ഒരു ചെസ്സ് ബോർഡാണ് ജീവിതം എന്ന് വെക്കുക. അതിലെ കരുക്കൾ ആണ് ഓരോരുത്തരും. എങ്ങോട്ട് വേണമെങ്കിലും കരുവിന് ചലിക്കാം, എന്നാലും ഏതെങ്കിലും ഒരു ഘട്ടത്തിൽ കരു മറ്റു കളിക്കാരെ കാണുകയും അവർ കരുവിൻ്റെ ജീവിതത്തിൻ്റെ ഗതി നിശ്ചയിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരുപാട് കരുക്കളുടെ ഒരു യാത്രയാണ് (യാത്ര,അങ്ങനെ തന്നെ പറയണം). ഒരു കഥക്കുള്ളിൽ തന്നെ ഒരുപാട് പേരുടെ കഥകൾ കഥാകാരൻ കണ്ണി മുറിയാതെ പറയുന്നു. വായന തുടങ്ങിയാൽ രസം ഒട്ടും മുറിയാതെ തന്നെ അവസാനം വരെ വായിച്ചു പോകാനും കഴിയും.
ആമോസിനെ അന്വേഷിച്ചു തുടങ്ങുന്ന നായകൻ (അല്ലെങ്കിൽ കഥ പറയുന്ന ആൾ ) ജെന്നിയിലേക്കും തമ്പാനിലേക്കും വില്ലിയിലേക്കും എത്തുന്നതോടെയാണ് തുടക്കം. പടുബിദ്രിയിൽ എത്തുന്ന നായകനെ കാത്തിരിക്കുന്നത് അതു വരെ കേട്ടത്തിലും കെട്ട കഥകൾ ആണ്. ജെന്നി, ആമോസ്,തമ്പാൻ, റാമില, തെയ്യ, സുഗന്ധി, സീമ , അമുദം, രാജധുരൈ, നാടാർ, ഇവാനിയോസ് എന്നിങ്ങനെ ഒരുപിടി കഥാപാത്രങ്ങൾ ആണ് നോവലിൽ. പ്രണയം, കാമം,പക, പ്രതികാരം എന്നിവയിൽ പുളഞ്ഞു മറിയുന്ന പച്ചയായ മനുഷ്യർ. ഒരു വേള എല്ലാം നിയന്ത്രിക്കുന്നത് സ്ത്രീ കഥാപാത്രങ്ങൾ തന്നെയെന്നത് ശ്രദ്ധേയം.
ഏത് കഥാപാത്രത്തിൽ തുടങ്ങിയാലും അവസാനം കറങ്ങി ആ കഥാപാത്രത്തിലേക് തന്നെ എത്തുന്നത് കാണാം. എല്ലാം വെട്ടിപ്പിടിച്ചിടും അവസാനം ഒന്നും അല്ലാതെ ആവുന്നതും കാണാം.
മജീദ് സെയ്ദിൻ്റെ ഞാൻ ആദ്യം വായിക്കുന്ന പുസ്ത്കം. ഗംഭീരം എന്ന് തന്നെ പറയാം. ബാക്കിയുള്ള പുസ്തകങ്ങളും വായനയുടെ കൂട്ടത്തിൽ ചേർത്തിട്ടുണ്ട്.