തന്നോടും ലോകത്തോടും ഒരേ മട്ടിൽ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓർമ്മകളും കലർന്ന് പലതരം അടയാളപ്പെടലുകൾ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം.
ഇഷ്ടപ്പെട്ടു, തീർച്ചയായും അനിത തമ്പിയുടെ മറ്റെഴുത്തുകളും ഞാൻ വായിക്കും.
പല വഴികളെ തൊട്ടുപോകുന്ന ഈ കവിതക്കെട്ടിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നതായി തോന്നിയത് ഇക്കോ-ഫെമിനിസമാണ് (മലയാളത്തിൽ "മൺപെണ്മത്തം" എന്നാക്കിയാലോ?). തലക്കെട്ടായ കവിതയിൽ പെണ്മയുടെ പല പുറങ്ങൾ നാടൻ ചുറ്റുപാടുകളിൽ വരച്ചുകാട്ടുന്നു — അടുക്കളപ്പുറത്ത് മൂന്ന് തരം ജീവിതങ്ങൾ ജീവിച്ചുതീർക്കുന്നവരാണ് "മുരിങ്ങ, വാഴ, കറിവേപ്പ്". "പെണ്ണുംപുലിപ്പാട്ടി"ലാവട്ടെ, അയ്യപ്പന് പുലിപ്പാലിന് വേണ്ടി കാടിറക്കികൊണ്ടുവന്ന തള്ളപ്പുലിയും കവിയും തമ്മിൽ മിണ്ടുന്നു. ഒടുക്കത്തിൽ, പണ്ട് കാട് വിലസിയ മനുഷ്യപ്പെണ്ണുങ്ങളെ ആ പുലി ഉണർത്തുകയാണ്:
തീയടുപ്പിൻ തിണ്ണ പറ്റി നിങ്ങൾ ചൂടുപിടിച്ചു ചുരുണ്ടുപോയോ? പൂച്ചക്കിടാങ്ങളേ ഓർക്കൂ നിങ്ങൾ- ക്കാദിയിൽ അമ്മ ആരായിരുന്നു? മിന്നും കലങ്ങളിൽ പച്ചവെള്ളം നീറിത്തിളയ്ക്കുമടുപ്പുതിണ്ണ വിട്ടുകുതിക്കുമോ നിങ്ങൾ വീണ്ടും ചോരയോടുംവഴി ഊരിലേക്ക്?
കവിതയുടെ കെട്ടുപാടുകൾ പുതുമയോടെയും മിടുക്കമായും ഒരുക്കിയെടുക്കാൻ അനിത തമ്പിക്ക് കഴിയുന്നുണ്ട്. കുറുക്കിയെഴുതിയ "ഭരണഘടനയ്‌ക്കൊരു അടിക്കുറിപ്പി"ൽ ഇത് നന്നായി തെളിഞ്ഞുകാണാം. വെറും രണ്ടു വരികളും അടിക്കുറിപ്പുകളും മാത്രം വെച്ചുകൊണ്ട്, നമ്മുടെ വിടുതിയിലേക്ക് കടന്നുകയറുന്ന അധികാരക്കൊതിയരായ ഭരണകൂടത്തെപ്പറ്റി കവി പറയാതെ പറയുന്നു. നേരത്തെ പറഞ്ഞ "മുരിങ്ങ, വാഴ, കറിവേപ്പ്"യ്ക്കിടയിൽ പാചകക്കുറിപ്പുകൾ ചേർത്തത് ഇതിന്റെ മറ്റൊരു നല്ല കാഴ്ചയാണ്.
ഈ പുസ്തകത്തിന്റെ ഒടുവിലത്തെ ഭാഗം അനിത തമ്പി മൊഴിമാറ്റിയ ചില കവിതകളാണ്. ഇതിൽ ഷാൻ നോർത്തിയുടെ "നീല"യും (വെൽഷ്), മാർത്തി സാലെസിന്റെ "ആവാസസ്ഥലം സ്വാംശീകരിക്കുന്നതിനെപ്പറ്റി"യും (കാറ്റലാൻ) ഞാൻ ഏറെ രസിച്ചുവായിച്ചു.
ഇഷ്ടപ്പെട്ട (മേല്പറയാത്ത) കവിതകൾ: കർക്കടപ്പത്ത്, മൂന്നു രോഗികൾ, പട്ടിയും ചന്ദ്രനും, മഴവില്ലാകാൻ, വഴിനടപ്പിനെ പറ്റി, പ്രേതഭാഷയുടെ പാഠപുസ്തകം, ചന്ദ്രകല, ഇസ്മായിൽ