ഫിക്ഷന്റെ രൂപമവലംബിക്കുന്ന വർത്തമാനകാല ഇന്ത്യയുടെ ചരിത്രമുഖരതയാണ് കാകപുരം എന്നു പറയാം. തിളയ്ക്കുന്ന രാഷ്ട്രീയയാഥാർത്ഥ്യങ്ങളുടെ ലോഹത്തെ അത് നോവലിന്റെ മൂശയിൽ പകർന്ന് ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമായി വാർത്തെടുക്കുന്നു. വേദയും കശ്യപയും കണാദരനും തക്ഷകനും സ്വസ്തികനുമെല്ലാം ഒരു വലിയ രാഷ്ട്രീയവിപര്യയത്തിന്റെ ഇരകളും രക്തസാക്ഷികളും അതിനെതിരേ പോരാടുന്നവരുമായി ആഖ്യാനത്തിൽ പങ്കുചേരുന്നു. ക്രമേണ ഇരുണ്ടു മ്ലാനമാകുന്ന ഒരു രാഷ്ട്രീയചക്രവാളത്തെ ചൂണ്ടണ്ടിക്കാട്ടിക്കൊണ്ടാണ് നോവലിന്റെ പര്യവസാനം. അപ്പോഴും ചിലരെല്ലാം ഉണർന്നിരിക്കുന്നു എന്ന പ്രത്യാശയും അതു ശേഷിപ്പിക്കുന്നുണ്ട്; രാമനഗരം വീണ്ടും കാകപുരമായി മാറുമെന്ന പ്രത്യാശയാണത്. വിനോദിപ്പിക്കലിനും രസിപ്പിക്കലിനുമപ്പുറം നോവലിന് ചില ഭാരിച്ച ഉത്തരവാദിത്വങ്ങൾകൂടിയുണ്ട് എന്ന ബോധ്യത്തിൽനിന്നാണ് ഇത്തരം എഴുത്ത്.