'സൂര്യവംശ'ത്തിൽ മേതിൽ ഒരു ആത്മനിയന്ത്രണത്തിന്റെ നഷ്ടത്തിൽ നേടിയെടുക്കുന്ന അപൂർവ്വമായ കാലദർശനം സ്നേഹം എന്ന വികാരത്തെ നിത്യമായ കാലത്തിന്റെ പര്യായമാക്കി മാറ്റുന്നു. കടന്നുപോകുന്ന നിമിഷം സ്തംഭിക്കുന്നു. ഇനിയത്തെ നിമിഷം വരുന്നുമില്ല. ഇങ്ങനെ എല്ലാവിധ മാനങ്ങൾക്കും അതീതമായ കാലത്തിന്റെ ഒരു നിമിഷബിന്ദുവിനെ സൃഷ്ടിച്ചുകൊണ്ട് അതിലൂടെ നോവലിസ്റ്റ് മനുഷ്യവർഷങ്ങളെയും ദേവവർഷങ്ങളെയും കടത്തിവിടുന്നു. അങ്ങനെ മഹാനിത്യതയുടെ ഒരു നിമിഷത്തെ ഭാവന ചെയ്യുന്നു. ഇതാണ് പരസ്പരസ്നേഹത്തിന്റെ നിമിഷം. ഇവിടെ നിത്യമായ വികാരവും നിത്യമായ കാലവും ഒന്നാകുകയാണ്. ഈ ആന്തരികമായ കാലബോധം ജ്യോതിശ്ശാസ്ത്രപരമായ കാലവുമായും ബന്ധപ്പെടുന്നു. ഇത് പ്രഹേളികാസദൃശമായൊരു കാലാനുഭവത്തിന് കാരണമായിത്തീരുന്നു... -കെ.പി. അപ്പൻ
മലയാള നോവൽസാഹിത്യത്തിൽ മാറ്റത്തിന്റെ കൊടിയടയാളമായി എന്നെന്നും നിലകൊള്ളുന്ന സൂര്യവംശം പുസ്തകരൂത്തിൽ പ്രസിദ്ധീകരിച്ച് അമ്പതു വർഷം തികയുന്ന വേളയിൽ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്, നമ്പൂതിരിയുടെ ചിത്രങ്ങളോടൊപ്പം.
Maythil Radhakrishnan (born May 11, 1944), popularly known as Maythil (Malayalam മേതില്‍ രാധകൃഷ്ണന്‍), born in Alathur in Palakkad district of Kerala, is an all-rounder in Malayalam literature, being quite at home with poetry, fiction as well as non-fiction.
Maythil's first novel, Sooryavamsam, published in 1970, announced the arrival of a major talent in Malayalam literature. Four novels and many stories and poems later, his is still a fresh voice. His oeuvre reflects the whole gamut of unrelated experience—from computers to insects—that he had acquired.
"ഞാനിപ്പോൾ നിൽക്കുന്നിടത്ത് മലയാളസാഹിത്യം എത്താൻ അൻപതു വർഷം എടുക്കും" എന്നോ മറ്റോ മേതിൽ രാധാകൃഷ്ണൻ പറഞ്ഞെന്ന് കേട്ടിട്ടുണ്ട്. സത്യമാണ് കേട്ടോ. ഏതു കട്ടിയുള്ള സാധനവും എങ്ങിനെയെങ്കിലും വായിച്ചെടുക്കാം എന്ന് അഹങ്കരിച്ചിരുന്ന എനിക്ക് ഗർവ്വഭംഗമുണ്ടായത് ടിയാൻ്റെ "ബ്രാ" വായിച്ചപ്പോഴാണ്. കഥകളിയറിയാത്തവൻ കിർമ്മീരവധം കാണുംപോലെ ആ അക്ഷരസർക്കസ്സിലേക്ക് കുറെ നേരം നോക്കിയിരുന്നിട്ട് ഞാൻ പത്തി മടക്കി. എനിക്ക് മനസ്സിലായ പരിമിതങ്ങളായ കാര്യങ്ങൾ പരാമർശിച്ച് മുഖപുസ്തകത്തിൽ ഒരാസ്വാദനമിട്ടു.
പോരേ പൂരം! ഒരു ആഗലപ്രയോഗം മൊഴിമാറ്റി പറഞ്ഞാൽ "എല്ലാ നരകങ്ങളും കെട്ടഴിഞ്ഞ് പുറത്തുചാടി." ഒരു മേതിൽ ആരാധകൻ എൻ്റെ പോസ്റ്റിനു കീഴെ വന്ന് നല്ല ഒന്നാന്തരം ഉത്തരാധുനിക ഭാഷയിൽ പുലഭ്യം പറഞ്ഞു. എൻ്റെ അടുത്ത സുഹൃത്തായ മറ്റൊരു ഉത്തരാധുനികൻ വന്ന് അയാൾ പറഞ്ഞതിനെ യുക്തിയുക്തം ഖണ്ഡിച്ചു (രണ്ടാമത്തെ ഉത്തരാധുനികന് നന്ദിയുണ്ട്). ആ ഉത്തരാധുനിക ഖഡ്ഗക്രീഡ കണ്ടപ്പോൾ എനിക്കു മനസ്സിലായി: "ദ് മ്മക്ക് പറ്റ്യ പണ്യല്ലാട്ടാ"!
അപ്പോഴാണ് മനസ്സിലൊരു ചിന്ത പോയത്: ശ്രീ മേതിൽ മലയാളസാഹിത്യത്തിന് അരനൂറ്റാണ്ടു മുൻപേ പറക്കുന്ന പക്ഷിയാണെങ്കിൽ, അദ്ദേഹം അരനൂറ്റാണ്ടിനു മുമ്പ് എഴുതിയത് ഇപ്പോൾ നമുക്കു പാകമാവണമല്ലോ. അങ്ങനെയാണ് 1972ൽ പിറവിയെടുത്ത "സൂര്യവംശ"ത്തിൽ എത്തിയത്. എൻ്റെ ഊഹം പിഴച്ചില്ല. ഈ സൃഷ്ടി "എൻ്റെ ഇടവഴിയിൽ തന്നെയാണ്". (ഇത് മറ്റൊരു ആംഗലേയ പ്രയോഗത്തിൻ്റെ വിവർത്തനം. കിടക്കട്ടെ. ഞാനും ഒരു ബുദ്ധിജീവിയാണെന്ന് ഇതു വായിക്കുന്നവർ മനസ്സിലാക്കട്ടെ!)
കഥയുടെ പ്രമേയം ദുരൂഹമായ ഒരു മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ്. ഒരോന്നാന്തരം ക്രൈം ത്രില്ലറിനുവേണ്ട ചേരുവകൾ എല്ലാം ഇതിലുണ്ട്. ഈ കൃതി നീലകണ്ഠൻ പരമാര എഴുതിയിരുന്നെങ്കിൽ ഡിറ്റക്ടീവ് ഭാസ്കർ ബുഷ്കോട്ടും ഫെൽറ്റ് ഹാറ്റും ധരിച്ച്, പരമാര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കേസു തെളിയിക്കാനെത്തിയേനെ; മറിച്ച് കോട്ടയം പുഷ്പനാഥായിരുന്നു രചയിതാവെങ്കിൽ കാർപാത്യൻ മലയടിവാരത്തിൽ നിന്നും ഒരു ഹാഫ്-എ-കൊറോണ ചുരുട്ടും പുകച്ച് ഡിറ്റക്ടീവ് മാർക്സിൻ ചാർട്ടേഡ് വിമാനത്തിൽ പറന്നെത്തിയേനെ. പക്ഷെ ഇതെഴുതിയത് മേതിൽ ആയതു മൂലം അപസർപ്പണമല്ല, മനുഷ്യാവസ്ഥയാണ് മുന്നിട്ടു നിൽക്കുന്നത്.
മരിച്ചവൻ ചക്രപാണി. സ്വാർത്ഥൻ, സ്ത്രീലമ്പടൻ. എന്തുകൊണ്ടും മരണം അർഹിക്കുന്നവൻ. ഉറക്കഗുളികകൾ അമിതമായി അകത്തു ചെന്നതാണ് മരണകാരണം. അതൊരു അപകടമരണമാണെന്ന് അയാളുടെ സുഹൃത്ത് ഡോക്ടർ പ്രസാദ്; ആത്മഹത്യയാണെന്ന് പ്രസാദിൻ്റെ സുഹൃത്ത് ജയദേവൻ. (കൊലപാതകമാണോ എന്ന ചിന്ത നമ്മുടെ മനസ്സിൽ.) ഇവരുടെ വാദപ്രതിവാദങ്ങൾക്കിടയിൽ യമുന എന്ന യുവതി കടന്നുവരുന്നു: ചക്രപാണിയാൽ ചതിക്കപ്പെട്ട അനേകരിൽ ഒരുവൾ. പ്രസാദിൻ്റെ ഓർമ്മകളിൽ നിറസാന്നിദ്ധ്യമായി നിൽക്കുന്ന, അകാരണമായി ആത്മഹത്യ ചെയ്ത മായയുമുണ്ട് കഥാപാത്രങ്ങളുടെ പട്ടികയിൽ. (ഇടക്കിടെ പ്രസാദിനോടു കുശലം പറയാൻ സാക്ഷാൽ സൂര്യഭഗവാനും, മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത ഒരു കറുത്ത തേവരും കടന്നു വരുന്നുണ്ട് - നല്ല രസികൻ ഉത്തരാധുനിക രീതിയിൽ.)
ഇത് ആശയങ്ങളുടെ ഒരു നോവലാണ്. അതുകൊണ്ട് കഥാപാത്രങ്ങളെല്ലാം തന്നെ ഗ്രന്ഥകർത്താവിൻ്റെ മൗത്ത്പീസുകളാണ്. അവരുടെ സംസാരം ചതുരവടിവിൽ, അസ്വാഭാവികമായാണ് പുരോഗമിക്കുന്നത്. അനുവാചകൻ വരികൾക്കിടയിലെ ആശയങ്ങൾ ചികഞ്ഞെടുക്കാൻ മിനക്കെടണം. അങ്ങനെ ചെയ്താൽ ഇതിൽ ചിന്തനീയമായ പലതുമുണ്ട്. ഇല്ലെങ്കിൽ വായന തികച്ചും നിഷ്ഫലമായിപ്പോകും. (മേതിലിൻ്റെ ഭാഷയ്ക്കുമുണ്ട് ചിന്തേറിട്ടു മിനുക്കിയെടുത്ത സൗന്ദര്യം. ഇന്നത്തെ യുവ എഴുത്തുകാർ ഇദ്ദേഹത്തെ മാതൃകയാക്കേണ്ടതാണ്.)