സങ്കീർണ്ണമായ ഒരു പ്രണയകഥയാണ് മലയാറ്റൂരിന്റെ ഈ നോവൽ. പൊന്നിയുടെയും മാരന്റെയും, പൊന്നിയെ സ്നേഹിക്കുന്ന ചെല്ലന്റെയും, ചെല്ലനെ സ്നേഹിക്കുന്ന മാശിയുടെയും. അട്ടപ്പാടിയിലെ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഒരു താഴ്‌വാരം, അവിടുത്തെ ജീവിതരീതികളിലൂടെയും ആചാര അനാചാരങ്ങളിലൂടെയും പ്രകൃതി സൗന്ദര്യത്തിലൂടെയുമുള്ള ഒരു യാത്രകൂടിയാണ് പൊന്നിയെന്ന ഈ നോവലിലൂടെ അനുഭവപ്പെടുന്നത്.
പൊന്നിയൊരു മുഡുഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാരുന്നു.മറ്റുള്ള മുഡുഗ
പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയായിരുന്നു പൊന്നി. അവൾ സുന്ദരിയായിരുന്നു, മാത്രമല്ല ആദിവാസി സ്കൂളിൽ പോയി അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചു. അതുകൊണ്ട് തന്നെ അവൾ അഹങ്കാരിയും തന്റേടക്കാരിയുമെന്ന് മറ്റുള്ള മുഡുഗ പെണ്ണുങ്ങൾ അഭിപ്രായപ്പെട്ടു.
പൊന്നിയെ ജീവനുതുല്യം സ്നേഹിക്കുന്നവനാണ് ചെല്ലൻ. അധ്വാനശീലമുള്ള ചെറുപ്പക്കാരൻ, മുഡുഗ യുവാക്കുകളിൽ മിടുക്കൻ. എന്നാൽ പൊന്നിക്ക് എന്തുകൊണ്ടോ അവനെ ഇഷ്ടമല്ലാരുന്നു.
ഒരിക്കൽ കോട്ടമൈതാനത്ത് നൃത്തം ചെയ്യാൻ പോയപ്പോളാണ് അവൾ ആദ്യമായി മാരനെ കാണുന്നത്. അധികം താമസിക്കാതെ അവർ പ്രണയത്തിലായി. എന്നാൽ മാരൻ
മുഡുഗനല്ല എന്ന് അറിയുന്നതോടുകൂടി എല്ലാം മാറിമറിയുകയാണ്.
മലയാറ്റൂരിന്റെ എഴുത്തിലൂടെ മല്ലീശ്വരൻമുടിയും ഭൂതക്കുളവും ആ താഴ്‌വാരം മുഴുക്കയും നമ്മുടെ മനസ്സിലൂടെ കടന്നുപോകുകയാണ്