ഒരു യാത്രയുടെ ഭൗതികവശം വർത്തമാനകാലത്തിൽ മാത്രം ഒതുങ്ങിനില്ക്കുമ്പോൾ, ചരിത്രബോധമുള്ള യാത്രികന്റെ മനസ്സ് കാല, ദേശ സംബന്ധിയായ എല്ലാ അതിർവരമ്പുകളെയും ഉല്ലംഘിക്കുന്നു. വൈവിധ്യമാർന്ന യാത്രാനുഭവങ്ങൾ പകർന്നു നല്കിയ നവ്യാനുഭൂതികളെയും ചിന്തകളെയും നിരീക്ഷണങ്ങളെയുമൊക്കെ ഡാന്യൂബ് സാക്ഷിയിലൂടെ വായനക്കാരിലേക്ക് സംക്രമിപ്പിക്കുകയാണ് എം.പി. വീരേന്ദ്രകുമാർ.
കേന്ദ്ര സാഹിത്യ അക്കാദമി യാത്രാവിവരണമേഖലയിൽ ആദ്യമായി നല്കിയ പുരസ്കാരത്തിനർഹമായ ഹൈമവതഭൂവിലിന്റെ രചയിതാവിൽനിന്നു മറ്റൊരു യാത്രാനുഭവഗ്രന്ഥം. യൂറോപ്പിന്റെ മനസ്സിലേക്കുള്ളൊരു അന്വേഷണാത്മകയാത്രയാണ് ഡാന്യൂബ് സാക്ഷി.