ആ മഹാപ്രസ്ഥാനത്തിലേക്കുള്ള തങ്ങളുടെയും മഅ്ദിന്റെയും വളർച്ചയുടെ പടവുകൾ മനസ്സിലാക്കാൻ ഈ ജീവിതകഥ തീർച്ചയായും ഉപകാരപ്പെടും. പ്രതിസന്ധികളെ ഒരാൾ എങ്ങനെയാണ് അവസരങ്ങളാക്കി മാറ്റുന്നതെന്ന, നിസ്സഹായതകളെ പ്രതീക്ഷകളാക്കി പരിവർത്തിപ്പിക്കുന്നതെന്ന വലിയ പാഠമാണ് ഈ ജീവിതകഥയുടെ മർമ്മം. നാം ജീവിക്കുന്ന ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലത്തെ അതിജയിച്ചു മുന്നോട്ടുപോകാൻ ഏറെ അത്യന്താപേക്ഷിതമായ, നാമെല്ലാവരും നിർബ്ബന്ധമായും സ്വായത്തമാക്കേണ്ട ചില നൈപുണ്യങ്ങളിലേക്കും പരിശീലനങ്ങളിലേക്കുമുള്ള വാതിൽ തുറക്കുകയാണിവിടെ. വിപുലമായ യാത്രകളിലൂടെയും തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെയും തങ്ങൾ നേടിയെടുത്ത വ്യക്തിപരമായ അനുഭവങ്ങളുടെ ഗുണഫലങ്ങൾ വലിയൊരു സമൂഹത്തിനുകൂടി അനുഭവിക്കാൻ ഈ എഴുത്ത് വഴിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം എത്തിച്ചുകൊടുത്തുകൊണ്ട് അതിലൂടെ സമൂഹത്തിന്റെ ബുദ്ധിക്കും ബുദ്ധിവൈഭവത്തിനും കൂടുതൽ തിളക്കവും മാറ്റും വർദ്ധിപ്പിക്കുകയാണ് മഅ്ദിൻ അക്കാദമി.ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ച് വിദേശ സർവ്വകലാശാലകളുമായി കൂട്ടുകെട്ടുണ്ടാക്കി അത് കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുകയാണ് ഖലീൽ തങ്ങൾ. മഅ്ദിൻ മലപ്പുറത്തിനാകെ തിലകക്കുറിയാണ്.