സാമാന്യയുക്തിയുടെ പിൻബലത്തിൽ ശാസ്ത്രീയ സത്യങ്ങളുടെ അടിത്തറയിൽ രചിക്കപ്പെട്ട പുസ്തകം. വിശ്വാസികളും അവിശ്വാസികളും അന്ധവിശ്വാസികളും യുക്തിവാദികളും അജ്ഞേയതാവാദികളും... ഏവരും വായിച്ചിരുന്നാൽ നന്ന്. പ്രാചീന ജ്യോതിശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന് ശാസ്ത്രീയത അവകാശപ്പെടുന്ന കപടശാസ്ത്രമാണ് ഫലഭാഗ ജ്യോതിഷമെന്നാണ് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നത്. ഈ രംഗത്ത് അമൂല്യമായ പല അറിവുകളും നേടാനും അന്ധമായി വിശ്വസിക്കുകയോ വിമർശനാത്മകമായി ചോദ്യം ചെയ്യുകയോ ചെയ്യാതിരുന്ന പലതിനെയും പൊളിച്ചെഴുതുവാൻ പുസ്തകം സഹായകരമാണ്.
ചെറുപ്പംതൊട്ടേ കേട്ടു വരുന്ന, കേട്ട് തലച്ചോറിനുള്ളിൽ പതിഞ്ഞു പോയ പലതിനെയും ഇഴകീറി പുനഃപരിശോധിച്ചാൽ വലിയ തമാശകളായാവും അനുഭവപ്പെടുക. അത്തരത്തിലൊരു പുനർവിചിന്തനം പുരോഗമനമാഗ്രഹിക്കുന്ന ഒരു സമൂഹത്തിൻ്റെ ആവശ്യമാണ്.
നക്ഷത്ര ജ്യോതിഷം, നാഡീ ജ്യോതിഷം, സംഖ്യാജ്യോതിഷം, താംബൂല ജ്യോതിഷം... എന്നിങ്ങനെ അസംഖ്യം പരന്നു കിടക്കുന്ന ജ്യോതിഷ വിദ്യകൾക്കു പുറമെ ഏറ്റവും പുതിയ rampology (പൃഷ്ടാകൃതി നോക്കിയുള്ള ഫലപ്രവചനം) എന്നിവയെക്കുറിച്ച് അറിയാൻ കഴിഞ്ഞു.ചൊവ്വാദോഷം, ജാതകപ്പൊരുത്തം, ഗ്രഹങ്ങളാൽ നിർവ്വചിക്കപ്പെടുന്ന മനുഷ്യൻ്റെ ജീവിത വിധി, ഗ്രഹങ്ങൾക്കു കാരകത്വം കൽപ്പിക്കൽ, ജ്യോതിഷ ഗൈനക്കോളജി, പരസ്യ പ്രവചനങ്ങൾ, ടെലിവിഷൻ ജ്യോതിഷം, ഒഫ്യൂക്കസ് (Ophiuchus) എന്ന പതിമൂന്നാം രാശി എന്നിങ്ങനെ പൊതുതാൽപ്പര്യം ജനിപ്പിക്കുന്ന വിഷയങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ബർനം പ്രസ്താവങ്ങളും മഴവിൽ കുതന്ത്രങ്ങളുമുപയോഗിച്ച് വിശ്വാസിയുടെ യുക്തിരാഹിത്യത്തെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടം കളളനാണയങ്ങളുടെ മൂടുപടം അഴിച്ചിടാൻ ഗ്രന്ഥകാരൻ നടത്തിയിരിക്കുന്ന പരിശ്രമങ്ങൾ അഭിനന്ദാർഹമാണ്.
അന്ധവിശ്വാസങ്ങൾ സമസ്ത അതിർവരമ്പുകളേയും അതിലംഘിച്ചുകൊണ്ട് കേരളീയജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന ഒരു 'ദശാസന്ധി'യിലൂടെയാണ് നാം കടന്നുപോകുന്നത്. ജ്യോതിഷം നാൾപ്പൊരുത്തം മാത്രം നോക്കിക്കൊണ്ടിരുന്ന കാലത്തിൽനിന്ന് നാം വളരെയേറെ പിന്നോട്ടുപോയിരിക്കുന്നു. പാപസാമ്യം, എന്തിനും ഏതിനും മുഹൂർത്തങ്ങൾ, ചൊവ്വാദോഷം എന്നിവയൊക്കെ വിശ്വാസികളെ ഒരരുക്കാക്കിയിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്ന അന്ധവിശ്വാസങ്ങളാണ് വാസ്തുവും നാഡീജ്യോതിഷവും. പണ്ട് ഒരു കുട്ടി ജനിച്ചാലോ, ഒരു കല്യാണം നടത്താനോ മാത്രം ജ്യോത്സ്യനെ സമീപിച്ചാൽ മതിയായിരുന്നെങ്കിൽ ഇന്ന് ഒരു വർഷത്തിൽ തന്നെ പലതവണ 'വിദഗ്ധ'ഉപദേശം സ്വീകരിക്കേണ്ടി വരുന്നു. എന്തുകൊണ്ടിങ്ങനെ? ജ്യോതിഷത്തിന്റെ മണ്ടത്തരങ്ങൾ എത്രമാത്രം വ്യക്തമാക്കിയാലും വിശ്വാസികൾ വീണ്ടും ജ്യോതിഷിയെ തേടിപ്പോകുന്നത് എന്തുകൊണ്ടാണ്? ശ്രീ. രവിചന്ദ്രന്റെ 'പകിട 13' എന്ന പുസ്തകം ഇതിനെല്ലാമുള്ള വിശദീകരണം ഭംഗിയായി വരച്ചുകാണിക്കുന്നുണ്ട്.
"ജ്യോത്സ്യൻ പറയുന്നതെല്ലാം തെറ്റാവുകയാണെങ്കിൽ സ്വബോധമുള്ള ആരും അയാളെ തേടിപ്പോവുകയില്ല. അപ്പോൾ പ്രവചനങ്ങളിൽ ചിലതെങ്കിലും ശരിയായി കുറേപ്പേർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെന്നു തീർച്ച. ഇതിനെക്കുറിച്ച് നിങ്ങൾക്കെന്തു പറയാനുണ്ട്?" എന്നാണ് ജ്യോതിഷവക്താക്കൾ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം. കുറെപ്പേരെങ്കിലും ഇതിലെ പരമാർത്ഥം തിരിച്ചറിയാതെ കുഴങ്ങിപ്പോവുകയും ചെയ്യും. രവിചന്ദ്രന്റെ പുസ്തകം ഇതിനെല്ലാമുള്ള ഉത്തരങ്ങൾ നല്കുന്നുണ്ട്. പണി അറിയാവുന്ന ഒരു ജ്യോതിഷിയും കൃത്യതയുള്ള പ്രവചനം നടത്തുകയില്ല എന്നതാണ് അതിൽ ആദ്യത്തേത്. ഇന്ന ദിവസം, ഇന്ന സ്ഥലത്ത്, ഇന്ന സമയത്ത്, ഇന്നത് നടക്കും എന്ന് ഒരു പ്രവചനത്തിലും കണ്ടെത്താനാവുകയില്ല. പകരം വളച്ചും തിരിച്ചുമൊക്കെ രണ്ടുതരത്തിലും വ്യാഖ്യാനിക്കാവുന്ന, 'ബർനം പ്രസ്താവങ്ങൾ' എന്ന വകുപ്പിൽ പെടുന്ന കുറെ സാധ്യതകൾ മാത്രമേ അവർ പറയൂ. നേട്ടവും കോട്ടവും ഉൾപ്പെടുത്തി കുറെ സാധ്യതകൾ പറയുമ്പോൾ അതിൽ ചിലതൊക്കെ ശരിയാവുന്നത് സംഭാവ്യതയുടെ കണക്കുകൾ അനുസരിച്ചു മാത്രമാണ്. വിശ്വാസി പക്ഷേ ഫലിക്കുന്നതുമാത്രം ഓർമവെയ്ക്കുകയും ചീറ്റിപ്പോയത് മറന്നുകളയുകയും ചെയ്യും. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജാതകഫലങ്ങൾ ആർക്കുവേണമെങ്കിലും തങ്ങളുടേതാണെന്നു തോന്നിപ്പിക്കുന്നവയാണ്.അങ്ങനെയുള്ള പ്രവചനങ്ങളാണ് 'അച്ചട്ടായി' വിശ്വാസിക്കു തോന്നുന്നത്.
ജ്യോതിഷം ഉൾപ്പെടെ പുരാതനമായി ലഭിച്ച എന്തും നമുക്ക് 'ശാസ്ത്ര'മാണ്. എന്നാൽ ഇത് ആധുനിക ശാസ്ത്രവുമായി (science) തെറ്റിദ്ധരിക്കരുതെന്ന് രവിചന്ദ്രൻ നമുക്കു മുന്നറിയിപ്പു തരുന്നു. ഗുരുവോ, മറ്റേതെങ്കിലും അധികാരകേന്ദ്രത്തിൽ നിന്നോ 'ശാസിക്കപ്പെട്ടത്' എന്ന അർത്ഥം മാത്രമേ ഈ 'ശാസ്ത്ര'ത്തിനുള്ളൂ. യഥാർത്ഥത്തിൽ അധികാരകേന്ദ്രങ്ങളുടെ സാധുതയില്ലാത്ത ശാസനങ്ങൾ നിരാകരിക്കുകയാണ് ആധുനികശാസ്ത്രം ചെയ്യുന്നത്. റോയൽ സൊസൈറ്റിയുടെ nullius in verba (ആരുടേയും വാക്കിൽ നിന്നല്ല, on nobody's words) എന്ന പ്രോക്തം തന്നെ ശ്രദ്ധിക്കുക. അസത്യവല്ക്കരണക്ഷമത, ആവർത്തനക്ഷമത, പ്രയോജനക്ഷമത, പ്രാപഞ്ചികത, വസ്തുനിഷ്ഠമായ സത്യാപനക്ഷമത തുടങ്ങിയ അഞ്ച് അടിസ്ഥാനഗുണങ്ങളാണ് അതിനുള്ളത്. ഈ പുസ്തകത്തിൽ പലവട്ടം അടിവരയിട്ടുറപ്പിക്കുന്ന തത്വങ്ങളാണിവ. ജ്യോതിഷപ്രവചനങ്ങളുടെ കൃത്യത വസ്തുനിഷ്ഠമായി പരീക്ഷിക്കാൻ നടത്തിയ ഡീൻ-കെല്ലി പരീക്ഷണം (1958 - 2003), ഷോണ്‍ കാൾസൻ പരീക്ഷണം (1985) മുതലായ പഠനങ്ങളുടെ വിശദാംശങ്ങളും ഉണ്ട്. ഈ പരീക്ഷണങ്ങളൊക്കെ തെളിയിച്ചത് ജ്യോതിഷം അബദ്ധമാണെന്നു തന്നെയാണ്. നാഡീജ്യോതിഷത്തെയും വിശദമായി പൊളിച്ചടുക്കുന്നുണ്ട് ഈ പുസ്തകത്തിൽ. കാരം ബോർഡിനെ ആധാരമാക്കിയുള്ള 'കാരം ജ്യോതിഷം' എന്ന തട്ടിപ്പിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും അത് ഗ്രന്ഥകാരന്റെ ഭാവനാസൃഷ്ടി മാത്രമാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. ഒരു മനുഷ്യന് ഇത്രയൊക്കെ കഴുതയാകാൻ സാധിക്കുമോ? വരാഹമിഹിരന്റെ ബ്രഹദ് ജാതകത്തിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത് പാരമ്പര്യവാദികൾ വിശദീകരിക്കേണ്ടതാണ്. ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളൊന്നും ജാതകം നോക്കിയല്ല വിവാഹം നടത്തിയിട്ടുള്ളതായി കാണുന്നത് (അർജുനൻ - സുഭദ്ര, കൃഷ്ണൻ - രുക്മിണി, ദുഷ്യന്തൻ - ശകുന്തള, രാമൻ - സീത അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!). ഇതിന്റെ യഥാർത്ഥകാരണം രവിചന്ദ്രൻ വിശദീകരിക്കുന്നത് ജാതകം മുനിമാർ തപസ്സു ചെയ്തുണ്ടാക്കിയതാണെന്നു വാദിക്കുന്നവരെ ഞെട്ടിപ്പിക്കും. ജ്യോതിശാസ്ത്രം (astronomy) പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നെങ്കിലും, ഫലഭാഗജ്യോതിഷം (astrology) ബാബിലോണിയയിൽ നിന്ന് പിന്നീട് ഇറക്കുമതി ചെയ്യപ്പെട്ടതാണെന്നതാണ് ഇതിന്റെ രഹസ്യം.
എന്നിരിക്കിലും വിക്കിപീഡിയ, ബ്ലോഗുകൾ, ചില വെബ് സൈറ്റുകൾ എന്നിവയോടുള്ള ഗ്രന്ഥകാരന്റെ അമിതാഭിമുഖ്യം പുസ്തകത്തിന്റെ ആധികാരികതയുടെ മാറ്റു കുറയ്ക്കുന്നു. ഇതൊക്കെ കേവലം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികൾ മാത്രമല്ലേ? ഗ്രന്ഥകർത്താവ��� തന്നെ അവതരിപ്പിക്കുന്ന ഒരു വസ്തുത തത്വമെന്ന രീതിയിൽ പറഞ്ഞതിനുശേഷം അതിന്റെ ഇംഗ്ലീഷ് പരിഭാഷയും നല്കുന്നത് അല്പം അരോചകവുമാണ്. ഉദാ: പേജ് 135-ലെ "അത് അടിസ്ഥാനപരമായി തിന്മയും വളരെ അപൂർവമായി നന്മയുമാണ്. It is inherently evil and rarely good". ഇങ്ങനെ പലയിടങ്ങളിൽ ആവർത്തിച്ചിരിക്കുന്നു. ആംഗലത്തിൽ പറഞ്ഞാലേ എടുപ്പുള്ളൂ എന്നു കരുതുന്നത് തെറ്റാണ്. ജ്യോതിഷം പഠിക്കാതെ അതിനെ വിമർശിക്കുന്നത് വിമർശനത്തിന്റെ മൂർച്ച കുറയ്ക്കും. അടിസ്ഥാനമില്ലാത്തത് പഠിക്കേണ്ടതുണ്ടോ എന്ന ഗ്രന്ഥകാരന്റെ വാദം പ്രായോഗികമായി ശരിയാണെങ്കിലും അത് പഠിച്ചാൽ ഇതിലും കൂടുതൽ പഴുതുകൾ രവിചന്ദ്രന് കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു എന്നതാണ് വസ്തുത.
എല്ലാ മലയാളികളും വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകം. ഇത്തരം രചനകൾ ഇനിയുമിനിയും ഉണ്ടാകട്ടെ.
ജ്യോതിഷത്തെ തുറന്നു കാട്ടാൻ ശ്രമിക്കുന്ന പുസ്തകം. ആൾക്കാരെ ചൂഷണം ചെയ്യുന്ന പലവിധ ജ്യോതിഷ രീതികളെ ശാസ്ത്രീയമായി പൊളിച്ചു കാട്ടാൻ ശ്രമിക്കുകയാണ് രവിചന്ദ്രൻ. ഒരു ഫെസ്ബുക്ക് ഗ്രൂപ്പിൽ രക്‌തഗ്രൂപ്പ് നോക്കി ആൾക്കാരുടെ സ്വഭാവം വിലയിരുത്താൻ പറ്റുമെന്ന് പറഞ്ഞിട്ടൊരു സർക്കാസം പോസ്റ്റിനെ ഇതിൽ പറയുന്നുണ്ട്
ഗ്രൂപ്പ് ഒ : ഈ ഗ്രൂപ്പുകാർക്ക് എവിടെയും നേതാവാകാനാണിഷ്ടം. മനസ്സിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് നേടുന്നതുവരെ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കും. ഇവർ പുതിയ ശൈലികൾ അവതരിപ്പിക്കാൻ ശേഷിയുള്ളവരാണ്. ആരോടും കൂറുള്ളവരാണ്. കരുണയും സ്നേഹവും ആത്മവിശ്വാസവുമുള്ളവരാണ്. അൽപ്പം കുശുമ്പും കുന്നായ്മയുമുണ്ടെങ്കിലും ഇവർക്ക് നല്ല മത്സരബുദ്ധിയുണ്ട്. ഗ്രൂപ്പ് എ: ഇക്കൂട്ടർ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരോടൊപ്പം ജോലിചെയ്യാനും ടീമിനൊപ്പം ജോലി ചെയ്യാനും എളുപ്പം കഴിയും. വളരെ ദുർബലചിത്തരാണ്. ക്ഷമയും സ്നേഹവുമുള്ളവർ. കടുംപിടിത്തവും അടങ്ങിയിരിക്കാനുള്ള കഴിവില്ലായ്മയുമാണ് ഇവരുടെ പോരായ്മകൾ
ഗ്രൂപ്പ് ബി: നേരേ വാ നേരെ പോ സ്വഭാവമുള്ളവർ. എന്തും തങ്ങളുടെ രീതിക്കും ശൈലിക്കും അനുസരിച്ച് മാത്രമേ ഇവർ എന്തെങ്കിലും ചെയ്യുകയുള്ളൂ. വളരെ സർഗ്ഗാത്മകതയുള്ളവരാണ്. എളുപ്പം വഴങ്ങുന്നവരും. ഏത് സാഹചര്യത്തിലും എളുപ്പം ഇണങ്ങിച്ചേരും. സ്വതന്ത്രചിന്തകരായി നടക്കാനാണിഷ്ടം. ഗ്രൂപ്പ് എ.ബി: വളരെ ശാന്തശീലരാണ്. പെട്ടെന്നുതന്നെ എല്ലാവരോടും അടുക്കും. എല്ലാവരുടെയും പ്രിയം എളുപ്പം പിടിച്ചു പറ്റുകയും ചെയ്യും. കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ ഇക്കൂട്ടർക്ക് ബുദ്ധിമുട്ടായിരിക്കും.
ഇത് ഞാൻ വെറുതെ മറ്റൊരു സ്ഥലത്ത് പറഞ്ഞപ്പോ തൊണ്ണൂറ് ശതമാനത്തിനും ശരിയായിരുന്നു. ജ്യോതിഷത്തെ പൊളിച്ചു കാട്ടാൻ ഇതിൽ കൂടുതൽ എങ്ങനെ സാധിക്കും.
രവിചന്ദ്രന്റെ മൂന്ന് പ്രസംഗങ്ങൾ എങ്കിലും കേട്ടയാളുകൾ ഇത് വായിക്കണം എന്നില്ല പുള്ളിയൊക്കെ അവിടെ പറഞ്ഞു തീർത്തിട്ടുണ്ടാകും 😌