ജൂതവംശത്തെ ഒടുക്കാൻ വേണ്ടി ഹിറ്റ്ലർ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തിൽനിന്ന് മായാൻ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിർവംശത്തിന് നിലനിൽക്കാൻ ഭൂമിയിൽ ഇടം വേണമെന്ന സഹിഷ്ണുത കിളിർക്കുന്നില്ല. കുർദുകളായിപ്പിറന്നതിൻപേരിൽ അതിജീവനാർഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലിൽ ശതശീർഷമുയർത്തി വാഗഗ്നിവമിക്കുന്നത്. -ഡോ. എം. ലീലാവതി
‘കുർബാനി'ൽ, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകർച്ചയെക്കുറിച്ചാണ്. ആ തകർച്ച ഒരു വിലാപത്തിലൂടെയോ നെടുവീർപ്പിലൂടെയോ വായുവിൽ അലിയിച്ചുകളയാൻ ഹരിത ഒരുക്കവുമല്ല.
കുര്‍ദുകളായിപ്പിറന്നതിന്‍പേരില്‍ അതിജീവനാര്‍ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ഇത്. കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ അപമാനത്തിലേക്ക് തള്ളിവിടുന്നു.
…. "ഏമാനേ, നിങ്ങളീ പറഞ്ഞ തെണ്ടികളിൽ ഒരാളാണ് ഞാനും. ജോലി തേടി വന്ന് നഗരത്തിന്റെ അഴുക്കുമൂലകളിൽ ഒന്നിൽ താമസമാക്കിയവൻ. നിങ്ങളുടെയൊക്കെ ആട്ടും തുപ്പും കൊണ്ട് ജോലി ചെയ്യുന്നു. ഏതു നിമിഷവും കുരുക്കപ്പെടും എന്നു ഭയന്ന് ജീവിക്കുന്നു. എൻ്റെ പാസ്പോർട്ടിലും ടർക് എന്നുതന്നെയാണ് ഏമാനേ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ പറഞ്ഞ അവകാശങ്ങളും തുല്യതയും ഞങ്ങൾക്ക് എന്താണ് ബാധകമല്ലാത്തത് എന്ന് എനിക്കൊന്നു പറഞ്ഞുതരാമോ?" ….
നിഷ്കരുണമായ വേഗത്തിൽ കറങ്ങുന്ന ഭരണയന്ത്രത്തിനടിയിൽപ്പെട്ട് ഇരകളായി ചതഞ്ഞുപോകുന്നവരുടെ തീരാനോവിന്റെ കഥ പറയുകയാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കുർബാൻ’ എന്ന നോവലിലൂടെ പ്രിയ കഥാകാരി ഹരിത സാവിത്രി.
ഭരണകൂടഭീകരതയ്ക്കെതിരെ, അതിക്രൂരമായ അടിച്ചമർത്തലുകൾക്കെതിരെ, അധികാരവർഗ്ഗം അടിച്ചേൽപ്പിക്കുന്ന അനീതികൾക്കെതിരെ, വർഗ്ഗീയ സ്വാധീന ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി നടമാടുന്ന വംശീയ ഉന്മൂലനങ്ങൾക്കെതിരെ എതിർ ശബ്ദമുയർത്തുന്നവരെ ‘രാജ്യദ്രോഹികൾ’ എന്ന പേരിൽ വിചാരണകൾ പോലുമില്ലാതെ കാരാഗ്രൃഹങ്ങളിൽ അതിക്രൂരപീഢനങ്ങൾക്ക് വിധേയമാക്കുന്നതിന്റെ ഭീകരചിത്രം വരച്ചിട്ടിരിക്കുകയാണ് കഥാകാരി ഈ പുസ്തകത്താളുകളിൽ.
ഇസ്താംബുൾ പശ്ചാത്തലമാക്കി രചിച്ച ഈ കൃതി, ടർക്കിഷ് കാരാഗൃഹങ്ങളിലെ, മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയെ മറനീക്കികാണിച്ചുതരുകയാണ്, അനുഭവിപ്പിക്കുകയാണ് കഥാകാരി ഈ നോവലിലൂടെ.
ദെമീർ, ഇസെൽ, ജിയാൻ, ജമീല, ദരിയ, അലി… ഒരുപിടി കഥാപാത്രങ്ങൾ. അവരുടെ ജീവിതാനുഭവങ്ങൾ. ആഴ്നിറങ്ങും വായനക്കാർക്കുള്ളിലേക്ക്. ഒരു തീപൊള്ളലായി തങ്ങി നില്ക്കും ഏറെ നാളുകൾ.
ഒറ്റയിരുപ്പിനു വായിച്ചനുഭവിച്ച, പ്രിയപ്പെട്ട കഥാകാരിയുടെ ഈ കൃതിയെയും പ്രിയപ്പെട്ടതിലും പ്രിയപ്പെട്ടതിലേക്ക് ചേർത്തു പിടിക്കുന്നു.
ഹരിത സാവിത്രിയുടെ രണ്ടാമത്തെ നോവലായ കുർബാൻ ഒരു നെടുവീർപ്പോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല.ഈസ്താംബൂൾ പശ്ചാത്തലമാക്കി കുർദ് വംശജർക്കെതിരെയുള്ള ഭരണകൂട ഭീകരത പ്രമേയമാക്കി എഴുതപ്പെട്ട നോവൽ 'ഭരണകൂട ഭീകരത ഹിറ്റ്ലറുടെ കാലത്തായാലും വർത്തമാനകാലത്തായാലും ഒന്നുതന്നെ 'അതിന് രാജ്യ വ്യത്യാസമോ ജന വ്യത്യാസമോ ഇല്ല. ജീവിക്കാനും മികച്ച വിദ്യാഭ്യാസത്തിനുമായി ഇസ്താമ്പൂളിൽ ചേക്കേറിയ കുർദ് വംശജനായ ദെമീറും അയാളുടെ ഭാര്യ ഇസയും മകൻ ജിയാനുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ സ്ഫോടനം നടക്കുന്നു. ഒരു കാപ്പി കുടിക്കാനായി അവിടേക്കു ചെല്ലുന്ന ജിയാനും കാമുകിയും അതിനു ദൃക്സാക്ഷികളായി എന്നതുകൊണ്ടുതന്നെ ഭരണകൂടത്തിൻ്റെ മുന്നിൽ അവർ കുറ്റവാളികളാവുന്നു. ജിയാനെ രക്ഷപ്പെടുത്താനായി ദെമീർ പോലീസിൻ്റെ കള്ളസാക്ഷിയാകുന്നു.ദിയാൻ്റെ മാനസിക സംഘർഷങ്ങളും അതിനു സമാന്തരമായി കുർദ്ദുകളോടുള്ള ഭരണകൂട ഭീകരതയുടെ ക്രൂരതകളും ഹൃദയസ്പർശിയായി നോവൽ വരച്ചിട്ടുന്നു. വായനക്കാരനെ വല്ലാതെ അസ്വസ്ഥമാക്കുന്ന ഒരു വായനാനുഭവമാണ് ഈ നോവൽ നൽകുന്നത്.
ടർക്കിയിലെ കുർദ് ന്യൂനപക്ഷങ്ങൾ നേരിട്ട രാഷ്ട്രീയ പീഡനങ്ങളും സാമൂഹിക വേർതിരിവും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന നോവൽ. വായിക്കുമ്പോൾ ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക സംഭവങ്ങളോടും സാമ്യം കാണാതെ വയ്യ.
🔹 ന്യൂനപക്ഷങ്ങളുടെ വേദനയും പ്രതിരോധവും 🔹 അധികാരത്തിന്റെ ക്രൂര മുഖം 🔹 മനുഷ്യന്റെ അവകാശത്തിനായുള്ള നിലവിളി 🔹 ഇന്നും പ്രസക്തമായ സന്ദേശം
👉 സുഹൃത്തുക്കളേ, ഇത്തരം കൃതികൾ വെറും വായനയ്ക്കല്ല – ചിന്തിപ്പിക്കാനും ചർച്ചകൾക്ക് വഴിതെളിക്കാനും വേണ്ടിയാണ്. കുർബാൻ നിങ്ങളുടെ ലൈബ്രറിയിൽ ചേർക്കാതെ പോകരുത്! ❤️