"രക്തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് വഞ്ചിനാട്ടിലെ വേതാളങ്ങൾ. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്കുമേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ, മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ ഫിക്ഷൻ്റെ എല്ലാ സാധ്യതകളും വളരെ രസകരമായി ഇതിൽ പ്രയോഗിച്ചിട്ടുണ്ട്." - വിഷ്ണു എം.സി
'മലയാളത്തിൽ വ്യത്യസ്ഥമായ ഒരു വർക്ക് വന്നു എന്നത് Appreciate ചെയ്യാം'- പൊതുവെ മലയാളത്തിൽ കണ്ടു പരിചരിച്ചിട്ടില്ലാത്ത Genrel വരുന്ന മിഡ് ആയ വർക്കുകൾക്ക് മോശം/പോര എന്ന് പറഞ്ഞ് ആ എഫർട്ടിനെ തളർത്തണ്ട എന്ന് കരുതി പറയുന്ന ഒരു Diplomatic വാചകമാണ് ഇത്. കാന്തമലചരിതം പോലെ അപൂർവ്വം ചില കേസുകളിൽ മാത്രമേ മലയാളത്തിൽ നടത്തുന്ന 'പുതിയ ' കൊമേഴ്സ്യൽ പരീക്ഷണങ്ങളിൽ മനസ്സുനിറഞ്ഞ് അഭിപ്രായം പറയാൻ സാധിച്ചിട്ടുള്ളൂ. അത്തരം കൊള്ളാവുന്ന പരീക്ഷണങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് മലയാളത്തിലെ ആദ്യ സോംബി നോവലിൻ്റെയും സ്ഥാനം. ചരിത്ര സന്ദർഭങ്ങളെ Genre-മായി കണ്ണിചേർത്ത രീതി ഇവിടെ ഗംഭീരമായിരുന്നു. പക്ഷേ ഭാഷയിലും, ആഖ്യാനത്തിലും അതിഗംഭീരമായ ആ കഥാഗതിയോട് പൂർണ്ണമായും നീതി പുലർത്താൻ നോവലിന് സാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ വ്യക്തിപരമായി ഇല്ല എന്ന് തന്നെയാണ് ഉത്തരം. അത് പ്ലോട്ട് അത്രയും മികവ് പുലർത്തിയ ഒന്നായതിനാൽ മാത്രം ഉണ്ടായൊരു തോന്നലാണ്. അതിനാൽ തന്നെ ഒരു വിധത്തിലും ഈ പുസ്തകം വായിക്കാനെടുക്കുന്നതിൽ നിന്നും അക്കാര്യം ആർക്കും ഒരു തടസ്സമാകേണ്ടതില്ല. മലയാളം പോപ്പുലർ ഫിക്ഷൻ ശാഖയ്ക്ക് ഒരുപാട് സംഭാവനകൾ നൽകാൻ പ്രാപ്തിയുള്ള ഒരു മികച്ച എഴുത്തുകാരനെ നമുക്കിവിടെ കാണാം. അദ്ദേഹത്തിൻ്റെ തുടർ രചനകൾക്കായി കാത്തിരിക്കുന്നു ♥️.
തെക്കൻ തിരുവിതാംകൂറിന്റെ ഭരണ ചരിത്രത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് മാർത്താണ്ഡ വർമ്മയും എട്ടു വീട്ടിൽ പിള്ളമാരും തമ്മിലുള്ള പകയും അധികാരത്തിനു വേണ്ടിയുള്ള പോരാട്ടവും. വർമ്മ, രാജ്യദ്രോഹക്കുറ്റം ചുമത്തി പിള്ളമാരെയെല്ലാം വധിച്ച് അവരുടെ വീടും കുടുംബവും മുച്ചൂടും മുടിച്ച് കുളം തോണ്ടിയ കഥ കുറേ പേർക്കെങ്കിലും പരിചിതമായ ഒന്നാണ്. ഇപ്പറഞ്ഞ ചരിത്രകഥ നല്ല interesting ആണ്, അതിലേക്ക് കുറച്ച് സോംബികളെ കൂടി ചേർത്താലോ.. ഒന്നുകൂടി interesting ആവില്ലേ, അക്കഥയാണ് നവാഗത എഴുത്തുകാരൻ കൂടിയായ സന്ദീപ് സോമശേഖരന്റെ വഞ്ചിനാട്ടിലെ വേതാളങ്ങൾ എന്ന നോവൽ പറയുന്നത്.
ആദ്യം മുതൽ അവസാനം വരെ വളരെ രസമായി വായിച്ചു തീർക്കാൻ പറ്റിയ ഒരു പുസ്തകം, ചരിത്ര കഥകൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും വായിച്ചു നോക്കാൻ പറ്റുന്നതാണ്, നമുക്കറിയാവുന്ന കേട്ടിട്ടുള്ള കാര്യങ്ങളെ മറ്റൊരു perspective ലൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. വർമ്മ യാണോ, എട്ടു വീട്ടിൽ പിള്ളമാരാണോ ശരി എന്ന് ഇപ്പോഴും ചില തർക്കങ്ങൾ നടക്കുന്നതാണ്, പക്ഷെ ഈ നോവൽ വർമ്മയുടെ ഭാഗത്തു നിന്നും അദ്ദേഹത്തെ പ്രധാന കഥാപാത്രമാക്കിയാണ് എഴുതപ്പെട്ടിട്ടുള്ളത്.
കഥയിൽ വർമ്മയെ കൂടാതെ വേലു എന്ന കഥാപാത്രത്തിന് ഒരു ഹീറോയിക് പരിവേഷം നൽകിയിട്ടുണ്ട്, വായനയ്ക്ക് ശേഷം മനസ്സിൽ നിൽക്കുന്ന ഒരു കഥാപാത്രം വേലു എന്ന യോദ്ധാവ് ആണ്. നോവലിന്റെ ഭീമഭാഗവും, രാജ്യത്തെ നശിപ്പിക്കാൻ കെൽപ്പുള്ള മഹാമാരി യെയും അതിനെ പ്രതിരോധിക്കാൻ കഥാപാത്രങ്ങൾ നേരിടുന്ന വെല്ലുവിളിയും മറ്റുമാണ്, അത് കൊണ്ടു തന്നെ ഒരു കഥാപാത്രങ്ങൾക്കും പൂർണമായ ഒരു character definition നൽകിയിട്ടില്ല, അതൊരു പോരായ്മയായി പറയുന്നതല്ല, ഇത്തരത്തിൽ ഒരു genre structure ൽ മുന്നോട്ടു പോകുന്ന കഥയ്ക്ക് അത് നിർബന്ധം ഉണ്ടെന്നും തോന്നുന്നില്ല, പക്ഷെ വേലു എന്ന കഥാപത്രത്തിന് കൂട്ടത്തിൽ കൃത്യമായ character arc നൽകാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു കാര്യം നോവലിലെ സംസാരഭാഷയായ തെക്കൻ ശൈലി വളരെ നന്നായി കൈകാര്യം ചെയ്തിരുന്നു എന്നും തോന്നി.
തീർച്ചയായും മലയാള സാഹിത്യത്തെ മറ്റൊരു തരത്തിൽ ഉയർത്താൻ സാധിക്കുന്ന ഒരു വേറിട്ട മികച്ച ഉദ്യമം തന്നെയാണ് ഈ നോവൽ എന്നതിൽ തർക്കമില്ല അത്രയ്ക്ക് എൻജോയ് ചെയ്തു.
ഇനിയുള്ളത് കുറച്ച് സ്പോയിലെർസ് ആണ്, നോവൽ വായിക്കാത്തവർ തുടർന്ന് വായിക്കരുത് - ഇരു കൂട്ടരും തമ്മിലുള്ള അധികാര പോരാട്ടത്തിനിടെ നടന്നിട്ടുള്ള ചില ചരിത്ര സംഭവങ്ങൾ, വർമ്മക്ക് എതിരെ ആറാട്ടിനിടെ ഉണ്ടായ ആക്രമണവും, പിള്ളമാരെ വധിച്ച് കുടുംബം കുളം തോണ്ടി എന്നതും, ഭാര്യമാരെ മുക്കുവർക്ക് കൊണ്ടു കൊടുത്തതും, കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ അടച്ച് പൂട്ടിയതും, ഈ പറയുന്ന സംഭവങ്ങളെല്ലാം ( ഇതെല്ലാം കഥയാണ്, വാമൊഴിയായും, നാട്ടുകഥകളായും പ്രചരിച്ചതുമാവാം) Zombie - Pandemic എന്ന തീം നോട് ചേർന്നു നിൽക്കുന്ന രീതിയിൽ നോവലിൽ വളരെ സമർഥമായി എഴുത്തുകാരൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പിന്നെ, രോഗത്തിനെ പ്രതിരോധിക്കാനായി, ഉപ്പ് വെള്ളം ഉപയോഗിക്കുന്ന കാര്യമൊക്കെ വായിച്ചപ്പോൾ, ദശാവതാരം സിനിമയൊക്കെ ഓർമ്മ വന്നു, "ഇത് ഞാൻ എവിടെയോ.." എന്ന് തോന്നി. ഒറ്റ കാര്യത്തിലേ എനിക്ക് അഭിപ്രായ വ്യത്യാസം ഉള്ളൂ, tail end ഒരല്പം സ്പൂൺ ഫീഡിങ് ആയിപ്പോയത് പോലെ തോന്നി, വേലു രക്ഷപ്പെട്ടു എന്നത് സന്തോഷം, പക്ഷെ എങ്ങനെ രക്ഷപ്പെട്ടു എന്ന് വായനക്കാരുടെ ഭാവനയിലേക്ക് വിടാമായിരുന്നു. ഞങ്ങളും കൂടി കുറച്ച് ചിന്തിച്ചോട്ടെ.
തിരുവിതാംകൂർ ചരിത്രത്തെ പുതിയൊരു അന്തരീക്ഷത്തിൽ വരച്ചിടുന്ന ഒരു കിടിലൻ ഹിസ്റ്റോറിക്കൽ ഫിക്ഷൻ. കേട്ടും വായിച്ചും അറിഞ്ഞ മാർത്താണ്ഡവർമ്മയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും കഥകൾ തികച്ചും പുതിയൊരു വീക്ഷണകോണിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നു. വായനക്കാരെ പിടിച്ചിരുത്തുന്ന, ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാവുന്ന ഒരു Zombie Pandemic ത്രില്ലർ.
വഞ്ചിനാട്ടിലെ വേതാളങ്ങൾ. സന്ദീപ് എസ്. ലോഗോസ് ബുക്സ്. പേജ്: 194
….. “മനുഷ്യനും ആയുധവും തമ്മിൽ ഒരു വ്യത്യാസമുണ്ട്. ആയുധത്തിനു സ്വന്തമായ അഭിപ്രായങ്ങളോ വികാരങ്ങളോ ലക്ഷ്യങ്ങളോ ഇല്ല. ആയുധങ്ങൾക്ക് സ്വയം തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവ പയറ്റുന്ന മനുഷ്യനെടുക്കുന്നതിനേക്കാൾ നല്ല തീരുമാനങ്ങളായേനെ. കാരണം ആയുധധാരി വികാരങ്ങളുടെ സമ്മർദ്ദത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇത് മറക്കരുത്- നീ ഒരു മാരകായുധമാണ്. നിന്നെ കടിഞ്ഞാണഴിച്ചു വിടുന്നവന് വകതിരിവുണ്ടാവില്ലെങ്കിലും നിനക്കതുണ്ടാവണം. ഓരോ വെട്ടും വീഴും മുൻപേ നിൻ്റെ വെട്ടിന് ആയം നല്കാൻ ന്യായം നിന്റെ വശത്തുണ്ടെന്നുറപ്പാക്കണം!” …..
ചരിത്രം നമ്മോട് പറഞ്ഞുതന്ന കാര്യങ്ങൾക്കിടയിൽ ഒരുപക്ഷേ ചരിത്രം പറയാതെ വിട്ട ചില ഇടങ്ങളുമുണ്ടാകാം. രേഖകളിൽ ഉറപ്പിച്ചുനിർത്താനാവാത്തതോ ഐതിഹ്യങ്ങളായി മാത്രം അവശേഷിക്കുന്നതോ ആയ അത്തരം ഇടങ്ങളിലേക്ക് ഒരു കഥാകൃത്ത് തന്റെ സാഹിത്യഭാവനയെ ഇറക്കിവിട്ടാൽ എന്തു സംഭവിക്കും? നമുക്കു പരിചിതമായ ചരിത്രകഥാപാത്രങ്ങളും സംഭവങ്ങളും അതേപടി അവിടെ നിൽക്കുമ്പോൾ, അവരുടെ ചുറ്റുമുള്ള ലോകത്തിലേക്ക് യാഥാർഥ്യത്തിന് വിശദീകരിക്കാൻ കഴിയാത്ത മറ്റൊരു ഭീഷണി കടന്നുവന്നാൽ ചരിത്രം എങ്ങനെയായിരിക്കും മാറുക? ഈ ചോദ്യങ്ങൾക്ക് കൃത്യമായൊരു ഉത്തരം കണ്ടെത്താനാകുമോ എന്ന അന്വേഷണമാണ് സന്ദീപ് എസ്. തന്റെ പ്രഥമ നോവലായ ‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’ എന്ന കൃതിയിലൂടെ നടത്തുന്നത്. ലോഗോസ് ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളചരിത്രത്തിലെ സംഭവബഹുലമായ ഒരേടാണ് വേണാടിന്റെയും പിന്നീട് തിരുവിതാംകൂറായി വികസിച്ച രാജ്യത്തിന്റെയും ചരിത്രം. മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽ പിള്ളമാരെ ചുറ്റിപ്പറ്റിയ ചരിത്രവും ഐതിഹ്യങ്ങളും വേണാടിന്റെ അധികാരസംഘർഷങ്ങളും മലയാളികളുടെ സാംസ്കാരിക ഓർമ്മയിൽ ആഴത്തിൽ പതിഞ്ഞവയാണ്. ചരിത്രപഠനങ്ങളിലൂടെയും ജനകീയ ഐതിഹ്യങ്ങളിലൂടെയും സി. വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’, വൈക്കം ചന്ദ്രശേഖരൻ നായരുടെ ‘പഞ്ചവൻകാട്’ തുടങ്ങിയ സാഹിത്യകൃതികളിലൂടെയും ഈ കാലഘട്ടം മലയാളിയുടെ മനസ്സിൽ പല രൂപങ്ങളിൽ നിലനിൽക്കുന്നു. ചരിത്രവും ജനകീയസ്മൃതിയും സാഹിത്യഭാവനയും എല്ലായ്പ്പോഴും ഒരേ ചിത്രമല്ല നമുക്ക് നൽകുന്നതെങ്കിലും, രാജാധികാരവും പ്രാദേശിക ശക്തികളും തമ്മിലുള്ള സംഘർഷങ്ങളും കൊട്ടാരത്തിനകത്തെ ഉപജാപങ്ങളും വിശ്വാസവും വഞ്ചനയും അധികാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചേർന്ന് പതിനെട്ടാം നൂറ്റാണ്ടിലെ വേണാട് തന്നെ ഒരു നോവലിനാവശ്യമായ നാടകീയത നിറഞ്ഞ ഭൂമികയൊരുക്കുന്നുണ്ട്.
എന്നാൽ അതേ ചരിത്രത്തിലേക്ക് ഒരു സോമ്പി മഹാമാരിയെ കൊണ്ടുവന്നാലോ? ആ ഒറ്റ ചോദ്യത്തിലാണ് ‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’ അതിന്റെ ഏറ്റവും കൗതുകകരമായ സാധ്യത കണ്ടെത്തുന്നത്. ചരിത്രത്തിൽനിന്ന് നമുക്ക് പരിചിതരായ വ്യക്തികളും സാഹചര്യങ്ങളും ഒരുവശത്തു നിൽക്കുമ്പോൾ, മറുവശത്ത് മനുഷ്യരെ ഭീകരമായ മറ്റൊരു അവസ്ഥയിലേക്ക് മാറ്റുന്ന അജ്ഞാതവ്യാധി കടന്നുവരുന്നു. ചരിത്രവും ഭീതിയും സാഹസികതയും അതിജീവനവും ഒരേ കഥയിൽ കൂടിച്ചേരുന്നിടത്താണ് കഥാകൃത്തിന്റെ ഭാവന ഉണരുന്നതും വായനക്കാർക്കായി ഈ വേതാളങ്ങളെ തുറന്നുവിടുന്നതും.
മലയാളത്തിൽ സോമ്പി സാഹിത്യം അത്ര പരിചിതമായൊരു മേഖലയല്ല. സിനിമകളിലൂടെയും വിദേശ വെബ് സീരീസുകളിലൂടെയും ഇംഗ്ലീഷ് സാഹിത്യത്തിലൂടെയുമാണ് സോമ്പി എന്ന സങ്കൽപ്പം നമ്മളിൽ പലർക്കും കൂടുതൽ പരിചിതമാകുന്നത്. അതുകൊണ്ടുതന്നെ വാളും പരിചയും കുതിരകളും കൊട്ടാരങ്ങളും നിറഞ്ഞ പഴയ വേണാടിന്റെ മണ്ണിലേക്ക് ആ സങ്കൽപ്പത്തെ കൊണ്ടുവരുന്നത് ആദ്യം കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാം. പക്ഷേ പുസ്തകത്തിന്റെ പ്രധാന പുതുമയും അതുതന്നെയാണ്. പരിചിതമായൊരു ചരിത്രലോകത്തിനുള്ളിൽ തീർത്തും അപരിചിതമായൊരു ഭീഷണിയെ സ്വാഭാവികമായി ലയിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്.
ഈ കൃതിയെ ഒരു സമ്പൂർണ്ണ ചരിത്രനോവൽ എന്നു വിളിക്കാനാകില്ല. വെറുമൊരു ഭീകരനോവൽ എന്നു വിളിക്കുന്നതും ശരിയാകില്ല. ചരിത്രം, മഹാമാരിയുടെ ഭയം, യുദ്ധം, സാഹസികത, അതിജീവനം, അധികാരപ്പോരാട്ടം എന്നിവയെല്ലാം ഇതിൽ പല അളവുകളിൽ ഇഴചേർന്നിരിക്കുന്നു. യഥാർഥ ചരിത്രത്തിന്റെ അടിത്തറയിൽ സംഭവിച്ചിരിക്കാത്ത മറ്റൊരു സാധ്യതയെ എഴുത്തുകാരൻ സങ്കൽപ്പിച്ചെടുക്കുന്നതിനാൽ ബദൽചരിത്രത്തിന്റെ ചില സ്വഭാവസവിശേഷതകളും ഇതിൽ കാണാം. എന്നാൽ കൃത്യമായ അർഥത്തിൽ ഒരു ബദൽചരിത്രനോവൽ എന്നതിനേക്കാൾ ചരിത്ര-ഭീകര-സാഹസിക നോവൽ, അല്ലെങ്കിൽ ബദൽചരിത്രത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ഒരു ജനപ്രിയസാഹിത്യ പരീക്ഷണം എന്ന നിലയിലാണ് ഈ കൃതിയെ കാണുന്നത് കൂടുതൽ ഉചിതമെന്ന് തോന്നുന്നു.
ഇത്തരം രചനകളുടെ രസം ‘എന്താണ് സംഭവിച്ചത്?’ എന്ന ചോദ്യത്തേക്കാൾ ‘ഇങ്ങനെ സംഭവിച്ചിരുന്നെങ്കിലോ?’ എന്ന അന്വേഷണത്തിലാണ്. ചരിത്രം നമുക്ക് ഒരു വഴി കാണിച്ചുതരുമ്പോൾ കഥാകൃത്ത് അതിനോടുചേർന്ന് മറ്റൊരു സാധ്യത സങ്കൽപ്പിക്കുന്നു. ആ വഴിയിലൂടെ നടക്കുമ്പോൾ യഥാർഥ ചരിത്രവും ഭാവനയും തമ്മിലുള്ള അതിരുകൾ തിരിച്ചറിയുന്നതും വായനയുടെ ഭാഗമായിത്തീരുന്നു. അതുകൊണ്ടുതന്നെ ‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’ ഒരു ചരിത്രപാഠപുസ്തകമായി വായിക്കേണ്ട കൃതിയല്ല. ചരിത്രപശ്ചാത്തലം അറിയുന്ന വായനക്കാർക്ക് ഇതിലെ ചില സൂചനകളും പേരുകളും സാഹചര്യങ്ങളും കൂടുതൽ കൗതുകകരമായി അനുഭവപ്പെടാം; അതൊന്നുമറിയാത്തവർക്കും കഥയുടെ സാഹസികത പിന്തുടരാൻ കഴിയുന്ന രീതിയിലാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്.
പുസ്തകത്തിന്റെ പേരിലെ ‘വേതാളങ്ങൾ’ എന്ന വാക്കും ശ്രദ്ധേയമാണ്. നമ്മുടെ കഥാപാരമ്പര്യത്തിൽ വേതാളം എന്നത് അമാനുഷികതയുമായും മരണത്തോടും ശവശരീരങ്ങളോടും ചേർന്ന ഭയസങ്കൽപ്പങ്ങളുമായും ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണ്. പരമ്പരാഗത വേതാളസങ്കൽപ്പവും ആധുനിക ജനപ്രിയസംസ്കാരത്തിലെ സോമ്പിയും ഒന്നല്ലെങ്കിലും, സോമ്പി എന്ന ആശയത്തെ പഴയ വേണാടിന്റെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരുമ്പോൾ ‘വേതാളങ്ങൾ’ എന്ന പേരിടൽ കഥയ്ക്ക് പ്രത്യേകമായൊരു മലയാളിത്തം നൽകുന്നു. ‘സോമ്പികൾ’ എന്ന് നേരിട്ട് വിളിക്കുന്നതിനേക്കാൾ കഥ നടക്കുന്ന കാലത്തിന്റെയും ദേശത്തിന്റെയും അന്തരീക്ഷത്തോട് ചേർന്നുനിൽക്കുന്ന പേരായി അത് അനുഭവപ്പെടുന്നു.
മഹാമാരികൾ വിതയ്ക്കുന്ന ആഘാതങ്ങൾ നമ്മൾക്കിപ്പോൾ വെറുമൊരു ചരിത്രവിവരമല്ല. ഒരു രോഗം എത്ര വേഗത്തിലാണ് മനുഷ്യരുടെ സാധാരണജീവിതത്തെ തകർക്കുന്നത്, യാത്രകളെയും ബന്ധങ്ങളെയും സാമൂഹികക്രമത്തെയും അത് എങ്ങനെ മാറ്റിയെഴുതുന്നു, അറിവില്ലായ്മയും അഭ്യൂഹങ്ങളും ഭയവും എത്ര വേഗത്തിൽ പടരുന്നു എന്നതെല്ലാം സമീപകാല ലോകാനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് നോവലിലെ രോഗം സാങ്കൽപികവും അതിന്റെ ഫലങ്ങൾ അതിശയോക്തിപരവുമാണെങ്കിൽക്കൂടി, അജ്ഞാതമായ ഒരു പകർച്ചവ്യാധിക്കുമുന്നിൽ മനുഷ്യർ അനുഭവിക്കുന്ന നിസ്സഹായത വായനക്കാർക്ക് പൂർണമായും അന്യമായ ഒന്നായി തോന്നില്ല.
അതും ഇന്നത്തെ കാലത്തല്ല, രോഗകാരണം തിരിച്ചറിയാനുള്ള ആധുനിക ശാസ്ത്രീയ സംവിധാനങ്ങളോ അതിവേഗ ആശയവിനിമയ മാർഗങ്ങളോ ഇന്നത്തെ ചികിത്സാസൗകര്യങ്ങളോ ഇല്ലാത്ത ഒരു കാലഘട്ടത്തിലാണെന്ന് ചിന്തിക്കുമ്പോൾ ഭയത്തിന്റെ തീവ്രതയേറുന്നു. ഒരു പ്രദേശത്ത് എന്തോ ഭീകരമായത് സംഭവിക്കുന്നു എന്ന വാർത്ത മറ്റൊരിടത്തെത്തുമ്പോഴേക്കും സ്ഥിതി എത്രമാത്രം മാറിയിരിക്കാം? എന്താണ് സംഭവിക്കുന്നതെന്നറിയില്ല, അതിന്റെ സ്വഭാവം പൂർണമായി മനസ്സിലാകുന്നില്ല, അതിനെ എങ്ങനെ നേരിടണമെന്നതിലും വ്യക്തതയില്ല. മനുഷ്യന്റെ മുന്നിലുള്ളത് കേട്ടുകേൾവികളും നേരിൽ കാണുന്ന ഭീകരതയും മാത്രം. ഈ അനിശ്ചിതത്വം നോവലിന്റെ അന്തരീക്ഷത്തിന് നല്ലൊരു ഉദ്വേഗം നൽകുന്നുണ്ട്.
എന്നാൽ മഹാമാരിയുടെ ശാസ്ത്രം വിശദീകരിക്കുന്നതിലല്ല നോവലിന്റെ പ്രധാന ശ്രദ്ധ. കഥയുടെ ശക്തി അതിന്റെ വേഗത്തിലാണ്. തുടക്കത്തിലെ പശ്ചാത്തലനിർമ്മാണം കഴിഞ്ഞാൽ സംഭവങ്ങൾ ഒന്നിനുപിറകെ ഒന്നായി നീങ്ങുന്നു. പോരാട്ടങ്ങൾ, യാത്രകൾ, രക്ഷപ്പെടാനുള്ള ശ്രമങ്ങൾ, അപ്രതീക്ഷിത ഭീഷണികൾ, അധികാരസംഘർഷങ്ങൾ എന്നിവയെല്ലാം ചേർന്ന് വായനക്കാരെ ആകാംക്ഷയോടെ അടുത്ത പേജുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വളരെ ദീർഘമായ വിവരണങ്ങളോ തത്ത്വചിന്താപരമായ ഇടവേളകളോ ഇല്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്ന സങ്കീർണവിവരണങ്ങൾ ഒഴിവാക്കിയുള്ളതുമായ ആഖ്യാനശൈലി പുസ്തകം വേഗത്തിൽ വായിച്ചുതീർക്കാൻ സഹായിക്കുന്നു.
ചില രംഗങ്ങൾ വായിക്കുമ്പോൾ കേവലമൊരു നോവൽ വായിക്കുന്നതിനേക്കാളുപരി ഒരു ചരിത്രകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സോമ്പി ചലച്ചിത്രം കാണുന്നതുപോലെയുള്ള ദൃശ്യാനുഭവം ലഭിക്കുന്നുണ്ട്. ആധുനിക സോമ്പിക്കഥകളിലെ തോക്കുകളും വാഹനങ്ങളും വൈദ്യുതിയും അതിവേഗ വാർത്താവിനിമയ സംവിധാനങ്ങളുമൊന്നും ഇവിടെ സഹായത്തിനില്ല. വാളും കുന്തവും അമ്പും വില്ലും ശരീരശക്തിയും യുദ്ധപരിശീലനവും പെട്ടെന്നെടുക്കുന്ന തീരുമാനങ്ങളുമാണ് പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും മാർഗങ്ങൾ. അതുകൊണ്ടുതന്നെ ഇതിലെ ഏറ്റുമുട്ടലുകൾക്ക് പതിവ് സോമ്പിക്കഥകളിൽനിന്ന് വ്യത്യസ്തമായൊരു സ്വഭാവം കൈവരുന്നു.
സ്വാഭാവികമായും മാർത്താണ്ഡവർമ്മ ഈ ചരിത്രഭൂമികയിലെ പ്രധാന സാന്നിധ്യമാണ്. എന്നാൽ ചരിത്രത്തിൽനിന്നെടുത്ത വലിയ പേരുകളെ മാത്രം ആശ്രയിക്കാതെ സാങ്കൽപിക കഥാപാത്രങ്ങളെയും അവർക്കൊപ്പം സഞ്ചരിപ്പിക്കാൻ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. അവരിൽ ‘വേലു’ എന്ന കഥാപാത്രം പ്രത്യേകമായി ശ്രദ്ധ പിടിച്ചുപറ്റുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ചരിത്രത്തിനിടയിൽ സാധാരണ മനുഷ്യന്റെ ധൈര്യത്തിനും പോരാട്ടത്തിനും അതിജീവനത്തിനും ഇടം നൽകുന്ന കഥാപാത്രങ്ങളാണ് പലപ്പോഴും വായനക്കാരോട് കൂടുതൽ അടുപ്പമുണ്ടാക്കുന്നത്. വേലുവിന്റെ സാന്നിധ്യവും അത്തരത്തിലൊന്നായി അനുഭവപ്പെടുന്നു.
അതേസമയം കഥാപാത്രങ്ങളുടെ മനസ്സിലേക്ക് വളരെ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന രീതിയല്ല നോവൽ സ്വീകരിച്ചിരിക്കുന്നത്. സംഭവങ്ങളാണ് പലപ്പോഴും കഥാപാത്രങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. അവരുടെ ഉള്ളിലെ ഭയം, നഷ്ടബോധം, സംശയങ്ങൾ, ബന്ധങ്ങളുടെ സങ്കീർണത എന്നിവയ്ക്ക് കുറച്ചുകൂടി ഇടം ലഭിച്ചിരുന്നെങ്കിൽ ചില കഥാപാത്രങ്ങൾ കൂടുതൽ പൂർണതയോടെ മനസ്സിൽ നിൽക്കുമായിരുന്നുവെന്ന് തോന്നി. പ്രത്യേകിച്ച് ഇത്ര അസാധാരണമായൊരു ദുരന്തത്തിനുമുന്നിൽ നിൽക്കുന്ന മനുഷ്യരുടെ മാനസികാവസ്ഥ കൂടുതൽ തുറന്നുകാട്ടാൻ കഥയ്ക്ക് സാധ്യതയുണ്ടായിരുന്നു.
അതേസമയം കഥാപാത്രങ്ങളുടെ ആന്തരികലോകത്തിലേക്ക് കൂടുതൽ സമയം ചെലവഴിച്ചിരുന്നെങ്കിൽ പുസ്തകത്തിന്റെ പ്രധാന ഗുണമായ ആഖ്യാനവേഗം കുറയാനും സാധ്യതയുണ്ട്. ചരിത്രപശ്ചാത്തലവും നിരവധിയായ സംഭവവികാസങ്ങളും ഭീഷണിയുടെ വളർച്ചയും ഏറ്റുമുട്ടലുകളും ഉൾക്കൊള്ളിക്കുമ്പോൾ കഥയുടെ ഒഴുക്ക് നഷ്ടപ്പെടാതിരിക്കാൻ സ്വീകരിച്ച മിതത്വമായും ഇതിനെ കാണാം. കഥാപാത്രകേന്ദ്രിതമായ ഒരു മനഃശാസ്ത്രനോവലിനെക്കാൾ സംഭവകേന്ദ്രിതമായ ഒരു സാഹസികകഥയായി വായിക്കുമ്പോഴാണ് ഈ കൃതി അതിന്റെ സ്വഭാവത്തോട് കൂടുതൽ നീതി പുലർത്തുന്നത്.
ചരിത്രനോവലുകളുടെ മറ്റൊരു പ്രധാന വെല്ലുവിളി അവയുടെ ഭാഷയാണ്. കാലഘട്ടത്തിന്റെ ഗൗരവം നൽകാൻ ശ്രമിക്കുമ്പോൾ ഭാഷ അതിയായി പഴമയിലേക്ക് പോയേക്കാം; ഇന്നത്തെ ഭാഷയിൽ മാത്രം പറഞ്ഞാൽ ചരിത്രാന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യാം. ഇവിടെ സങ്കീർണതകളില്ലാത്ത, എളുപ്പത്തിൽ വായിച്ചുപോകാവുന്ന ഭാഷയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ചരിത്രനോവലുകൾ അധികം വായിക്കാത്തവർക്കുപോലും പുസ്തകത്തിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ ഇത് സഹായിക്കുന്നു. അതേസമയം സാഹിത്യസാന്ദ്രതയും ഭാഷയുടെ സൂക്ഷ്മമായ സൗന്ദര്യവും കൂടുതലായി പ്രതീക്ഷിക്കുന്ന വായനക്കാർക്ക് ചില ഭാഗങ്ങളിൽ അതൊരു പരിമിതിയായി അനുഭവപ്പെടാനും ഇടയുണ്ട്.
ചരിത്രവും ഐതിഹ്യവും തമ്മിലുള്ള അകലവും ഈ കൃതിക്ക് ഭാവനയുടെ ഇടം നൽകുന്നുണ്ട്. എട്ടുവീട്ടിൽ പിള്ളമാരെക്കുറിച്ചും വേണാടിന്റെ അധികാരസംഘർഷങ്ങളെക്കുറിച്ചും ജനകീയമായി പ്രചരിച്ച കഥകളും ചരിത്രപഠനങ്ങൾ മുന്നോട്ടുവയ്ക്കുന്ന വ്യാഖ്യാനങ്ങളും എല്ലായ്പ്പോഴും ഒരേപോലെയല്ല. ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിടങ്ങളിൽ കഥാകാരന്റെ സ്വാതന്ത്ര്യത്തിന് സ്വാഭാവികമായും ചില അതിരുകളുണ്ട്; എന്നാൽ രേഖകൾ മൗനം പാലിക്കുന്ന ഇടങ്ങളും ഐതിഹ്യവും ചരിത്രവും കൂടിക്കലരുന്ന മേഖലകളും സാഹിത്യഭാവനയ്ക്ക് കൂടുതൽ സാധ്യതകൾ നൽകുന്നു. ആ സാധ്യതയിലേക്ക് അസാധാരണമായൊരു മഹാമാരിയെയും അതുമായി ബന്ധപ്പെട്ട ഭീതിയെയും കൊണ്ടുവരിക എന്നതാണ് നോവലിന്റെ പ്രധാന സൃഷ്ടിപരമായ നീക്കം.
ഇത്തരത്തിലുള്ള കൃതികൾ വായിക്കുമ്പോൾ എനിക്ക് പലപ്പോഴും ഉണ്ടാകുന്ന ഒരു അനുഭവമുണ്ട്. വായനയ്ക്കിടയിൽ ഏതെങ്കിലും ചരിത്രപരാമർശം വരുമ്പോൾ ‘ഇത് യഥാർഥത്തിൽ സംഭവിച്ചതാണോ, അതോ എഴുത്തുകാരന്റെ സങ്കൽപ്പമാണോ?’ എന്ന് അന്വേഷിക്കാൻ തോന്നും. പുസ്തകം അടച്ചശേഷം ചരിത്രം തിരഞ്ഞുനോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ആ കൗതുകം ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സാഹിത്യത്തിന്റെ ഒരു അധികഗുണമാണ്. ‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’ വായിക്കുമ്പോഴും ചില പേരുകളും സാഹചര്യങ്ങളും പശ്ചാത്തലങ്ങളും അത്തരമൊരു തിരച്ചിലിലേക്ക് വായനക്കാരെ നയിക്കുന്നുണ്ട്. സാഹിത്യവും ചരിത്രവും തമ്മിലുള്ള ബന്ധം അവിടെ വായനയ്ക്കുശേഷവും തുടരുന്നു.
ഈ പുസ്തകത്തിൽ എനിക്ക് ശ്രദ്ധേയമായി തോന്നിയ മറ്റൊരു കാര്യം നമ്മുടെ സ്വന്തം ചരിത്രഭൂമികയെ ജനപ്രിയ സാഹിത്യത്തിന്റെ പുതിയ രൂപങ്ങളുമായി കൂട്ടിച്ചേർക്കാനുള്ള ശ്രമമാണ്. സോമ്പിക്കഥയാണെങ്കിൽ അത് ന്യൂയോർക്കിലോ ലണ്ടനിലോ ഏതെങ്കിലും സാങ്കൽപിക പാശ്ചാത്യ നഗരത്തിലോ തന്നെ നടക്കണമെന്നില്ല. നമ്മുടെ കോട്ടകളും കൊട്ടാരങ്ങളും കാടുകളും പഴയ വഴികളും ഗ്രാമങ്ങളുമൊക്കെ അത്തരമൊരു കഥയുടെ മികച്ച പശ്ചാത്തലമാകാം. നമ്മുടെ ചരിത്രത്തിലെ രാജാക്കന്മാരും പടയാളികളും നാട്ടുപ്രമാണിമാരും സാധാരണ മനുഷ്യരുമൊക്കെ അതിന്റെ കഥാപാത്രങ്ങളുമാകാം. പരിചിതമായ ഭൂമിശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ഉള്ളിലേക്ക് ഒരു ആഗോള ജനപ്രിയസാഹിത്യസങ്കൽപ്പത്തെ കൊണ്ടുവരുമ്പോൾ അതിന് മറ്റൊരു സ്വഭാവം കൈവരിക്കാമെന്ന സാധ്യതയാണ് ഈ നോവൽ കാണിച്ചുതരുന്നത്.
എല്ലാ പരീക്ഷണങ്ങളും എല്ലാ വായനക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തണമെന്നില്ല. ചില കഥാപാത്രങ്ങൾക്ക് കൂടുതൽ ആഴം നൽകാമായിരുന്നുവെന്നും ചില സംഭവങ്ങൾക്ക് കുറച്ചുകൂടി ശ്വാസമെടുക്കാനുള്ള ഇടം ലഭിച്ചിരുന്നെങ്കിൽ വൈകാരികത കൂടുതൽ ശക്തമായേനെയെന്നും തോന്നി. ചരിത്രപശ്ചാത്തലത്തിന്റെ വിശദാംശങ്ങൾ ചില ഭാഗങ്ങളിൽ കൂടുതൽ സമ്പന്നമാക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. എന്നാൽ ഈ പരിമിതികൾക്കിടയിലും പുസ്തകത്തിന്റെ അടിസ്ഥാന ആശയത്തിലെ പുതുമയും അതിനെ ഒരു കഥയായി മുന്നോട്ടുകൊണ്ടുപോകാൻ കാട്ടിയ ധൈര്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
മലയാളസാഹിത്യത്തിൽ ചരിത്രനോവലുകൾക്ക് വലിയൊരു പാരമ്പര്യമുണ്ട്. അതേസമയം ഭീകരസാഹിത്യത്തിനും ശാസ്ത്രകാല്പനികത-(Science fiction)- യ്ക്കും ഫാന്റസിക്കും ചരിത്രത്തെ പുനഃസങ്കൽപ്പിക്കുന്ന രചനകൾക്കുമൊക്കെ ഇനിയും ധാരാളം പരീക്ഷണസാധ്യതകളുണ്ട്. പഴയൊരു ചരിത്രഭൂമികയ്ക്കുള്ളിലേക്ക് ആധുനിക ജനപ്രിയസംസ്കാരത്തിലെ സോമ്പി സങ്കൽപ്പം കൊണ്ടുവരുന്ന ഈ ശ്രമം ആ അർഥത്തിൽ കൗതുകകരമാണ്. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ അവയുടെ വിജയങ്ങളും പരിമിതികളും സഹിതം ഉണ്ടാകുമ്പോഴാണ് ഒരു ഭാഷയിലെ ജനപ്രിയസാഹിത്യവും പുതിയ വഴികൾ കണ്ടെത്തുന്നത്.
ചരിത്രം നടന്ന കാര്യങ്ങളുടെ കഥയാണ്. പക്ഷേ ചരിത്രരേഖകളുടെ ഇടയിൽ എന്നും ചില ശൂന്യസ്ഥലങ്ങൾ അവശേഷിക്കും. സാഹിത്യം ചിലപ്പോൾ ആ ശൂന്യസ്ഥലങ്ങളിലേക്ക് കടന്ന് നടക്കാമായിരുന്ന കാര്യങ്ങളുടെ കഥ പറയുന്നു. ആ സാധ്യതയുടെ വാതിൽ തുറന്ന് പഴയ വേണാടിന്റെ മണ്ണിലേക്ക് കുറെ ‘വേതാളങ്ങളെ’ ഇറക്കിവിടുകയാണ് സന്ദീപ് എസ്. ചെയ്തിരിക്കുന്നത്. ആ വാതിലിലൂടെ അകത്തേക്ക് കയറാൻ തയ്യാറുള്ളവർക്ക് ചരിത്രവും ഭീതിയും സാഹസികതയും അതിജീവനവും ഭാവനയും കൂടിക്കലർന്ന, വേഗത്തിൽ വായിച്ചുപോകാവുന്ന വ്യത്യസ്തമായൊരു വായനാനുഭവമാണ് ‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’ സമ്മാനിക്കുന്നത്.
സോമ്പി എന്നത് കൂടുതൽ പേർക്കും പരിചിതം അന്യഭാഷാ സിനിമകളിലൂടെയാകാം. ആഫ്രിക്കൻ ദുർമന്ത്രവാദ രീതികളിൽ പുനർജ്ജീവിപ്പിച്ച ശവങ്ങളെയാണ് സോമ്പി എന്ന് വിളിച്ചിരുന്നത്. ആദ്യകാല സിനിമകളിലും അത് അങ്ങനെ തന്നെയായിരുന്നു. പിന്നീടാണ് വൈറസ് പടർച്ച എന്ന രീതിയിലേക്ക് മാറുന്നത്.
തിരുവിതാംകൂർ രാജധാനി അത്തരമൊരു പകർച്ചവ്യാധി നേരിട്ടാൽ എന്ത് ചെയ്യും? അതും മാർത്താണ്ഡവർമ്മ രാജാവിൻ്റെ ഭരണത്തിൻ്റെ അദ്യകാലത്ത്...
അമ്മയുടെ വല്യമ്മ മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായികയെ കുറിച്ച് പറഞ്ഞ നാൾ തൊട്ട് അതിലെ പല രംഗങ്ങളും ആദ്യമായി വായിച്ചവരിൽ ഒരാളാവാൻ കൊതിച്ചിരുന്നു. ഇപ്പോൾ ഈ പുസ്തകത്തിലൂടെ അത് പാതി സാധിച്ച സന്തോഷം.
വളരെ ചടുലമായി നീങ്ങുന്ന കഥാഗതിയാണ് ഈ നോവലിൻ്റേത്. ആക്ഷൻ അഡ്വഞ്ചർ ഴോണറിന്നോടാണ് പാൻഡമിക്ക് ത്രില്ലർ എന്നതിനേക്കാൾ കൂടുതൽ സാമ്യം തോന്നിയത്. അക്ഷൻ സീനുകളെല്ലാം വായിക്കാൻ നല്ല രസമുണ്ടായിരുന്നു.
ഒരു നോവെല്ല പോലെയാണ് പുസ്തകം പലപ്പോഴും അനുഭവപ്പെട്ടത് അതുകൊണ്ട് തന്നെ കഥാപാത്രങ്ങൾ പലപ്പോഴും ഏക മാനം മാത്രമുള്ളവരായി ചുരുങ്ങുന്നത് പോലെ അനുഭവപ്പെട്ടു. എന്നാൽ ഈ ഴോണറിൽ വരുന്ന പുസ്തകങ്ങളിൽ പലതിലും ഇതൊരു പതിവായതിനാൽ അതിശയം തോന്നിയില്ല.
വേലു എന്ന കഥാപാത്രം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ആ കഥാപാത്രത്തെ വച്ച് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെങ്കിൽ ഞാൻ അത് തീർച്ചയായും വായിക്കും.
രോഗബാദിതരുടെ വിവരണങ്ങൾ ദി ലാസ്റ്റ് ഓഫ് അസ് എന്ന കഥയെ വല്ലാതെ ഓർമ്മിപ്പിച്ചു. ഹെൽസ് പാരഡൈസ് എന്ന മാംഗ സമാന്തരമായി വായിച്ചിരുന്നത് കൊണ്ട് അതും മനസ്സിലൊരു വ്യക്തമായ ചിത്രം തീർക്കാൻ ഉപകാരപ്പെട്ടു.
ഗ്രീക്ക് നാടകങ്ങളിൽ "ഡിയുസ് എക്സ് മക്കിന" എന്നൊരു സങ്കേതമുണ്ട്. ടാരൻ്റീനോയുടെ വാക്കുകൾ കടമെടുത്ത മുരളി ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ: കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാൻന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്ന നിമിഷം നായകന് എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയിൽ ദൈവം തന്നെ വന്ന് കാര്യങ്ങൾ പരിഹരിക്കുന്ന ഒന്നാണത്.
ഈ നോവലിൽ അത് അക്ഷരാർത്ഥത്തിൽ മക്കിനയായി കണ്ടത് രസകരമായി തോന്നി.
ഇനിയും കഥകളെഴുതാനും കഥാ പരിസരങ്ങൾ മെനയുവാനും ഞങ്ങൾ വായനക്കാരെ ത്രസിപ്പിക്കുവാനും കഴിയട്ടെ ഒഡീസ്സിയിലെ അഭയാർത്ഥികളെ കാണാൻ ഞാൻ കാത്തിരിക്കുന്നു.