സ്ഥിതി നിത്യവും ഗതി നിരന്തരവുമെന്ന് പൌരസ്ത്യവും, വിശിഷ്യ, ഭാരതീയവുമായ തത്ത്വഭാവനം. ഈ ധാരണയിലാണ് നോവൽ ഊന്നുന്നത്. അതേസമയം, ഗതിയെന്നത് രണ്ടർത്ഥങ്ങളെച്ചൂടുന്ന ശ്ലേഷമായി കുലവിരിയുന്നുണ്ട് - അവസ്ഥയും നീക്കവുമെന്ന്. ഇവിടെ, ഗതിയെന്ന നോവലിൽ ഒരുപേരും സ്ഥിതമായില്ലാത്ത, ഒരുപാടുപേരുകൾ ഗതമാകുന്ന മുഖ്യകഥാപാത്രത്തിൻെറ അവസ്ഥയും നീക്കവുമാണ് പ്രമേയത്തിൻെറ കാതലൊരുക്കുന്നത്. അരവിന്ദൻ എന്ന പ്രോട്ടഗോണിസ്റ്റ് പട്ടാളത്തിലെ ജീവനമവസാനിപ്പിച്ച് ബന്ധുക്കളാരും ബാക്കിയില്ലാത്ത നാട്ടിലേക്കു തിരിച്ചെത്തുന്നതോടെയാരംഭിക്കുന്ന നോവൽ രവിയെന്ന ബാല്യകാലസുഹൃത്തുമൊത്തുള്ള വിചിത്രാനുഭവശേഷം രവീമുക്തമായി ആനന്ദനായിമാറുന്ന അതേ കഥാപാത്രത്തിലൂടെ തുടരുന്നു.