What do you think?
Rate this book


Unknown Binding
“നായും നായകനും നായികയും അവളുടെ നായരുമൊക്കെ ഇതിൽ തെക്കുവടക്ക് കിടക്കുകയാണ്. ഇവരങ്ങോട്ടുമിങ്ങോട്ടുമൊക്കെ പറയുന്ന കഥ. ഏത് ഇടവഴിയിൽകൂടിയും കേറിപ്പോകും. നമ്മക്കോ മനസ്സിനു തോന്നുന്നമട്ടിൽ ജീവിക്കാൻ പറ്റുന്നില്ല. നമ്മുടെ ചില കഥാപാത്രങ്ങൾക്കെങ്കിലും വേണ്ടായോ?”ഇതുപോലെത്തന്നെയാണ് ഈ നോവലിന്റെ കഥ. നമ്മൾ ചിലപ്പോഴെങ്കിലും വളരെ പരസ്പരബന്ധമില്ലാത്ത, നേർ രേഖയിലല്ലാത്ത, വിചിത്രങ്ങളായ ചില സ്വപ്‌നങ്ങൾ കാണാറില്ലേ? അതുപോലെ, കഥയുടെ തുടക്കവും അവസാനവും തമ്മിൽ ബന്ധിപ്പിക്കുന്ന കഥയുടെ ഗതി, പലയിടങ്ങളിൽ തട്ടിത്തെറിച്ച്, പോവുന്ന വഴിയിൽ രൂപം മാറി, പോവും വഴിയിലെ കഥകളും കൂടെക്കൂട്ടി ഒഴുകുന്നൊരു പുഴ പോലെയാണ്. കഥാകാരൻ കഥയെയും കഥാപാത്രങ്ങളെയും സ്വതന്ത്രമായി, സ്വന്തമായി രൂപപ്പെടാൻ വിട്ടിരിക്കുകയാണ്. ശംഖുമുഖം കടപ്പുറത്തുനിന്നും തിരുവനന്തപുരം നഗരത്തിലേക്ക് കാറ്റിന്റെ ഒരു ഇടനാഴി കീറാനായി ഇംഗ്ലണ്ടിൽ നിന്നുമെത്തിയ എഡ്വിയെന്ന സായിപ്പിൽ നിന്നാണ് കഥ തുടങ്ങുന്നത്. അയാൾക്ക് കൊട്ടാരത്തിൽ താമസമൊരുക്കിക്കൊടുക്കുന്നത് സതീശ് ചന്ദ്രൻ എന്നൊരു പത്രഫോട്ടോഗ്രാഫർ. കൊട്ടാരത്തിനുള്ളിൽ ഉമാറാണി, ഉമാകുമാരി, ഉമാഹരി, ഉമാദേവി എന്നിങ്ങനെ നാല് സ്ത്രീകളെ നമ്മൾ പരിചയപ്പെടുന്നു. കഥ എഡ്വിയിൽ നിന്നും ശാഖാ മാറി ഒഴുകാൻ തുടങ്ങുന്നു. ആ ഒഴുക്കിൽ ഒരു കൂടമ്പു പോറ്റിയും അനന്തൻ മൂർത്തിയുമൊക്കെ വന്നുപോകുന്നു. കഥ ഒഴുകിയൊഴുകി നേപ്പാളിലെ കാളി ഗണ്ഡകിയിലേക്കും ആസ്സാമിലേക്കും കട്ടക്കിലേക്കുമൊക്കെ നമ്മെ കൊണ്ടുപോകുന്നു. തുടക്കവും ഒടുക്കവുമൊക്കെ ഒരുവിധത്തിൽ കൂട്ടിമുട്ടിക്കാനൊരു ശ്രമം കഥാകാരൻ നടത്തിയിട്ടുണ്ട്.