8 കഥകളുടെ സമാഹാരം. മരിച്ച വീട്ടിലെ മൂന്നുപേർ, ജലശൈയ്യയിൽ കുളിരമ്പിളി, AD, കുളെ, നീലനഖം, ശ്രീവിദ്യയുടെ വരവ്, ക്യാപ്ച്ചറിങ് വെള്ളം തെളിപ്പ്, മുല്ലമുട്ട് വിരിഞ്ഞെന്ന് ചൊന്നതാര് കണ്മണി എന്നിവയാണിവ. വ്യത്യസ്തമായ ഒരു ആഖ്യാന ശൈലി ഇവയ്ക്കെല്ലാം ഉണ്ട്.
വായിച്ച് പരിചിതമായ സാഹിത്യ പ്രമേയങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ചില കഥാപരിസരങ്ങളെ തന്റെ ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുവാൻ പ്രാഗത്ഭ്യമുള്ള എഴുത്തുകാരനാണ് മൃദുൽ വി. എം. അദ്ദേഹത്തിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “കുളെ” എന്ന ഗ്രന്ഥം അസാധാരണമായ വായനാനുഭവമാണ് സമ്മാനിച്ചത്. എട്ട് കഥകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നാഗരികതയുടെ അതിപ്രസരം എല്ലാ മേഖലകളിലും ശക്തമായ സ്വാധീനം ചെലുത്തുമ്പോൾ ഗ്രാമീണതയുടെ നൈർമല്യതയിലേക്കുള്ള സഞ്ചാരമാണ് മൃദുലിന്റെ കഥകൾ. ‘മരിച്ച വീട്ടിലെ മൂന്നുപേർ’ എന്ന കഥപറഞ്ഞത് കലഹത്തിന്റെയോ സദാചാരത്തിന്റെയോ കഥയല്ല മറിച്ച് സംഘയാത്രയുടെ കഥയാണ്. അതിജീവന ശ്രമങ്ങളുടെ കഥയാണ് ‘ജലശയ്യയിലെ കുളിരമ്പിളി.’ സിനിമാ ചിത്രീകരണത്തിൽ അഭിനേതാവായി ഉൽപടുത്തപ്പെടുകയും പിന്നീട് എഡിറ്റ് ചെയ്യപ്പെടുകയും ചെയ്ത കഥാപാത്രത്തിന്റെ കഥയാണ് ‘ എ. ഡി.’ മരണപ്പെട്ട ജേഷ്ഠന് വിവാഹം ആലോചിക്കുന്ന വിഷയം പ്രമേയമായി വരുന്ന കഥയാണ് ‘കുളെ.’ മരണാതീതമായി പ്രവഹിക്കുന്ന ജാതീയതയാണ് ഈ കഥയിലെ കേന്ദ്രവിഷയം. ഗ്രാമീണജീവിതത്തിന്റെ തനത്ജീവിതത്തിലേക്കുള്ള ഇറങ്ങിച്ചെല്ലലാണ് ‘നീല നഖം.’ കഥാപാത്രങ്ങൾ മനുഷ്യരിൽ നിന്നും വഴിമാറി ജീവികളിലേക്ക് സഞ്ചരിക്കുന്ന മായാകാഴ്ച്ചയാണ് ‘ശ്രീവിദ്യയുടെ വരവ്’ എന്ന കഥ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കഥയാണ് ‘ക്യാപ്ചറിങ് വെള്ളം തെളിപ്പൻ.’ ജീവിതം അടിച്ചേൽപ്പിക്കുന്ന ഏകാന്തതയുടെ നൊമ്പരങ്ങളുടെ കഥയാണ് ‘മുല്ലമോട്ടു വിരിഞ്ഞെന്ന് ചൊന്നതാണെന്റെ കൺമണി.’ ഇങ്ങനെ ഈ ഗ്രന്ഥത്തിലെ എട്ട് കഥകളും ചർച്ചചെയ്യുന്ന പ്രമേയങ്ങൾ വായനക്കാരനു സമ്മാനിക്കുന്ന വായനാനുഭവം വലുതാണ്. മൃദുലിനു എല്ലാവിധ ആശംസകളും.
Mrudhul's language has a unique charm that effortlessly pulls readers into the heart of his stories. Each narrative unfolds in a distinct setting, yet all are bound together by his compelling storytelling style. Among them, "Kule" stands out as a truly haunting experience—its impact lingers long after the last word. "Jalashayyayil" is another favorite, with its subtle depth and emotional resonance. Mrudhul is undoubtedly a promising writer, and his work marks the arrival of a fresh, powerful voice in storytelling.
കുളെ മൃദുൽ വി എമ്മിന്റെ ആദ്യ ചെറുകഥാസമാഹാരം. 'കുളെ', 'ശ്രീവിദ്യയുടെ വരവ്', 'മുല്ലമൊട്ടു വിരിഞ്ഞെന്ന് ചൊന്നതാരെന്റെ കണ്മണീ' എന്നീ കഥകൾ വളരെ ഇഷ്ടപ്പെട്ടു. കുളെ എന്ന കഥ അതിന്റെ പൊളിറ്റിക്സുകൊണ്ടും ക്രാഫ്റ്റുകൊണ്ടും വളരെ മികച്ചതാണ്. പുറമെ പുരോഗമനവാദിയെന്ന് നടിച്ച് ജാതീയത പോലെയുള്ള പ്രതിലോമ ആശയങ്ങളെ പുണരുന്ന കാപട്യത്തെ അത് തുറന്നുകാണിക്കുന്നു. വളരെ പ്രസക്തമായ ഈ വിഷയത്തെ രൂപഭംഗിയോടെ മനോഹരമായ ക്രാഫ്റ്റിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത് സവിശേഷശ്രദ്ധയർഹിക്കുന്നു. മറിച്ചുള്ള അപകടത്തിലേക്ക് കഥ വഴുതിവീഴുന്നില്ല. 'ശ്രീവിദ്യയുടെ വരവ്' സ്ത്രീകളെ വെറും 'മുട്ടക്കോഴികളാക്കുന്ന' പാട്രിയാർക്കിയുടെ അപമാനവീകൃതാവസ്ഥയെ തുറക്കുന്നു. ഈ കഥയിലും അതിന്റെ ക്രാഫ്റ്റ് വളരെയധികം പിടിച്ചിരുത്തുന്നതാണ്. രണ്ട് കഥകളും സമൂഹത്തിലെ വൈരുധ്യങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും 'കുളെ'. 'മുല്ലമൊട്ടു വിരിഞ്ഞെന്ന് ചൊന്നതാരെന്റെ കണ്മണീ' എന്ന കഥ കാലിക കേരളത്തിലെ വാർദ്ധക്യാവസ്ഥകളുടെ സംഘർഷങ്ങളെ ആവിഷ്കരിക്കുന്നതിന്റെ വഴി സവിശേഷമാണ്. സംഘർഷങ്ങളെ കോലാഹലങ്ങളിലല്ല, അടിയിൽ ഗർത്തങ്ങളൊളിപ്പിച്ച് അനന്തമായ ശാന്തതയോടെ മുഖം ചമയ്ക്കുന്ന ആഴക്കടലിന്റെ സൗമ്യതയിലൂടെയാണ് കഥ ആവിഷ്കരിക്കുന്നത്.
ആകെ 8 കഥകളാണ് ഈ കഥാസമാഹാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.