പൗരസ്ത്യ ദൈവസങ്കൽപ്പങ്ങളിൽ മൂർത്തനായ ഒരു ദേവനില്ല. ഉപനിഷത്തുക്കളിലും, താവോയിലും, ഷിന്റോ വിലുമെല്ലാം പ്രപഞ്ചത്തിൽ അന്തർലീനമായ, ഗുണങ്ങളില്ലാത്ത ഒരു സത്തയാണ് ദൈവീകത. അതിനെ മനസ്സിലാക്കാൻ തക്കവണ്ണം പ്രജ്ഞ വളരാത്തവർക്ക് എളുപ്പത്തിൽ അവിടേക്കെത്തിച്ചേരാനുള്ള ഉപാധികളാണ് ഉടലെടുത്ത മൂർത്തികൾ. വിഗ്രഹം ചന്ദ്രനിലേക്കു ചൂണ്ടുന്ന വിരൽ പോലെയാണെന്ന ആപ്തവാക്യം ഇവിടെ സ്മരണീയമാണ്: ചന്ദ്രനെ കണ്ടു കഴിഞ്ഞാൽ പിന്നെ വിരലിന്റെ ആവശ്യമില്ല. ഇങ്ങനെയൊരു ചുറ്റുപാടിൽ സ്വേശ്വരവും നാസ്തികവുമായ കാഴ്ചപ്പാടുകൾക്ക് തോളോടു തോളുരുമ്മി നിൽക്കാം. ഒരു കാലത്ത് ഇന്ത്യയിലെ സ്ഥിതി അങ്ങനെയായിരുന്നു എന്നു വേണം അനുമാനിക്കാൻ.
എന്നാൽ ഇന്ന് കല്ലും, ലോഹവും ദേവനും ദേവിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകാശങ്ങളിലിരുന്ന് കനിവും കനലും വർഷിക്കുന്ന വികാരജീവിയായി മാറിയിരിക്കുന്നു ദൈവം. അങ്ങനെയുള്ള സാഹചര്യത്തിൽ, ഈശ്വരന് എതിരേ നിൽക്കുന്ന ഒരു നിരീശ്വര സങ്കൽപ്പത്തിന് ഏറെ സാദ്ധ്യതകളുണ്ട്: നിലവിലുള്ള അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കാൻ, പരിഹാസത്തിന്റെ തീക്ഷ്ണ ശരങ്ങൾ കൊണ്ട് വിശ്വാസങ്ങളെ എയ്തുവീഴ്ത്താൻ. അതിനു പുറപ്പെടുന്ന മൂന്നു യുക്തിവാദികളുടേയും അവർ സൃഷ്ടിക്കുന്ന വികലമൂർത്തിയുടേയും കഥയാണീ നോവൽ.
ആന്റണി, ഭാസ്കരൻ, സഹീർ - ഇവർ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് "ആഭാസന്മാർ" എന്നറിയപ്പെടുന്നു - ഗ്രാമത്തിലെ യുക്തിവാദികളാണ്. ദൈവവിശ്വാസത്തെ കണക്കിനു കളിയാക്കാൻ ഇവർ ഒരു നൂതന വിദ്യ കണ്ടുപിടിക്കുന്നു. കയ്യും, കാലും, തലയുമില്ലാത്ത ഒരു വികലശില്പത്തെ ഗ്രാമമദ്ധ്യത്തിലെ "ആത്മാവു" തറയിൽ (ഇത് ഒരാലും, മാവും കൂടിപ്പിരിഞ്ഞു വളരുന്ന ഒരു വിചിത്രവൃക്ഷമാണ്) സ്ഥാപിക്കുന്നു. അതിനു നിരീശ്വരൻ എന്നു പേർ. തെറ്റായ കളവുകേസിൽപ്പെട്ട് ക്ഷേത്രത്തിലെ പൂജാകർത്തവ്യങ്ങളിൽ നിന്നും നിഷ്കാസിതനായ ഈശ്വരൻ എമ്പ്രാന്തിരിയാണ് പ്രതിഷ്ഠയും പൂജയും. കുറച്ചു കാലത്തിനു ശേഷം ഇതിനെ പിഴുതെറിയാമെന്നും അങ്ങനെ ഈശ്വരസങ്കൽപ്പത്തിന്റെ വ്യർത്ഥത തെളിയിക്കാമെന്നുമാണ് ആഭാസന്മാരുടെ അനുമാനം.
എന്നാൽ ഗ്രാമത്തിൽ കൂടെക്കൂടെ അത്ഭുതം പ്രവർത്തിക്കുന്ന നിരീശ്വരൻ യുക്തിവാദികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. "അത്ഭുതങ്ങൾ"ക്കെല്ലാം തന്നെ തികച്ചും യുക്തിയുക്തമായ വിശദീകരണങ്ങൾ നൽകാമെങ്കിൽക്കൂടി, "മിറക്കിൾസിൽ" വിശ്വസിക്കാനാണല്ലോ നമുക്കിഷ്ടം. ആഭാസന്മാരും നിരീശ്വരനുമായി നടക്കുന്ന പോരിൽ അന്തിമവിജയം നേടുന്നത് ദൈവം തന്നെ.
***
കഥാബീജത്തിനു പുതുമയുണ്ട്. ബിംബങ്ങളിലെ പ്രതീകാത്മതയ്ക്കു ശക്തിയുമുണ്ട്. ആദ്യപകുതി വളരെ പാരായണ യോഗ്യമാണ്.
പക്ഷെ നോവലിന്റെ മദ്ധ്യത്തോടടുക്കുമ്പോൾ ഉപകഥകളുടെ ബാഹുല്യം അലോസരം സൃഷ്ടിക്കുന്നു. ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം അബോധത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ ഇന്ദ്രജിത്തും, ഗന്ധഗവേഷകൻ റോബർട്ടോയും, ഘോഷയാത്ര അന്നാമ്മയും മക്കളും, ബാർബർ മണിയനും, ഗ്രാമവേശ്യ ജാനകിയുമെല്ലാം മിഴിവുറ്റ കഥാപാത്രങ്ങൾ തന്നെയെങ്കിലും ഗ്രന്ഥകാരൻ അവരുടെ ചരിത്രത്തിലേക്ക് വല്ലാതെ ആണ്ടിറങ്ങിയത് മൂലകഥയുടെ രസച്ചരട് പലയിടത്തും മുറിയാൻ കാരണമായി. റോബർട്ടോയുടെ ശാസ്ത്രചിന്തകളും ഈശ്വരൻ എമ്പ്രാന്തിരിയുടെ തത്ത്വചിന്താ വിശകലനങ്ങളും പലയിടത്തും വല്ലാത്ത മടുപ്പുളവാക്കി.
എങ്കിലും പുതുമയേറിയ ഒരു novel of ideas കാഴ്ചവെച്ചതിന് ഗ്രന്ഥകർത്താവ് പ്രശംസയർഹിക്കുന്നു.