"ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ അതിജീവനത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും തൊഴിലും പഠനവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടും വരച്ചുകാണിക്കുന്നതിനൊപ്പം തൂത്താലും മായ്ച്ചാലും മാഞ്ഞുപോവാത്ത ജാതിവെറി അങ്ങ് ലണ്ടനില്‍ ചെന്നാലും നമ്മളിന്ത്യക്കാരിൽ ചിലർ കാണിക്കുമെന്നു കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട് ആന്‍ ഈ നോവലില്‍. ഇതിനിടയില്‍ ഒരു പുഴപോലെ അവരും അവരുടെ പ്രണയവും സൗഹൃദവും കുറുമ്പും ഒഴുകുകയാണ്. സാരംഗും മെര്‍ലിനും... നോവല്‍ വായിച്ച് തീരുമ്പോഴേക്കും സാരംഗിന്റെയും മെര്‍ലിന്റെയും കൂടെ ലണ്ടന്‍ മുഴുവന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ പ്രതീതി ലഭിക്കും. അവരുടെ പ്രണയ സഞ്ചാരങ്ങൾ പൗരാണിക നഗരമായ ബാത്തിലും കേംബ്രിഡ്ജിലും കാംഡെൻ ടൗണിലും വിക്ടോറിയൻ സെന്റ് ആൽബർട്ട് മ്യൂസിയത്തിലും സെൻട്രൽ ലണ്ടനിലുമെല്ലാം പൂത്തുവിടർന്ന് അലിഞ്ഞു ചേരുന്നുണ്ട്. ഒരു നാരങ്ങമിഠായി പോലെ..."
വിദേശത്തു പഠനത്തിനെത്തുന്ന കുറച്ചു വിദ്യാർത്ഥികൾ, അവരുടെ പഠനവും അവിടുത്തെ രീതികളുമായുള്ള പൊരുത്തപെടലുകളും സൗഹൃദങ്ങളും പ്രണയവും വിരഹവും ഒക്കെ കോർത്തുപറയുന്ന ഒരു കഥ. സമയം പോകുന്നതിനായി വായിക്കാം.
പൂർണ്ണമായും യൂറോപ്പ്യൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാളസാഹിത്യത്തിലെ വളരെ ചുരുക്കം ഗ്രന്ഥങ്ങളിൽ ഒന്നാണ് ആൻ പാലിയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “അഗാപ്പെ” എന്ന നോവൽ. സ്നേഹത്തിന്റെ പാരമ്യത്തെ അഥവാ സ്നേഹത്തിന്റെ പൂർണ്ണതയെ സൂചിപ്പിക്കുന്നതിനായി ഗ്രീക്ക് മൂലഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് “അഗാപ്പെ.” ഈ ഗ്രന്ഥവും അടയാളപ്പെടുത്തുവാൻ ശ്രമിക്കുന്നതും അതുതന്നെയാണ്. യൂറോപ്യൻ കുടിയേറ്റം വളരെയധികം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വളരെയധികം സ്വപ്നങ്ങളുടെ ഭാണ്ഡങ്ങൾ പേറിയാണ് അനേകർ യൂറോപ്പ്യൻ നാടുകളിലേക്ക് കുടിയേറുന്നത്. അവർ അഭിമുഖീകരിക്കേണ്ടി വരുന്ന സംഘർഷങ്ങളും വെല്ലുവിളികളും അടയാളപ്പെടുത്തുന്ന ഒരു ഗ്രന്ഥം മലയാളസാഹിത്യലോകത്ത് ഇതിനപ്പുറം ഉണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്. കാരണം അത്രത്തോളം കുടിയേറ്റസമൂഹത്തിന്റെ ജീവിതയാഥാർഥങ്ങളെ വരച്ചുകാട്ടുവാൻ ആൻ പാലിക്ക് ഈ ഗ്രന്ഥത്തിലൂടെ സാധിച്ചു. മാത്രമല്ല ആധുനികത സൃഷ്ടിക്കുന്ന തുരുത്തുകളിൽ ഒറ്റപ്പെട്ട സാമ്രാജ്യങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യർ കുടുംബം എന്ന സാമൂഹ്യവ്യവസ്ഥയ്ക്ക് നൽകുന്ന പ്രഹരങ്ങൾ ഈ നോവൽ അടയാളപ്പെടുത്തുന്നു. സാമൂഹികതയുടെ മഹത് തത്വങ്ങൾക്കപ്പുറം അതിജീവനത്തിനായി വ്യക്തികേന്ദ്രികൃതമാകുന്ന പച്ചജീവിതങ്ങളെ ആൻ പാലി ഈ നോവലിലൂടെ നന്നേ വിമർശിക്കുകയും ചെയ്യുന്നുണ്ട്. സ്ഥായിയായ പ്രണയം കാലങ്ങൾ താണ്ടി അതിന്റെ യഥാർത്ഥ ഉറവിടങ്ങളിലേക്ക് ചേരും എന്ന ആശയം ഈ നോവലിനെ മനോഹരമാക്കുന്നു. നല്ലൊരു വായനാനുഭവം സമ്മാനിച്ച ഗ്രന്ഥം. ആൻ പാലിയ്ക്കു ആശംസകൾ.