ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന പ്രണയത്തിന്‍റെയും പകയുടെയും കഥ. അനുവാചകര്‍ക്ക് തന്‍റെ ജീവിതം അനുഭവപ്പെടുത്തുകയാണ് ഇതിലെ കഥാനായിക സൈറ. വര്‍ത്തമാനകാലം ഭൂതകാലത്തിലേക്കുള്ള താക്കോലാണെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ഒരു കാലം ഭയത്തിന്‍റെ കാണാനൂലിഴകള്‍കൊണ്ട് ബന്ധിച്ചിരിക്കുന്ന ഹൊറര്‍ നോവല്‍.
ഹൊറർ കഥ എന്ന ടാഗ്‌ലൈനോട് കൂടി പുറത്ത് വന്ന നോവൽ, പക്ഷെ അതിനോട് നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് പറയേണ്ടി വരും.. ഹൊറർ പ്രേത കഥകളിൽ പുതുമ കൊണ്ടുവരിക എന്ന് പറഞ്ഞാൽ കഠിനമാണ് പ്രത്യേകിച്ച് നമ്മുക്കു ചുറ്റും എണ്ണിയാലോടുങ്ങാത്ത കഥകളുള്ള സാഹചര്യത്തിൽ, അത്കൊണ്ട് ഒരു പാസ് മാർക്ക് നൽകി ഒഴിവാക്കാം എന്ന് വിചാരിച്ചതാണ്, പക്ഷെ വളരെ generic & flat ആയ എഴുത്ത് ഒരുതരത്തിൽ പോലും ഭീതിയോ, ഉദ്വേഗമോ നോവലിൽ ഒരിടത്തുപോലും നൽകുന്നില്ല, എഴുത്തുകാരന്റെ തന്നെ കോടക്സ് ഗിഗസ് കുറേക്കൂടെ മികച്ചത് ആയിരുന്നു എന്നാണ് തോന്നിയത്.
അനുരാജ് ഗോപിനാഥിന്റെ "സൈറ" വ്യത്യസ്തമായ ആശയവും നിഗൂഢമായ അന്തരീക്ഷവും കൊണ്ട് ശ്രദ്ധേയമായ ഒരു ഹൊറർ–മിസ്റ്ററി നോവലാണ്. ആദ്യ അധ്യായങ്ങൾ തന്നെ കൗതുകം ജനിപ്പിക്കുകയും കഥ മുന്നോട്ട് പോകുന്തോറും ഓരോ സംഭവത്തിനും പിന്നിലെ രഹസ്യം അറിയാനുള്ള ആകാംക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. ഭൂതകാലവും വർത്തമാനവും കൂട്ടിയിണക്കുന്ന അവതരണം നോവലിന് ഒരു പ്രത്യേക ഭംഗി നൽകുന്നു.
നോവലിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ അന്തരീക്ഷമാണ്. ഹൊറർ, മിസ്റ്ററി, വൈകാരികത എന്നിവയുടെ സമന്വയം വായനയെ ആസ്വാദ്യകരമാക്കുന്നു. എഴുത്തുകാരന്റെ ലളിതമായ ഭാഷയും സിനിമാറ്റിക് അവതരണവും പുസ്തകത്തെ വേഗത്തിൽ വായിച്ചുതീർക്കാൻ സഹായിക്കുന്നു. ചില ട്വിസ്റ്റുകൾ നന്നായി പ്രവർത്തിക്കുകയും കഥയുടെ ഒഴുക്ക് അവസാനവരെ നിലനിർത്തുകയും ചെയ്യുന്നു.
അതേസമയം, ചില കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി ആഴം നൽകിയിരുന്നെങ്കിൽ കഥയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കുമായിരുന്നു. ചില ഭാഗങ്ങളിൽ കഥയുടെ വേഗത അല്പം കുറയുന്നതായും ചില സംഭവവികാസങ്ങൾ കൂടുതൽ വിശദീകരിക്കാമായിരുന്നുവെന്നും തോന്നി. ഹൊറർ ഘടകങ്ങൾ ഉണ്ടെങ്കിലും, എല്ലാ ഭാഗങ്ങളും ഒരേ തീവ്രതയിൽ ഭയം സൃഷ്ടിക്കുന്നില്ല. മൊത്തത്തിൽ, സൈറ മികച്ച ആശയവും ആകർഷകമായ അവതരണവും കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു നോവലാണ്.
വായനയിലേക്ക് കടന്നുവരുന്ന തുടക്കക്കാർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഒരു കിടിലൻ പുസ്തകമാണ്. സ്ഥിരം പ്രേതകഥകളിൽ നിന്ന് മാറി, 'വൂഡൂ' പശ്ചാത്തലത്തിൽ ജന്മജന്മാന്തരങ്ങളായി നീളുന്ന പ്രതികാരത്തിന്റെ കഥയാണ് ഈ നോവൽ പറയുന്നത്.
മികച്ചൊരു സിനിമാറ്റിക് ഹൊറർ അനുഭവമാണ് ഓരോ അധ്യായവും വായനക്കാർക്ക് സമ്മാനിക്കുന്നത്.