പുരുഷ സമൂഹത്തിന് ഇന്നും മനസ്സിലാക്കാത്ത കാര്യമാണ്.
മീരയുടെ നോവലുകൾ അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ഉള്ളിൽ നിന്ന് പുറപ്പെടുന്ന ശബ്ദം ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കേരളസമൂഹത്തിൽ പുരുഷന് നിലനിൽക്കുന്ന പ്രാധാന്യം മുഴുവൻ നോവലിൽ വിളിച്ചുപറയുന്നുണ്ട്. കണ്ണുതുറന്നു നോക്കിയാൽ ഒരുപാട് ഉദാഹരണങ്ങൾ ചുറ്റിലുമുണ്ട്. ഒരു പുരുഷൻ സ്വന്തം ഭാര്യയെ കൊന്നാൽ, അതൊരു സ്വാഭാവികമായ കാര്യമായാണ് നമ്മുടെ പത്രങ്ങൾ വിവരിക്കുക. എന്നാൽ ഒരു ഭാര്യയാണ് ഭർത്താവിനെ കൊല്ലുന്നത് എങ്കിൽ ആ സ്ത്രീയെ എത്രമാത്രം ആക്ഷേപിക്കാൻ സാധിക്കുമോ അത്രമാത്രം സമൂഹവും സോഷ്യൽ മീഡിയയും തിരഞ്ഞുപിടിച്ച് കൊല്ലും. സ്ത്രീ ഒരിക്കലും ഉയർന്നുവരാൻ പുരുഷസമൂഹം പൊതുവേ ആഗ്രഹിക്കാറില്ല, അവളെ എന്നും കാൽച്ചുവട്ടിൽ കാണാനാണ് പുരുഷന് ആഗ്രഹം. ഒരു ഫെമിനിസ്റ്റ് ചിന്താഗതി ആയി വേണമെങ്കിൽ ഇതിനെ കാണാം. പക്ഷേ ദിവസവും ന്യൂസ് പേപ്പർ വായിക്കുമ്പോഴും, സോഷ്യൽ മീഡിയയിലെ പേക്കൂത്തുകൾ കാണുമ്പോഴും പ്രതികരിക്കാൻ സാധിക്കാത്ത ഒരു പെൺകുട്ടിയുടെ രോദനം ആയി ഇതിനെ കണ്ടാൽ മതി.
കെ ആർ മീരയുടെ കൃതികൾ
കഥകൾ - ഭഗവാന്റെ മരണം, മോഹമഞ്ഞ, ഓർമ്മയുടെ ഞരമ്പ്, പെൺ പഞ്ചതന്ത്രം മറ്റു കഥകളും.
നോവലുകൾ- ആരാച്ചാർ, മീരാസാധു, ആ മരത്തെയും മറന്നു മറന്നു ഞാൻ, മാലാഖയുടെ മറുക്- കരിനീല, മീരയുടെ നോവല്ലെകൾ, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
ഓർമ്മ- എന്റെ ജീവിതത്തിലെ ചിലർ.