പ്രിയ ജോസഫിന്റെ ഈ കഥകൾ വായിച്ചപ്പോൾ എനിക്കൊരു സ്ത്രീയേയും അറിയില്ലെന്നു മനസ്സിലായി. എന്റെ അമ്മയെ, ഭാര്യയെ, പെൺമക്കളെ - ആരെയും എനിക്ക് പൂർണ്ണമായും അറിയില്ല എന്നുള്ളത് ഞാൻ തിരിച്ചറിയുന്നത് ഈ കഥകൾ വായിക്കുമ്പോഴാണ്. -ലാൽ ജോസ്
എത്തിപ്പെട്ട ഇടത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക, വിട്ടുപോന്നവരുടെ ആത്മസംഘർഷങ്ങളെ ചികഞ്ഞെടുക്കുക, അവിടെയും ഇവിടെയുമുള്ള ജീവിതത്തെ രസകരമായി താരതമ്യം ചെയ്യുക, ജീവിതത്തിൽ എല്ലാം ഉണ്ടെന്നഭിനയിക്കുമ്പോഴും ഉള്ളിൽ നിറയുന്ന ശൂന്യതയെ അത്രമേൽ ഹൃദ്യമായി പകർന്നെടുക്കുക - ഇതൊക്കെയാണ് പ്രിയയുടെ കഥകളെ നമ്മുടെ ഹൃദയത്തോട് വലിച്ചടുപ്പിക്കുന്നത്. -ബെന്യാമിൻ
കുസൃതിയുള്ള ഒരു പെൺകുട്ടി അവൾക്കുവേണ്ടി മാത്രം ചിരിക്കുന്ന ചിരിയെ!
എൻ്റെ സുഹൃത്ത് പ്രിയ ജോസഫിൻ്റെ ഏതു ഫോട്ടോ എടുത്ത് നോക്കിയാലും മുഖത്ത് കുസൃതി നിറഞ്ഞ ഒരു ചിരി കാണാം. എപ്പോൾ വേണമെങ്കിലും ഒരു പൊട്ടിച്ചിരിയിലേക്ക് സംക്രമിക്കാൻ സാദ്ധ്യതയുള്ള ഒരു മന്ദസ്മിതം. വീണ്ടും ഒന്നുകൂടി, ഞങ്ങൾ തൃശ്ശൂർക്കാർ പറയുന്നതു പോലെ, "കൂലങ്കഷമായി" നോക്കിയാൽ ആ പുഞ്ചിരിയുടെ പിറകിലെവിടെയോ കണ്ണീരിൻ്റെ ചെറിയ നനവില്ലേ എന്ന് സംശയവും തോന്നാം.
പ്രിയയുടെ കഥകളും അങ്ങനെ തന്നെ. "മാണീം ഇന്ദിരാഗാന്ധീം" എന്ന ഈ സമാഹാരത്തിലെ ഏതാണ്ട് എല്ലാക്കഥകളിലുമുണ്ട് ചിരിയും കണ്ണീരും, ഏതാണ്ട് ഒരേ അളവിൽ ("ഗുർജറി ബാഗ്" എന്ന കഥയിലൊഴിച്ച് - അത് അടിമുടി ഒരു തേങ്ങലാണ്).
ശീർഷകകഥ തന്നെയെടുക്കാം. ഇതിൽ പറയുന്ന മാണി വീട്ടുജോലിക്കാരിയായ ഒരു സ്ത്രീയാണ്. (ശീർഷകം വായിച്ച് കെ. എം. മാണിയേയും ഇന്ദിരാഗാന്ധിയേയും കഥാപാത്രങ്ങളാക്കിയ ഏതോ പൊളിറ്റിക്കൽ ത്രില്ലറാണെന്ന് ധരിച്ചു വശമാകരുത്.) ആഖ്യാതാവായ കുഞ്ഞ് ചൂണ്ടിക്കാണിക്കുന്ന ഇന്ദിരാഗാന്ധിയുമായുള്ള രൂപ സാദൃശ്യം സ്വാംശീകരിക്കുന്ന മാണിക്കുണ്ടാവുന്ന ശാക്തീകരണവും, അവർ മറ്റുള്ള സ്ത്രീകളിലേക്ക് അതു പകർന്ന് നൽകുന്നതുമാണ് പ്രമേയം. പുരുഷമേധാവിത്വത്തെ പ്രതിരോധിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ ചിത്രം എത്ര പ്രസാദാത്മകമായാണ് പറഞ്ഞു വെച്ചിരിക്കുന്നത്!
ശ്വാസം മുട്ടിക്കുന്ന ദാമ്പത്യത്തടവിനെതിരെയുള്ള ഒരു സ്ത്രീയുടെ നിശ്ശബ്ദ വിപ്ലവമാണ് "എൻ്റെ ആൻ ക്ലെയിൻ ജാക്കറ്റി"ൻ്റെ പ്രമേയം. സ്വന്തം ഇഷ്ടത്തിന് വാങ്ങിയ ഒരു വസ്ത്രം കഥാനായികയുടെ സ്വത്വമായി മാറുന്നു: അതിൻ്റെ നഷ്ടം അവൾക്ക് തൻ്റെ പാരതന്ത്ര്യത്തെക്കുറിച്ച് അറിവുനൽകുന്നു. മകൻ്റെ മരണത്തിലുള്ള തീരാദുഃഖത്തിനിടയിലും "ബിജിനെസ്സ് ഈസ് ബിജിനെസ്സ്" എന്നു പറയുന്ന ഗുജറാത്തി സ്ത്രീയും ("ജാനകീസ് സ്വീറ്റ്സ്"), തമ്മനം ഷാജിയായാലും ബെഞ്ചമിൻ ഡിസൂസയായാലും അധോലോക നായകന്മാരെ ചങ്കുറപ്പോടെ നേരിടാൻ തയ്യാറാകുന്ന ആനി തോമസും ("തമ്മനം മുതൽ ഷിക്കാഗോ വരെ - ഒരു പാവം അധോലോക കഥ") എല്ലാം ചങ്കുറപ്പുള്ള പെണ്ണുങ്ങൾ തന്നെ.
കഥാപാത്രങ്ങളുടെ സ്വത്വം വസ്തുക്കളിലേക്ക് ആവാഹിക്കുന്ന രീതി സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട് പ്രിയ. നേരത്തെ പരാമർശിച്ച ആൻ ക്ലെയിൻ ജാക്കറ്റു പോലെ, ദുരന്തം അനുഭവിക്കുന്ന രണ്ടു വ്യത്യസ്ത രാജ്യക്കാരായ സ്ത്രീകളെ ഒരു ഹാൻഡ് ബാഗ് കൂട്ടിയോജിപ്പിക്കുന്നതു കാണാം "ഗുർജറി ബാഗ്" എന്ന കഥയിൽ. അമേരിക്കക്കാരിയുടേയും ഇന്ത്യക്കാരിയുടേയും ആത്മാക്കളുടെ ഒരംശം ആ അചേതന വസ്തുവിൽ നിക്ഷിപ്തമാകുന്നു; അവരുടെ ജീവിതദുഃഖങ്ങളും. എത്ര വിഭിന്നരായാലും നാമെല്ലാം മനുഷ്യർ തന്നെ.
പ്രമേയത്തിൽ അല്പം വ്യത്യാസം പുലർത്തുന്ന കഥകളാണ് "കാറൽ മാർക്സ് ചരിത"വും "കന്യാവ്രതത്തിൻ്റെ കാവൽക്കാര"നും.
കേരളത്തിലെ പല മദ്ധ്യവർഗ്ഗ ഭവനങ്ങളിലും എഴുപതുകളിൽ ക്ഷണിക്കാത്ത അതിഥിയായി കാൾ മാർക്സ് കടന്നുവന്നിരുന്നു. ആ വരവുണ്ടാക്കിയ രക്തക്കഥകൾ ചില്ലറയല്ല. അത്തരമൊരു ഓർമ്മയും അത് ഒരു കുഞ്ഞുമനസ്സിൽ കുടഞ്ഞിട്ട തീപ്പൊരിയുമാണ് ആദ്യം പറഞ്ഞ കഥയിൽ.
രണ്ടാമതു പരാമർശിച്ച കഥയാണ് ഈ സമാഹാരത്തിലെ ഏറ്റവും ഒറ്റപ്പെട്ടു നിൽക്കുന്ന കഥ. ലൈംഗിക പങ്കാളിയുടെ കാലുകളോടു തോന്നുന്ന അമിതാവേശം - ഫുട്ട് ഫെറ്റിഷ് - ആണ് ഇതിൻ്റെ പ്രമേയം. റേച്ചലിൻ്റെ കാലുകളെ കാമിക്കുന്ന ടോണിയും, അസംതൃപ്ത ദാമ്പത്യത്തിൽ ഉഴലുന്ന റേച്ചലും, കുടുംബത്തിൽ ഒരു "കുഞ്ഞിക്കാലു കാണാൻ" കൊതിക്കുന്ന റേച്ചലിൻ്റെ വീട്ടുകാരും, പിന്നെ കന്യാവ്രതത്തിൻ്റെ കാവൽക്കാരനായ യൗസേപ്പിതാവും എല്ലാവരും കൂടി ഒരു ജഗപൊഗ. കന്യകാത്വത്തെ ഉത്തുംഗപീഠത്തിൽ പ്രതിഷ്ഠിക്കുന്ന ക്രിസ്തീയതയുടെ വൈരുദ്ധ്യങ്ങളെയാണ് ഇവിടെ ലൈംഗികതയുടെ വെളിച്ചത്തിൽ ചോദ്യം ചെയ്യുന്നത്.
ഇത് ഒരു പ്രവാസി സ്ത്രീ എഴുതിയ കഥകളാണ്. അങ്ങനെ തന്നെ അടയാളപ്പെടുത്തുമ്പോഴും അവയിലെ വേവലാതികൾ സാർവ്വജനീനങ്ങളും, സാർവ്വദേയീശയങ്ങളുമാണ്. അത്യന്തം വായനാക്ഷമവും.
അമേരിക്കൻ ജീവിതത്തെ ഭൂമികയാക്കി പ്രിയ എഴുതിയ 7 കഥകൾ. കഥകൾ എല്ലാം തന്നെ മികച്ചത് തന്നെ. കുറേ നാളുകൾക്ക് ശേഷമാണ് ഒരു ചെറുകഥാസമാഹാരത്തിലെ എല്ലാ കഥകളും ഇഷ്ടപ്പെട്ടത്. ഗുർജറി ബാഗ് വായിക്കുമ്പോൾ കരച്ചിലടയ്ക്കാൻ പാട് പെട്ടു. ജാനകി sweets, രണ്ടു വ്യതസ്ത ദേശത്തുള്ള സ്ത്രീകൾ ബിസിനസ്സിനെ ഇങ്ങനെ നോക്കി കാണുന്നു എന്ന് പറഞ്ഞു തന്നു.
This book was an impulse buy—my last name and the name of the character alluded to in the title are the same. I picked it up knowing nothing about the premise or the author’s background, and soon realized I was in for a literary treat.
The stories felt deeply relatable, most set around the Keralite diaspora in the U.S., full of depth, detail, and meaning. The characters were unforgettable—from the household help Mani to the struggling mother who finds solace in a stranger’s kindness at Walmart. I enjoyed every single one of them.
The stories explore everything from the quirky to the profound—foot fetishes to female empowerment, random absurdities to everyday heartbreaks and small, ironic surprises. Never have I spent three dollars and received so much satisfaction. I wish the author the very best and look forward to reading more of her work in the near future.